Connect with us

Kerala

ആണ്‍സുഹൃത്തുമായി സംസാരിച്ചത് ഒരു സംഘം ചോദ്യം ചെയ്തു; കണ്ണൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

പ്രതികള്‍ റസീനയുടെ ആണ്‍ സുഹൃത്തിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചിരുന്നു.

Published

|

Last Updated

കണ്ണൂര്‍| കണ്ണൂരിലെ കായലോട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പറമ്പായി സ്വദേശികളായ വി സി മുബഷിര്‍, കെ എ ഫൈസല്‍, വി കെ റഫ്‌നാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കായലോട് പറമ്പായിലെ റസീന ജീവനൊടുക്കിയതിനെതുടര്‍ന്നാണ് യുവാക്കളെ പോലീസ് പിടികൂടിയത്. ഞായറാഴ്ച റസീന മയ്യില്‍ സ്വദേശിയായ ആണ്‍ സുഹൃത്തുമായി സംസാരിച്ചത് ഒരു സംഘം ചോദ്യം ചെയ്തിരുന്നു. പ്രതികളും കണ്ടാലറിയുന്ന ചിലരും ചോദ്യം ചെയ്യുകയും കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തി അപമാനിച്ചെന്നും റസീനയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

റസീനയുടെ മാതാപിതാക്കളെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ്‍ സുഹൃത്തിനെ സമീപത്തെ മൈതാനത്തിലെത്തിച്ച് മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. യുവാവിന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും ടാബും പ്രതികള്‍ കൈക്കലാക്കുകയും ചെയ്തു. പിന്നാലെയാണ് റസീനയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റു ചെയ്തത്.

 

 

---- facebook comment plugin here -----

Latest