Uae
യു എ ഇ കോടീശ്വരന്മാരുടെ ഇഷ്ടകേന്ദ്രം
2024ൽ കുടിയേറിയത് 13,000 സമ്പന്നർ

ദുബൈ| കഴിഞ്ഞ വർഷം യു എ ഇയിലെ ഡോളർ മില്യണയർമാരുടെ എണ്ണത്തിൽ 13,000 പേരുടെ വർധന. യു ബി എസിന്റെ ഏറ്റവും പുതിയ “ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് 2025′ അനുസരിച്ചാണിത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 5.8 ശതമാനം കൂടുതലാണ്. യു എ ഇയിൽ പുതുതായി കുടിയേറിയ ഈ സമ്പന്നരിൽ നല്ലൊരു ശതമാനം ആളുകളും താമസം മാറിയെത്തിയവരാണ്. കഴിഞ്ഞ നാല് വർഷമായി ഈ സ്ഥിതി തുടരുകയാണ്.
ലോകത്തിന്റെ പല ഭാഗങ്ങളിലും കോടീശ്വരന്മാരുടെ എണ്ണത്തിൽ ഈ വർഷം കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് സ്വിസ് ബേങ്കിന്റെ റിപ്പോർട്ടിലും പറയുന്നു. യു എ ഇയിലെ ബേങ്കിംഗ്, പ്രോപ്പർട്ടി മാർക്കറ്റ് വിദഗ്ദ്ധർ നിക്ഷേപ മേഖലയെ സ്വാധീനിക്കുന്ന വലിയ തോതിലുള്ള ഇടപാടുകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. പ്രോപ്പർട്ടി സ്ഥാപനമായ നൈറ്റ് ഫ്രാങ്കിന്റെ പുതിയ റിപ്പോർട്ടിൽ സഊദി, ഇന്ത്യ, ചൈന, യു കെ എന്നിവിടങ്ങളിൽ നിന്നുള്ള അതിസമ്പന്നർ യു എ ഇയിൽ വലിയ നിക്ഷേപം നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. ജുമൈറ ബേ ദ്വീപ് പോലുള്ള ചില സ്ഥലങ്ങളിൽ ഇടപാടുകളുടെ വലുപ്പം വർധിച്ചു വരുന്നതായും റിപ്പോർട്ടിൽ പറയുന്നു.