Uae
യു എ ഇ: പ്രായപൂർത്തിയാകാത്തവരുമായുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ; നിയമം കർശനമാക്കി
10 വർഷം തടവും ഒരു ലക്ഷം പിഴയും
അബൂദബി| പ്രായപൂർത്തിയാകാത്തവരുമായി ബന്ധപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങൾക്കും വേശ്യാവൃത്തിക്കും എതിരെ യു എ ഇ സർക്കാർ നിയമം കർശനമാക്കി. കുറ്റകൃത്യങ്ങൾക്കും ശിക്ഷകൾക്കും ഉള്ള ഫെഡറൽ നിയമത്തിലാണ് പുതിയ ഭേദഗതി വരുത്തിയത്. കുറ്റവാളികളുടെ “ക്രിമിനൽ റിസ്‌ക്’ (കുറ്റകൃത്യം ആവർത്തിക്കാനുള്ള സാധ്യത) വിലയിരുത്താനുള്ള അധികാരവും നീതിന്യായ വ്യവസ്ഥയ്ക്ക് നൽകുന്നതാണ് പുതിയ മാറ്റങ്ങൾ.
18 വയസ്സ് പൂർത്തിയായ ഒരാൾ 18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയുമായോ അല്ലെങ്കിൽ സ്വവർഗത്തിൽപ്പെട്ട ആരുമായോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ പത്ത് വർഷത്തിൽ കുറയാത്ത തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കും. ഉഭയകക്ഷി സമ്മതപ്രകാരമാണെന്ന് വാദിച്ചാലും ശിക്ഷയിൽ ഇളവ് ലഭിക്കില്ല.
ഇരയ്ക്ക് 16 വയസ്സ് പൂർത്തിയായിട്ടില്ലെങ്കിൽ അവരുടെ സമ്മതം നിയമപരമായി അംഗീകരിക്കില്ല. അതേസമയം, ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക കൃത്യങ്ങളിൽ ഏർപ്പെടുന്നവർ 18 വയസ്സിൽ താഴെയുള്ളവരാണെങ്കിൽ ജുവനൈൽ നിയമപ്രകാരമായിരിക്കും നടപടി സ്വീകരിക്കുക.
വേശ്യാവൃത്തിക്കോ അധാർമിക പ്രവർത്തനങ്ങൾക്കോ പ്രേരിപ്പിക്കുന്നവർക്കുള്ള ശിക്ഷയും വർധിപ്പിച്ചു. ഇവർക്ക് രണ്ട് വർഷത്തിൽ കുറയാത്ത തടവും പിഴയും ലഭിക്കും. ഇര 18 വയസ്സിൽ താഴെയുള്ള കുട്ടിയാണെങ്കിൽ ശിക്ഷ ഇതിലും കടുപ്പമേറിയതായിരിക്കും. കുട്ടികളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർ ശിക്ഷാ കാലാവധി കഴിയാറായ അവസാന ആറ് മാസങ്ങളിൽ വൈദ്യ, മാനസിക, സാമൂഹിക പരിശോധനകൾക്ക് വിധേയരാകണം. കുറ്റവാളിയുടെ ചരിത്രവും പെരുമാറ്റവും വിലയിരുത്തി അവർ വീണ്ടും കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടോ എന്ന് പരിശോധിക്കും. പൊതുസുരക്ഷ കണക്കിലെടുത്ത് പബ്ലിക് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം കോടതിക്ക് ഇവർക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാം. റീഹാബിലിറ്റേഷൻ സെന്ററുകളിലേക്കോ ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റുക, ഇലക്ട്രോണിക് നിരീക്ഷണം ഏർപ്പെടുത്തുക എന്നിവ ഇതിൽ ഉൾപ്പെടാം.
രാജ്യസുരക്ഷയെ ബാധിക്കുന്ന ചില കുറ്റകൃത്യങ്ങളിൽ അറ്റോർണി ജനറലിന്റെ അഭ്യർഥന പ്രകാരം തടവുശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ കോടതിക്ക് അധികാരമുണ്ടാകും. കുറ്റവാളിയിൽ മാറ്റമുണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമാണ് ഇത് അനുവദിക്കുക. എന്നാൽ വ്യവസ്ഥകൾ ലംഘിക്കുകയോ പുതിയ കുറ്റകൃത്യം ചെയ്യുകയോ ചെയ്താൽ ഇളവ് റദ്ദാക്കും.



