National
എന്‍ സി ഇ ആര്‍ ടിയുടെ 'ജുഡീഷ്യറിയിലെ അഴിമതി' പാഠഭാഗം; മൂന്ന് അക്കാദമിക് വിദഗ്ധരെ കരിമ്പട്ടികയില്‍പ്പെടുത്തിയ നടപടി തിരുത്തി സുപ്രീം കോടതി
വിഷയത്തില്‍ ഫെബ്രുവരി 26ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ എട്ടാം ഖണ്ഡികയിലും മാറ്റം വരുത്തി.
ന്യൂഡല്‍ഹി | എന്‍ സി ഇ ആര്‍ ടിയുടെ ‘ജുഡീഷ്യറിയിലെ അഴിമതി’ പാഠഭാഗവുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവില്‍ മാറ്റം വരുത്തി സുപ്രീം കോടതി. വിവാദ പാഠഭാഗവുമായി ബന്ധപ്പെട്ട് മൂന്ന് അക്കാദമിക് വിദഗ്ധരെ കരിമ്പട്ടികയില്‍പ്പെടുത്തിയ നടപടി കോടതി തിരുത്തി. വിഷയത്തില്‍ ഫെബ്രുവരി 26ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ എട്ടാം ഖണ്ഡികയിലും മാറ്റം വരുത്തിയിട്ടുണ്ട്.
സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവില്‍ സ്വാധീനിക്കപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബഗ്ചി, ജസ്റ്റിസ് വിപുല്‍ പാഞ്ചൊലി എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു. മൂന്ന് അക്കാദമിക് വിദഗ്ധരെ ഉള്‍പ്പെടുത്തുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വതന്ത്ര തീരുമാനമെടുക്കാമെന്നും പരമോന്നത കോടതി വ്യക്തമാക്കി.
എന്‍ സി ഇ ആര്‍ ടിയുടെ എട്ടാം ക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിലാണ് വിവാദമായ പാഠഭാഗമുള്ളത്. ജുഡീഷ്യറിയിലെ അഴിമതി പൊതുജനവിശ്വാസത്തെ ബാധിക്കുമെന്ന് കഴിഞ്ഞ വര്‍ഷം മുന്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് പ്രസ്താവിച്ചിരുന്നു. ഇത് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍, ഇത് ഉചിതമല്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് അന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും നിലപാടെടുത്തു. ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പാഠഭാഗത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് വന്നു. തുടര്‍ന്ന് വിവാദ ഭാഗം നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു.







