National
ത്രിപുര: കോൺഗ്രസ്സ്- സി പി എം ധാരണ മറികടക്കാൻ വി ഐ പി പ്രചാരണവുമായി ബി ജെ പി
അമിത് ഷാ, ജെ പി നഡ്ഡ രാജ്നാഥ് സിംഗ്, യോഗി ആദിത്യനാഥ്, ഹിമന്ത ബിശ്വ ശർമ തുടങ്ങിയവർ ത്രിപുരയിലെത്തി. നരേന്ദ്ര മോദി മൂന്ന് ദിവസം സംസ്ഥാനത്ത്

അഗർത്തല | പരമ്പരാഗത ഭിന്നത മാറ്റിവെച്ച് കോൺഗ്രസ്സും സി പി എമ്മും ഒന്നിച്ചിറങ്ങുമ്പോൾ ത്രിപുരയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി ബി ജെ പി. ഭരണത്തുടർച്ച തേടിയിറങ്ങുമ്പോൾ തിരിച്ചടി മുന്നിൽക്കണ്ട് പതിവില്ലാത്ത വിധം ഉന്നത നേതാക്കളുമായാണ് അവർ പ്രചാരണം കൊഴുപ്പിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തുടങ്ങിയ നേതാക്കൾ ഇന്നലെ ത്രിപുരയിൽ പ്രചാരണത്തിനിറങ്ങി.
വോട്ടെടുപ്പിന് ഏഴ് ദിവസം മാത്രം ശേഷിക്കെ, ഈ മാസം 11 മുതൽ 13 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് പ്രചാരണത്തിനിറങ്ങുമെന്നാണ് വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ തുടങ്ങിയ നേതാക്കൾ കഴിഞ്ഞ ദിവസം വിവിധ റാലികളിൽ പങ്കെടുത്തു. നാളെ വീണ്ടും ത്രിപുരയിലെത്തുന്ന നഡ്ഡ പ്രകടന പത്രിക പുറത്തിറക്കും.
2018ൽ ബി ജെ പി അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറിയതായി, ഉനകോഥിയിലെ കൈലാസഹറിൽ റാലിയെ അഭിസംബോധന ചെയ്ത് രാജ്നാഥ് സിംഗ് പറഞ്ഞു. പാവപ്പെട്ടവരുടെ രക്ഷകനെന്ന് സ്വയം അവകാശപ്പെട്ടിരുന്ന സി പി എം, പാവപ്പെട്ട ജനങ്ങളെ വർഷങ്ങളോളം ചൂഷണം ചെയ്തവരാണെന്നും അവർക്കു വേണ്ടി ഒന്നും ചെയ്തില്ലെന്നും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി.
ബി ജെ പി അധികാരത്തിൽ വരുന്നത് വരെ ത്രിപുരയിലെ ജനങ്ങൾ വർഷങ്ങളായി കമ്മ്യൂണിസ്റ്റുകളുടെയും കോൺഗ്രസ്സിന്റെയും ദുർഭരണം അനുഭവിക്കുകയായിരുന്നുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. തദ്ദേശ ഗോത്ര വിഭാഗങ്ങളെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും ഭാഷാപരവുമായി ശാക്തീകരിക്കാൻ ബി ജെ പി എല്ലാ പിന്തുണയും നൽകുമെന്ന് ഹിമന്ത ബിശ്വ ശർമ ഉറപ്പ് നൽകി. അതേസമയം, ത്രിപുര വിഭജിക്കുന്നതിന് പാർട്ടി എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.