Kerala
കോഴിക്കോട് പവര്‍ഗ്രിഡ് സബ്‌സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മര്‍ തകരാര്‍; നാല് ജില്ലകളില്‍ ഭാഗിക വൈദ്യുതി തടസ്സത്തിന് സാധ്യത
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മെയ് 25 വരെ വൈദ്യുതി തടസ്സമുണ്ടാവുക.
കോഴിക്കോട് | പവര്‍ഗ്രിഡ് കോര്‍പറേഷന്റെ കോഴിക്കോട് 400 കെ വി സബ് സ്‌റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറിന് തകരാര്‍ സംഭവിച്ചതു കാരണം നാല് ജില്ലകളില്‍ ഭാഗിക വൈദ്യുതി തടസ്സത്തിന് സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വൈദ്യുതി തടസ്സമുണ്ടാവുക.
സബ് സ്റ്റേഷനിലെ മൂന്നാമത് നമ്പര്‍ 500 എം വി എ ട്രാന്‍സ്‌ഫോര്‍മറിന്റെ 220 കെ വി ബുഷിംഗിലാണ് തകരാര്‍ കണ്ടെത്തിയത്. ട്രാന്‍സ്‌ഫോര്‍മറിന്റെ അറ്റകുറ്റപ്പണികള്‍ക്ക് മെയ് 25 വരെ സമയം വേണ്ടിവരുമെന്നാണ് പവര്‍ഗ്രിഡ് അറിയിച്ചിരിക്കുന്നത്. അതിനാല്‍ 25 വരെയുള്ള ദിവസങ്ങളിലാണ് ഭാഗിക വൈദ്യുതി നിയന്ത്രണം വേണ്ടിവരിക.
ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായതിനാല്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടായേക്കാം. അതിനാല്‍ അമിതഭാരം ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപയോഗം കുറക്കണമെന്നും കെ എസ് ഇ ബി നിര്‍ദേശിച്ചു.







