National
ത്രിപുര: കളം നിറഞ്ഞ് ചതുഷ്‌കോണ മത്സരം
ബി ജെ പിക്കായി അമിത് ഷായെത്തും • രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും കോൺഗ്രസ്സ്- ഇടത് സഖ്യത്തിനായി വരും

അഗർത്തല | ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോൾ ശക്തമായ ചതുഷ്‌കോണ മത്സരത്തിൻ്റെ പ്രതീതിയാണ് സംസ്ഥാനത്തെങ്ങും. അധികാരം നിലനിർത്താൻ ബി ജെ പിയും അധികാരത്തിലേക്ക് തിരിച്ചെത്താൻ കോൺഗ്രസ്സിനെ കൂട്ടുപിടിച്ച് സി പി എമ്മും നാടിളക്കിയുള്ള പ്രചാരണമാണ് നടത്തുന്നത്.
എന്നാൽ, ബി ജെ പിയുടെയും ഇടതുസഖ്യത്തിൻ്റെയും പ്രചാരണത്തിന് കിടപിടിക്കുന്ന റാലികളും പൊതുസമ്മേളനങ്ങളുമാണ് തൃണമൂൽ കോൺഗ്രസ്സും ഗ്രേറ്റർ തിപ്ര ലാൻഡ് എന്ന ആവശ്യമുയർത്തുന്ന പ്രാദേശിക പാർട്ടിയായ തിപ്രമോതയും സംഘടിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയ, നാഗാലാൻഡ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളേക്കാൾ പ്രാധാന്യം ത്രിപുരക്കാണ് പാർട്ടികൾ നൽകുന്നത്.
ബി ജെ പിക്കായി ഈ ആഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ പ്രചാരണത്തിനിറങ്ങും. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇതിനകം പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഇന്ന് അഗർത്തലയിലെത്തുന്ന അമിത് ഷാ ഖൊവായ്, സാന്തിർ ബസാർ ജില്ലകളിൽ രണ്ട് റാലികളിൽ പങ്കെടുക്കും. ശേഷം അഗർത്തലയിൽ റോഡ് ഷോ നയിക്കും. രാജ്‌നാഥ് സിംഗും യോഗി ആദിത്യനാഥും നാളെയാണ് പ്രചാരണത്തിനെത്തുക.
തൃണമൂൽ കോൺഗ്രസ്സിനായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷയുമായ മമതാ ബാനർജിയാണ് എത്തുന്നത്. ഇന്ന് അഗർത്തലയിലെത്തുന്ന മമത ഉദയ്പൂരിലേക്ക് പോകും. നാളെ മാതാ ത്രിപുരേശ്വരി ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷം പാർട്ടിയുടെ പദയാത്രയിൽ പങ്കെടുക്കും.
രാജകുടുംബാംഗവും തിപ്രമോത തലവനുമായ പ്രദ്യോത് മാണിക്യ ദേബ്്ബർമനാണ് അവരുടെ സ്റ്റാർ ക്യാമ്പയിനർ.
കോൺഗ്രസ്സ്- ഇടതുസഖ്യത്തിനായി വരും ദിവസങ്ങളിൽ രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും പ്രചാരണത്തിനെത്തും. തിപ്രമോതയുമായി സി പി എമ്മും ബി ജെ പിയും സഖ്യത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
അതേസമയം, ബി ജെ പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് തൃണമൂൽ കോൺഗ്രസ്സും തിപ്രമോതയും പ്രഖ്യാപിച്ചു.
ബംഗാൾ മോഡൽ വികസനം
പാർട്ടി അധികാരത്തിലിരിക്കുന്ന പശ്ചിമ ബംഗാളിലേതിന് സമാനമായ സാമൂഹിക ക്ഷേമ പദ്ധതികളാണ് തൃണമൂൽ കോൺഗ്രസ്സ് ത്രിപുരയിൽ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. രണ്ട് ലക്ഷം പുതിയ തൊഴിലസവസരങ്ങൾ, നാല് മുതൽ എട്ട് വരെയുള്ള വിദ്യാർഥികളും തൊഴിൽ രഹിതരായ യുവാക്കൾക്കും പ്രതിമാസം 1000 രൂപ തുടങ്ങിയ ജനപ്രിയ വാഗ്ദാനങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. എല്ലാ വീട്ടിലും കുടിവെള്ളം, റോഡ് വികസനം, പട്ടികജാതി- പട്ടിക വർഗ സ്‌കോളർഷിപ്പ്, കർഷക പെൻഷൻ എന്നിവയും തൃണമൂൽ മുന്നോട്ടുവെക്കുന്നു.
28 സീറ്റുകളിലാണ് തൃണമൂൽ കോൺഗ്രസ്സ് മത്സരിക്കുന്നത്. പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബർത്യ ബസു, രാജ്യസഭാ എം പി സുഷ്മിത ദേവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രചാരണം.