International
ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ കൂറ്റന്‍ നാവികപ്പട നീങ്ങുന്നു; സ്ഥിരീകരിച്ച് ട്രംപ്
മുന്‍കരുതല്‍ നടപടിയാണെന്നും ഉടന്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ട്രംപ്
വാഷിംഗ്ടണ്‍ | ഇറാന്‍ ലക്ഷ്യമാക്കി അമേരിക്കയുടെ കൂറ്റന്‍ നാവികപ്പട നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിന് ശേഷം മടങ്ങവെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും ട്രംപ് പറഞ്ഞു.എന്നാല്‍ ഇതൊരു മുന്‍കരുതല്‍ നടപടിയാണെന്നും ഉടന്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനില്‍ നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയാല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ തകര്‍ക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇറാന്‍ ഭരണകൂടം 837 പ്രതിഷേധക്കാരുടെ വധശിക്ഷ റദ്ദാക്കിയത് തന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാനുമായി ബിസിനസ്സ് ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 25 ശതമാനം താരിഫ് ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കി.
യു എസിന്റെ വിമാനവാഹിനി കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കണ്‍ കാരിയറാണ് ഗള്‍ഫ് മേഖലയിലേക്ക് നീങ്ങുന്നതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനെതിരെ നീക്കമുണ്ടായാല്‍ ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന് നേരത്തെ ഇറാന്‍ തിരിച്ചടിച്ചിരുന്നു.




