National
'സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പൂട്ടിയില്ലെങ്കില്‍ കൊലപ്പെടുത്തും'; ഭീഷണി സന്ദേശങ്ങള്‍ വരുന്നതായി കോക്രോച്ച് പാര്‍ട്ടി സ്ഥാപകന്‍
ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് സന്ദേശങ്ങള്‍ എത്തുന്നതെന്ന് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കേ. ആശങ്ക പ്രകടിപ്പിച്ച് ദീപ്‌കേയുടെ രക്ഷിതാക്കള്‍.
ന്യൂഡല്‍ഹി | കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പൂട്ടിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശങ്ങള്‍ വരുന്നതായി പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കേ. ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് സന്ദേശങ്ങള്‍ എത്തുന്നത്. ഇവയില്‍ ചിലത് ദീപ്‌കേ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു. ഭീഷണിയില്‍ ആശങ്ക പ്രകടിപ്പിച്ച് ദീപ്‌കേയുടെ രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
‘കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പൂട്ടുക. നിങ്ങള്‍ക്ക് പണം കിട്ടും. ബി ജെ പിയില്‍ ചേരുക. അല്ലെങ്കില്‍ അമേരിക്കയില്‍ വെച്ച് കൊല്ലപ്പെടും.’- സാമൂഹിക മാധ്യമമായ എക്‌സില്‍ അഭിജിത് ദീപ്‌കേ പങ്കുവച്ച സന്ദേശങ്ങളിലൊന്നില്‍ പറയുന്നു.
അതിനിടെ, കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന പേരില്‍ തുടങ്ങിയ ആക്ഷേപ ഹാസ്യ അക്കൗണ്ടുകള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ഇടപെടല്‍ ഈ അക്കൗണ്ടുകള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കണമെന്നും ഐ ബി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായാണ് സൂചന. അരാജകത്വം കൊണ്ട് ജനാധിപത്യത്തെ തകര്‍ക്കാനാവില്ലെന്നാണ് ബി ജെ പിയുടെ പ്രതികരണം.







