Editorial
ടി പി വധക്കേസും വീണ്ടുമുയരുന്ന വിവാദങ്ങളും
പ്രതിപക്ഷം ശക്തമായി രംഗത്തുവന്ന സാഹചര്യത്തിലാണെങ്കിലും ടി പി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് അധികൃതർ പിന്തിരിഞ്ഞ നടപടി സ്വാഗതാര്‍ഹമാണ്.

ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ തത്കാലം പിന്തിരിഞ്ഞിരിക്കുകയാണ്. പ്രതികളെ വിട്ടയക്കില്ലെന്നും കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന് എന്തെങ്കിലും ആശയക്കുഴപ്പം സംഭവിച്ചതായിരിക്കാമെന്നുമാണ് ഇതുസംബന്ധിച്ച് ജയില്‍ വകുപ്പ് മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഇളവ് അനുവദിക്കേണ്ട പ്രതികളുടെ പട്ടികയില്‍ ടി പി വധക്കേസ് പ്രതികള്‍ ഉള്‍പ്പെട്ടത് സൂപ്രണ്ടിനു പറ്റിയ പിശകാണെന്നും സെന്‍ട്രല്‍ ജയിലില്‍ നിന്ന് ലഭിച്ച പുതുക്കിയ പട്ടികയില്‍ അവരുടെ പേരുകളില്ലെന്നും ജയില്‍ വകുപ്പ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ എം കെ വിനോദ് കുമാറും വ്യക്തമാക്കി. കഴിഞ്ഞ ദിവസം നിയമസഭയില്‍ സ്പീക്കറും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പ്രതികളെ വിട്ടയക്കുന്നതിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയം തള്ളിക്കൊണ്ടാണ് സ്പീക്കര്‍ സഭയെ ഇക്കാര്യം അറിയിച്ചത്.
പ്രതിപക്ഷം ശക്തമായി രംഗത്തുവന്ന സാഹചര്യത്തിലാണെങ്കിലും ടി പി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്തിരിഞ്ഞ നടപടി സ്വാഗതാര്‍ഹമാണ്. കേരളീയ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഹീനവും ക്രൂരവുമായ കുറ്റകൃത്യങ്ങളിലൊന്നാണ് ടി പി വധം. ഇതടിസ്ഥാനത്തിലാണ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി കര്‍ക്കശമാക്കിയതും. ജീവപര്യന്തം തടവായിരുന്നു കീഴ്ക്കോടതി വിധിച്ചിരുന്നത്. കീഴ്ക്കോടതി വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണനാ വേളയിലാണ് ശിക്ഷ വര്‍ധിപ്പിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണാ കോടതിയുടെ ജീവപര്യന്തം ഹൈക്കോടതി ഇരട്ട ജീവപര്യന്തമാക്കി. കൂടാതെ ടി പിയുടെ ഭാര്യ കെ കെ രമക്ക് ഏഴര ലക്ഷം രൂപയും മകന്‍ അഭിനന്ദിന് അഞ്ച് ലക്ഷം രൂപയും നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. രാഷ്ട്രീയ കൊലപാതകങ്ങള്‍ നിസ്സാരവത്കരിക്കുകയോ സാധാരണമായി കണക്കാക്കുകയോ ചെയ്യരുതെന്ന് വിധിന്യായത്തില്‍ ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും രാഷ്ട്രീയവൃത്തങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്തു.
ശിക്ഷ ഇരട്ടിപ്പിച്ചതിനു പുറമെ ശിക്ഷാ കാലാവധി ഇരുപത് വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പ് പ്രതികള്‍ക്ക് പരോളോ ശിക്ഷാ ഇളവോ നല്‍കരുതെന്നും ഹൈക്കോടതി പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. സ്വാമി ശ്രദ്ധാനന്ദ കേസിലെ സുപ്രീം കോടതി ഉത്തരവിനെ അവലംബിച്ചാണ് ഇത്തരമൊരു നിര്‍ദേശം ഹൈക്കോടതി മുന്നോട്ടു വെച്ചത.് ഹീനവും അത്യന്തം ക്രൂരവുമായ കൃത്യം ചെയ്യുന്നവരുടെ വധ ശിക്ഷ കോടതികള്‍ ഒഴിവാക്കുകയാണെങ്കില്‍ ജീവപര്യന്തം കഠിന തടവിനു പുറമെ നിശ്ചിത കാലത്തേക്ക് ശിക്ഷാ ഇളവിന് വിലക്ക് ഏര്‍പ്പെടുത്താമെന്നായിരുന്നു സ്വാമി ശ്രദ്ധാനന്ദ കേസിലെ സുപ്രീം കോടതി പ്രസ്താവം.
ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവര്‍ക്ക് റിപബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം തുടങ്ങിയ വിശേഷ ദിനങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷാ കാലാവധിയില്‍ ഇളവ് അനുവദിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. കൊലപാതക കേസില്‍ പെട്ട് 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയിട്ടില്ലാത്ത രാഷ്ട്രീയ തടവുകാര്‍ക്ക് ഈ ഇളവ് നേരത്തേ ബാധകമായിരുന്നില്ല. 2022 നവംബര്‍ 23ന് പിണറായി മന്ത്രിസഭ രാഷ്ട്രീയ തടവുകാര്‍ക്ക് കൂടി ഇളവ് ബാധകമാക്കി ഉത്തരവിറക്കിയതോടെയാണ് ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം തുടങ്ങിയത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ പത്ത് വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവര്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ച ശിക്ഷാ ഇളവിന്റെ മറപിടിച്ചായിരുന്നു ഈ കരുനീക്കം.
എന്നാല്‍ ജയില്‍പുള്ളികളുടെ മാനസാന്തരം, നല്ലനടപ്പ് തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാകണം, രാഷ്ട്രീയ ബന്ധങ്ങള്‍ പരിഗണിച്ചായിരിക്കരുത് ഈ ഇളവുകള്‍. ഇക്കാര്യം 2020ല്‍ അന്നത്തെ മനുഷ്യാവകാശ കമ്മീഷന്‍ ആഭ്യന്തര വകുപ്പിനു നല്‍കിയ കത്തില്‍ പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട്. പ്രതികളില്‍ സ്വഭാവമാറ്റം വന്നതായി ജയില്‍ ഉപദേശക സമിതി നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കേണ്ടത്. ജയില്‍ തടവുകാരില്‍ മാനസാന്തരം സൃഷ്ടിക്കുകയും നല്ല പൗരനായി ജീവിക്കാന്‍ പ്രേരണ നല്‍കുകയുമാണ് ലക്ഷ്യം. എന്നാല്‍ എക്കാലത്തും സര്‍ക്കാറുകള്‍ ഇത് ദുരുപയോഗം ചെയ്ത ചരിത്രമാണുള്ളത്. പ്രതികളുടെ സ്വഭാവപരിവര്‍ത്തനം പരിഗണിക്കാതെ പാര്‍ട്ടി ബന്ധം നോക്കിയാണ് ഇളവ് അനുവദിച്ചുവരുന്നത്. 2011-16ലെ യു ഡി എഫ് സര്‍ക്കാര്‍ രാഷ്ട്രീയ ബന്ധങ്ങളെ അടിസ്ഥാനമാക്കി 200 പേരുടെ പട്ടിക തയ്യാറാക്കി ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം നടത്തിയിരുന്നു. അഡ്വ. ജനറലിന്റെയും പ്രോസിക്യൂഷന്‍ ഡയറക്ടറുടെയും ശക്തമായ വിയോജിപ്പിനെ തുടര്‍ന്നാണ് അന്ന് ആ നീക്കം പരാജയപ്പെട്ടത്. അന്ന് പ്രതിപക്ഷത്തായിരുന്ന ഇടതുമുന്നണി അതിനെ ശക്തിയായി എതിര്‍ക്കുകയും ചെയ്തിരുന്നു. അതുപോലുള്ള ഒരു കരുനീക്കമാണ് നിലവില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയത്. അതും പരാജയപ്പെട്ടിരിക്കുകയാണ്.
നാട്ടില്‍ കുറ്റകൃത്യം തടയുകയും ജനങ്ങള്‍ക്ക് സ്വസ്ഥജീവിതം ഉറപ്പാക്കുകയും ചെയ്യാനാണ് ക്രിമിനല്‍ നിയമം ആവിഷ്‌കരിച്ചത്. ഏത് രാഷ്ട്രീയക്കാരനും പ്രസ്ഥാനക്കാരനും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനും മാതൃപാര്‍ട്ടിയുടെ വീക്ഷണങ്ങളോട് വിയോജിപ്പുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാനും സ്വാതന്ത്ര്യം വേണം. വിയോജിക്കുന്നവരെ കൊന്നൊടുക്കുകയെന്നത് ഫാസിസ്റ്റ് ശൈലിയാണ്. ജനാധിപത്യ സംവിധാനത്തില്‍ അത് അംഗീകരിക്കാനാകില്ല. രാഷ്ട്രീയത്തിന്റെ പേരില്‍ ക്രൂരത കാണിക്കുന്നവര്‍ക്ക് മതിയായ ശിക്ഷ ലഭിക്കുന്ന സാഹചര്യം നിലവില്‍ വന്നെങ്കില്‍ മാത്രമേ, കുറ്റകൃത്യങ്ങള്‍ വിശിഷ്യാ രാഷ്ട്രീയ ക്രിമിനലിസം തുടച്ചു മാറ്റാനാകൂ. ഇക്കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയില്‍ ഏകോപിത നയവും ഉറച്ച തീരുമാനവും ഉണ്ടാകേണ്ടതുണ്ട്.