Uae
ദുബൈയിലേക്കുള്ള കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നേക്കും
വിമാനങ്ങളുടെ റൊട്ടേഷനിലും ജീവനക്കാരുടെ ഷെഡ്യൂളുകളിലുമുണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കാൻ ചില വിമാനങ്ങൾ പൂർണമായും റദ്ദാക്കുകയാണ്.
ദുബൈ| മിഡിൽ ഈസ്റ്റിലെ സംഘർഷ മേഖലയ്ക്ക് പുറത്തുള്ള ചില റൂട്ടുകളിൽ നിന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുന്നത് വർധിച്ചുവരുന്നു. ഫ്ലൈറ്റ് റാഡാർ 24, ഫ്ലൈറ്റ് അവെയർ എന്നിവയുടെ പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം കൂടുതൽ രാജ്യങ്ങളിൽ നിന്ന് വിമാനയാത്രയിൽ അനിശ്ചിതത്വം ഉണ്ടായിവരികയാണ്. ഇറാൻ – ഇസ്റാഈൽ സംഘർഷത്തെത്തുടർന്ന് ജൂൺ 13 മുതൽ പ്രാബല്യത്തിൽ വന്ന വ്യോമാതിർത്തി തടസ്സമാണ് ഈ റദ്ദാക്കലുകൾ വർധിക്കാൻ കാരണം. ഇത് ലോകമെമ്പാടുമുള്ള വിമാന സമയപ്പട്ടികകളിൽ പ്രതിഫലിക്കുന്നുണ്ട്.
ഏഷ്യ, യൂറോപ്പ്, ഗൾഫ് മേഖല എന്നിവിടങ്ങളിലേക്കുള്ള പ്രധാന യാത്രാ റൂട്ടുകളാണ് അടച്ചിട്ട വ്യോമാതിർത്തിയിലൂടെ കടന്നുപോകുന്നത്. ഈ പ്രതിസന്ധി കാരണം വിമാനക്കമ്പനികൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുന്നു. ഇത് യാത്രാസമയം വർധിപ്പിക്കുന്നു. കൂടാതെ, വിമാനങ്ങളുടെ റൊട്ടേഷനിലും ജീവനക്കാരുടെ ഷെഡ്യൂളുകളിലുമുണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കാൻ ചില വിമാനങ്ങൾ പൂർണമായും റദ്ദാക്കുകയാണ്.
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളുടെ റദ്ദാക്കൽ നിരക്ക് വളരെ കൂടുതലാണ്. വേനൽക്കാലമായതിനാൽ യാത്രാതിരക്ക് കൂടുതലുള്ളതിനാലും റൂട്ട് മാറ്റാനുള്ള ശേഷി കുറവായതിനാലും വിമാനക്കമ്പനികൾ ദീർഘദൂര റൂട്ടുകൾക്കും കൂടുതൽ ആവശ്യക്കാരുള്ള റൂട്ടുകൾക്കും മുൻഗണന നൽകുകയാണ്. ഇതാണ് സാധാരണ റൂട്ടുകളിലെ വിമാനങ്ങൾ റദ്ദാക്കാൻ കാരണമാകുന്നു.







