Kerala
പോറ്റിക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്; യുഡിഎഫിന് കുരുക്ക് മുറുകുന്നു
സ്വന്തം മണ്ഡലത്തിലെയാള്‍ എന്ന തരത്തിലുള്ള പരിചയം മാത്രമാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ളത് എന്നായിരുന്നു അടൂര്‍ പ്രകാശ് നേരത്തെ പറഞ്ഞിരുന്നത്
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു. ബെംഗളൂരുവില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. സമ്മാനം കൈമാറുന്നതും ചിത്രത്തിലുണ്ട്. ബെംഗളൂരുവില്‍ നിന്നുള്ള ചിത്രങ്ങളില്‍ പോറ്റിയുടെ സുഹൃത്തായ രമേഷ് റാവുവും ഒപ്പമുണ്ട്. ചിത്രങ്ങള്‍ പുറത്തുവന്നത് യുഡിഎഫിന് കൂടുതല്‍ കുരുക്കായി മാറുകയാണ്.
സ്വന്തം മണ്ഡലത്തിലെയാള്‍ എന്ന തരത്തിലുള്ള പരിചയം മാത്രമാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ളത് എന്നായിരുന്നു അടൂര്‍ പ്രകാശ് നേരത്തെ പറഞ്ഞിരുന്നത്.അതേ സമയം പോറ്റിയുടെ പുളിമാത്തെ തറവാട്ട് വീട്ടില്‍ അടൂര്‍ പ്രകാശ് എത്തിയിരുന്നുവെന്ന് അയല്‍വാസിയായ വിക്രമന്‍ നായര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പോറ്റിയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും അടൂര്‍ പ്രകാശ് പങ്കെടുത്തിരുന്നു. സോണിയ ഗാന്ധിയെ കാണാന്‍ പോറ്റി ഡല്‍ഹിയിലെത്തിയപ്പോഴും അടൂര്‍ പ്രകാശ് ഒപ്പമുണ്ടായിരുന്നു.
തന്റെ മണ്ഡലത്തിലെ വോട്ടറായതിനാല്‍ സോണിയ ഗാന്ധിയെ കാണാന്‍ പോയപ്പോള്‍ തന്നെയും ഒപ്പം കൂട്ടിയെന്നായിരുന്നു അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് അന്ന് പ്രതികരിച്ചത്.




