Connect with us

Articles

ദുസ്സഹമായ 11 വര്‍ഷങ്ങള്‍

രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് അത്യാപത്കരമായ സാഹചര്യമാണ്. നിരന്തരമായ ഭീകരാക്രമണങ്ങള്‍, വര്‍ഗീയ ലഹളകള്‍, കര്‍ഷക ആത്മഹത്യ, സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതാകല്‍, എണ്ണവില വര്‍ധന, രൂക്ഷമായ വിലക്കയറ്റം, രൂക്ഷമായ തൊഴിലില്ലായ്മ തുടങ്ങിയവയാണ് ബി ജെ പി ഭരണത്തിന്റെ ബാക്കിപത്രം.

Published

|

Last Updated

മോദി സര്‍ക്കാറിന്റെ 11 വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചത് ഉത്തരവാദിത്വമില്ലായ്മക്കും പ്രചാരവേലകള്‍ക്കും മാത്രമാണെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ വിമര്‍ശനത്തിന്റെ പ്രസക്തിയും പ്രാധാന്യവും ആര്‍ക്കും ബോധ്യപ്പെടും.

‘നല്ല നാളുകള്‍ വരവായി’ എന്ന് പറഞ്ഞ് മോദി ജനങ്ങളെ ആവേശം കൊള്ളിച്ചിരുന്നു. എന്നാല്‍ നല്ല നാളുകള്‍ വന്നത് സാധാരണക്കാര്‍ക്കായിരുന്നില്ല. വിരലില്‍ എണ്ണാവുന്ന അംബാനി, അദാനി തുടങ്ങിയ കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് മാത്രമായി മാറി നല്ല നാളുകള്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്തുമെന്നും രണ്ട് കോടി തൊഴിലവസരങ്ങള്‍ ഓരോ വര്‍ഷവും സൃഷ്ടിക്കുമെന്നും ആഭ്യന്തര സുരക്ഷയില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുമെന്നും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പ്രധാന നയപ്രഖ്യാപനങ്ങളായിരുന്നു.

ഗുരുതരമായ ഭരണ വീഴ്ചകള്‍ ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാന്‍ പരസ്യമായി മുസ്ലിം വിദ്വേഷം തിരഞ്ഞെടുപ്പ് വേദികളില്‍ പ്രചരിപ്പിക്കുകയാണ് നരേന്ദ്ര മോദി ചെയ്തത്. അധികാരത്തിലേറി നൂറ് ദിവസത്തിനകം രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം 15 ലക്ഷം രൂപ വീതം നല്‍കുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചെങ്കിലും ഒരു രൂപ പോലും ആര്‍ക്കും ലഭിച്ചില്ല. രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് അത്യാപത്കരമായ സാഹചര്യമാണ്. നിരന്തരമായ ഭീകരാക്രമണങ്ങള്‍, വര്‍ഗീയ ലഹളകള്‍, കര്‍ഷക ആത്മഹത്യ, സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതാകല്‍, എണ്ണവില വര്‍ധന, രൂക്ഷമായ വിലക്കയറ്റം, രൂക്ഷമായ തൊഴിലില്ലായ്മ തുടങ്ങിയവയാണ് ബി ജെ പി ഭരണത്തിന്റെ ബാക്കിപത്രം.

രാഷ്ട്രസുരക്ഷ കനത്ത വെല്ലുവിളി നേരിടുകയാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കശ്മീരിലും പഞ്ചാബിലും നിരന്തരം ഭീകരാക്രമണങ്ങള്‍ നടക്കുകയുണ്ടായി. ഭീകരാക്രമണങ്ങളില്‍ നൂറുകണക്കിന് സൈനികര്‍ക്കും സിവിലിയന്മാര്‍ക്കും ജീവഹാനി സംഭവിച്ചു. പുല്‍വാമയില്‍ മാത്രം 40 സൈനികര്‍ ഭീകരാക്രമണത്തിന് ഇരയായി വീരമൃത്യു വരിച്ചു. 2019ല്‍ 40 സൈനികരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നേരിട്ട ഏറ്റവും ഭീകരമായ ആക്രമണമാണ് പഹല്‍ഗാമിലേത്. മനുഷ്യത്വത്തിന് നേരെയുള്ള കടന്നാക്രമണം എന്നാണ് ലോകനേതാക്കള്‍ അതിനെ വിശേഷിപ്പിക്കുന്നത്. കാരണം ബലിയാടായത് നിരായുധരായ നിരപരാധികളാണ്.

അസഹിഷ്ണുതയുടെ പതിറ്റാണ്ട്
മതപരമായ അസഹിഷ്ണുതയുടെ പേരില്‍ ഒരു കൂട്ടര്‍ വെറുപ്പും വിദ്വേഷവും കെട്ടഴിച്ചുവിട്ടു. എഴുത്തുകാരും സാംസ്‌കാരിക നായകരും സാധാരണക്കാരും കൊലചെയ്യപ്പെട്ടു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രാജ്യത്ത് സ്വാതന്ത്ര്യമെന്ന മൗലികാവകാശം ഹനിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടത്. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഫാസിസ്റ്റ് ഭരണത്തില്‍ ചോദ്യം ചെയ്യപ്പെട്ടു. ഡോ. കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, രോഹിത് വെമുല, ഗൗരി ലങ്കേഷ് തുടങ്ങിയവര്‍ രക്തസാക്ഷികളായി. ഗോവധ നിരോധന നിയമം കര്‍ശനമാക്കാന്‍ ബീഫ് വില്‍ക്കുന്നതും കഴിക്കുന്നതും കുറ്റകരമാക്കി. പശുവിന്റെ പേരില്‍ എണ്ണമറ്റ ആള്‍ക്കൂട്ടാക്രമണങ്ങളും കൊലപാതകങ്ങളും രാജ്യത്ത് അരങ്ങേറി. മുഹമ്മദ് അഖ്ലാഖ്, പെഹ്ലൂഖാന്‍, ജുനൈദ്, അക്ബര്‍ഖാന്‍ തുടങ്ങി നിരവധി പേര്‍ രക്തസാക്ഷികളായി.

നോട്ട് പ്രതിസന്ധി
രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ദുരിതത്തിലാക്കിയ സംഭവമായിരുന്നു നോട്ട് അസാധുവാക്കല്‍. വിപണിയില്‍ ഉയര്‍ന്ന മൂല്യങ്ങളുള്ള നോട്ടുകളില്‍ 40 ശതമാനത്തോളം കള്ളപ്പണമാകുമെന്ന വിശ്വാസമാണ് അധികൃതര്‍ക്കുണ്ടായിരുന്നത്. 16.24 ലക്ഷം കോടിയുടെ കറന്‍സികളാണ് നോട്ടുകള്‍ അസാധുവാക്കുന്ന സമയത്ത് രാജ്യത്ത് നിലവിലുണ്ടായിരുന്നത്. അതില്‍ 14 ലക്ഷം കോടിയും 1000, 500 രൂപ നോട്ടുകളായിരുന്നു. അസാധു നോട്ടിന്റെ 90 ശതമാനത്തിലധികം ബേങ്കില്‍ തിരികെ എത്തിയതോടെ അധികൃതരുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. നോട്ടുകള്‍ പിന്‍വലിച്ച നടപടിയെ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഈ മിന്നലാക്രമണത്തില്‍ ഒരു കള്ളപ്പണക്കാരനും പരുക്കേറ്റില്ല എന്നതാണ് വാസ്തവം. പണം പിന്‍വലിക്കാനും മാറ്റാനുമായി രാപ്പകല്‍ ക്യൂവില്‍ നിന്ന് മരിച്ചവരും തളര്‍ന്ന് വീണവരും ആത്മഹത്യ ചെയ്തവരും കല്യാണം മുടങ്ങിയവരും തൊഴില്‍ നഷ്ടപ്പെട്ടവരും ചികിത്സ നിഷേധിക്കപ്പെട്ടവരും പഠനം ഉപേക്ഷിക്കേണ്ടി വന്നവരും മറ്റും കള്ളപ്പണക്കാരുടെ കുടുംബത്തില്‍പ്പെട്ടവരല്ല. അവരെല്ലാം ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ മാത്രമാണ്. നോട്ട് അസാധുവാക്കല്‍ ഉത്പാദന മേഖലയിലും തൊഴില്‍ മേഖലയിലും സ്തംഭനാവസ്ഥ സൃഷ്ടിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഏറ്റവും വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. അന്താരാഷ്ട്ര സാമ്പത്തിക കുറ്റവാളി ലളിത് മോദിക്കും വിജയ് മല്യക്കും മോദി സര്‍ക്കാര്‍ പിന്തുണയും സംരക്ഷണവും നല്‍കി. രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍ മോദി സര്‍ക്കാര്‍ വിറ്റഴിച്ചു. രാഷ്ട്രസമ്പത്ത് അംബാനി, അദാനി തുടങ്ങിയ കോര്‍പറേറ്റ് ഭീമന്മാരുടെ കൈകളിലെത്തി.

ജീവിതം ദുസ്സഹമാക്കി വിലക്കയറ്റം
നയപ്രഖ്യാപനത്തിലെ പ്രധാന ഇനമായിരുന്നു വിലക്കയറ്റം തടയുമെന്നത്. മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ക്കുണ്ടായിരുന്ന വില ഇന്നത്തെ വിലയേക്കാള്‍ വളരെ കുറവായിരുന്നു. അരി, പഞ്ചസാര, ശര്‍ക്കര, ആട്ട, മൈദ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില കുത്തനെ വര്‍ധിക്കുകയാണ് ചെയ്തത്. നിത്യോപയോഗ സാധനങ്ങളുടെ വിലയെ ഗണ്യമായി സ്വാധീനിക്കുന്ന ഇന്ധന വില കുറക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യയില്‍ ഇന്ധന വിലയില്‍ കുറവ് ലഭിക്കുന്നില്ല. മനുഷ്യജീവന്‍ നിലനിര്‍ത്താനാവശ്യമായ മരുന്നിനും ഭക്ഷണത്തിനും വെള്ളത്തിനും മോദി സര്‍ക്കാര്‍ ജി എസ് ടി ഏര്‍പ്പെടുത്തി. നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടെ വിലനിയന്ത്രണ അധികാരം എടുത്തുമാറ്റി. ഔഷധ വിലകള്‍ സാധാരണക്കാരന് താങ്ങാനായില്ല. ജീവന്‍രക്ഷാ മരുന്നുകളുടെ വിലകള്‍ കുതിച്ചുയര്‍ന്നു.

വിദേശ കടബാധ്യത
2014ല്‍ രാജ്യത്തിന്റെ വിദേശ കടം 58.6 ലക്ഷം കോടി രൂപയായിരുന്നു. 2023ല്‍ വിദേശ കടം 155.6 ലക്ഷം കോടി രൂപയായി. മാര്‍ച്ച് 2024 ആയപ്പോഴേക്കും വിദേശ കടം 168.72 ലക്ഷം കോടി രൂപയായി കുതിച്ചുയര്‍ന്നു. സ്വതന്ത്ര ഇന്ത്യയുടെ വിദേശകടം ഒരു സര്‍വകാല റെക്കോര്‍ഡ് ആയി.

കര്‍ഷക ആത്മഹത്യ
2014-2022 വര്‍ഷത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 1,00,474. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കാണിത്.

കാണാതായ സ്ത്രീകളും കുട്ടികളും
2019 മുതല്‍ 2021 വരെ (മൂന്ന് വര്‍ഷത്തില്‍) ഇന്ത്യയില്‍ നിന്ന് കാണാതായ സ്ത്രീകളുടെ എണ്ണം 10,61,648 ആണ്. പെണ്‍കുട്ടികളുടെ എണ്ണം 2,51,430 (നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്). ആകെ 13.13 ലക്ഷം.

രൂക്ഷമായ തൊഴിലില്ലായ്മ
ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട റിപോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ 29.1 ശതമാനമാണ്. ആഗോള നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്നതാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ. അസ്വസ്ഥരായ യുവാക്കളുടെ നാടായി മാറി ഇന്ത്യ.

ചരിത്രത്തിന് നേരെ
ദേശീയ നേതാക്കളെ ചരിത്രത്തില്‍ നിന്ന് തുടച്ചുനീക്കി, പുതുതലമുറയെ പുതിയ ചരിത്രം പഠിപ്പിക്കാനുള്ള നീക്കം ഇന്ന് അണിയറയില്‍ സജീവമാണ്. എന്‍ സി ഇ ആര്‍ ടി പാഠപുസ്തകത്തില്‍ നിന്ന് ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബ്ദുല്‍ കലാം ആസാദിനെ നീക്കം ചെയ്തു. രാജ്യത്തെ മികവുറ്റ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടത് ആസാദായിരുന്നു. യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍, എന്‍ ഐ ടി, ഐ ഐ ടി, സെക്കന്‍ഡറി എജ്യുക്കേഷന്‍ കമ്മീഷന്‍, കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍, കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, സംഗീതനാടക അക്കാദമി തുടങ്ങിയ ഒട്ടനവധി സ്ഥാപനങ്ങള്‍ ആസാദിന്റെ സംഭാവനകളാണ്. മുഗള്‍ ഭരണകാലം, മഹാത്മാഗാന്ധി വധം, ആര്‍ എസ് എസ് നിരോധനം, ഗുജറാത്ത് കലാപം തുടങ്ങിയവ നേരത്തേ എന്‍ സി ഇ ആര്‍ ടി പാഠപുസ്തകത്തില്‍ നിന്ന് നീക്കിയിരുന്നു.

അമൃത മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര വാര്‍ത്താ വിനിമയ പ്രസാരണ വകുപ്പ് നടത്തിയ ചിത്രപ്രദര്‍ശനത്തില്‍, ദേശീയ നേതാക്കളായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനും മൗലാനാ അബ്ദുല്‍ കലാം ആസാദിനും സ്ഥാനമുണ്ടായിരുന്നില്ല. അവരുടെ പൈതൃകം മറച്ചുവെക്കാനും തുടച്ചുനീക്കാനുമുള്ള ഗൂഢശ്രമമാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം നടത്തിയത്. ഒരു രാഷ്ട്രത്തിന്റെ രൂപവത്കരണത്തില്‍ ചരിത്രബോധത്തിന് നിര്‍ണായക പങ്കുണ്ട്. ഒരു രാഷ്ട്രം ഭാവിയിലേക്ക് കണ്ണോടിക്കുന്നതിനൊപ്പം ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കുകയും ചെയ്യുന്നു. ഒരു രാഷ്ട്രത്തിന്റെ സ്വത്വം നിലനിര്‍ത്തുന്നത് ഈ ചരിത്രബോധമാണ്. ഇപ്പോള്‍ നടക്കുന്നത് ഭരണഘടനയോടുള്ള അവഹേളനവും ചരിത്രനിഷേധവുമാണ്.

ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട നെഹ്റു, അഹമ്മദ് നഗര്‍ കോട്ട ജയിലില്‍ വെച്ച് രചിച്ച ലോകപ്രശസ്ത ഗ്രന്ഥമാണ് ‘ഡിസ്‌കവറി ഓഫ് ഇന്ത്യ’ (ഇന്ത്യയെ കണ്ടെത്തല്‍). രാഷ്ട്രശില്‍പ്പി നെഹ്റു എഴുതി: ‘ജാതി, മതം, ഭാഷ, ആചാരം, സംസ്‌കാരം ഈ തലങ്ങളിലെല്ലാം ഇവിടെ വൈവിധ്യമുണ്ട്. ബഹുസ്വരത ഇന്ത്യയുടെ സവിശേഷതയാണ്. എല്ലാം ഒരുമിച്ച് പുലരുകയും വളരുകയും ചെയ്യുന്നതാണ് അഭികാമ്യമായ മാര്‍ഗം.’

 

---- facebook comment plugin here -----

Latest