National
ഡല്‍ഹി കലാപക്കേസ്: ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച മുന്‍ ഉത്തരവ് പുനപ്പരിശോധിക്കാന്‍ സുപ്രീം കോടതി
ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ ഡിവിഷന്‍ ബഞ്ച് വിശാല ബഞ്ചിന് കൈമാറി.
ന്യൂഡല്‍ഹി | 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ പ്രതികളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവര്‍ക്ക് ജാമ്യം നിഷേധിച്ച മുന്‍ ഉത്തരവ് പുനപ്പരിശോധിക്കാന്‍ സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ടുള്ള ഹരജികള്‍ ഡിവിഷന്‍ ബഞ്ച് വിശാല ബഞ്ചിന് കൈമാറി.
യു എ പി എ ചുമത്തിയ ഭീകരവാദ കേസുകളില്‍ ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ സമീപകാല ഉത്തരവുകളിലെ വൈരുധ്യങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഈ വര്‍ഷം ജനുവരി അഞ്ചിന് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അഞ്ജരിയ എന്നിവരടങ്ങുന്ന ബഞ്ചാണ് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചത്. ഈ ഉത്തരവിന് പിന്നാലെ ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച്, ജാമ്യം നിഷേധിച്ച വിധി ശരിയാണോ എന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. യു എ പി എ കേസുകളില്‍ കര്‍ശനമായ നിലപാടുണ്ടെങ്കിലും വിചാരണയിലുണ്ടാകുന്ന നീണ്ട കാലതാമസം ജാമ്യം അനുവദിക്കാനുള്ള കാരണമാണെന്നും ബഞ്ച് വ്യക്തമാക്കി.
ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ യു എ പി എ ചുമത്തി 2020 സെപ്തംബറിലാണ് ഉമര്‍ ഖാലിദ് അറസ്റ്റിലായി തിഹാര്‍ ജയിലില്‍ അടക്കപ്പെട്ടത്. കോസിലെ വിചാരണയില്‍ ഇതുവരെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ചികിത്സയിലുള്ള മാതാവിനെ കാണാന്‍ മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം ഇന്ന് ഡല്‍ഹി ഹൈക്കോടതി ഉമര്‍ ഖാലിദിന് അനുവദിച്ചിട്ടുണ്ട്. ഇതിനു മുമ്പ് നിരവധി തവണ ഉമര്‍ ഖാലിദ് വിവിധ കോടതികളില്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും തള്ളപ്പെടുകയായിരുന്നു.







