Connect with us

Siraj Article

ആരുണ്ടിനി കാഫ് മലയുടെ ഖിസ്സ പറയാന്‍

വടക്കന്‍ ശൈലിയിലുള്ള ആലാപനത്തിലൂടെ മാപ്പിളപ്പാട്ടിന്റെ പതിവു രീതിയില്‍ നിന്ന് മാറ്റമെന്നോണം ഹൃദയം കുളിര്‍ കോരുന്ന മംഗലപ്പാട്ടുകളിലൂടെ ഒരു വേറിട്ട പീര്‍ക്ക ശൈലി തന്നെ മാപ്പിളപ്പാട്ട് ലോകത്തിന് സമ്മാനമായി ലഭിച്ചു എന്ന് പറയാന്‍ കഴിയും

Published

|

Last Updated

വിശേഷ സൗകുമാര്യമുള്ള ശബ്ദം കൊണ്ടും വേറിട്ട ഈണം കൊണ്ടും മാപ്പിളപ്പാട്ടുകളിലൂടെ പാട്ടാസ്വാദകരെ വിസ്മയിപ്പിച്ച പാട്ടുകാരനാണ് പീര്‍ മുഹമ്മദ്. കരളില്‍ തുടിക്കുന്ന ഈണങ്ങളുടെ വൈവിധ്യവും അത് തിരഞ്ഞെടുക്കുന്നതിലുള്ള ശ്രദ്ധയും അദ്ദേഹത്തിന്റെ പാട്ടുകള്‍ വേറിട്ടതാക്കുന്നു. വടക്കന്‍ ശൈലിയിലുള്ള ആലാപനത്തിലൂടെ മാപ്പിളപ്പാട്ടിന്റെ പതിവു രീതിയില്‍ നിന്ന് മാറ്റമെന്നോണം ഹൃദയം കുളിര്‍ കോരുന്ന മംഗലപ്പാട്ടുകളിലൂടെ ഒരു വേറിട്ട പീര്‍ക്ക ശൈലി തന്നെ മാപ്പിളപ്പാട്ട് ലോകത്തിന് സമ്മാനമായി ലഭിച്ചു എന്ന് പറയാന്‍ കഴിയും. മാപ്പിളപ്പാട്ടിന്റെ ജനകീയത അതിന് ആക്കം കൂട്ടുകയും ചെയ്തു.

കഴിഞ്ഞ 70 വര്‍ഷം ഈ മനുഷ്യന്‍ പിന്നിട്ട വഴികള്‍ സാമാന്യയുക്തിക്ക് അവിശ്വസനീയമാണ്. ഒരു കലാപാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ ജനിച്ചിട്ടും വേദികളെ പ്രണയിച്ച പീര്‍ക്ക ആലാപന വൈവിധ്യം കൊണ്ട് അദ്ദേഹത്തിന്റേതായ ആസ്വാദക വൃന്ദത്തെ വളര്‍ത്തിയെടുത്തു. പാട്ടുകള്‍ ആഘോഷത്തിന്റെ ഭാഗമായി അല്ലെങ്കില്‍ ചടങ്ങുകളുടെ ഭാഗമായിക്കണ്ട വടക്കന്‍മാരുടെ ഇടയില്‍ നിന്ന് അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങളുടെ തുടക്കം കുറിക്കുകയുണ്ടായി. അന്നത്തെ കല്യാണ വീടുകളിലെ മണവാട്ടിയുടെയും മണവാളന്റെയും പേരുകള്‍ ചേര്‍ത്ത് നിരവധി പാട്ടുകള്‍ ജനിക്കുകയുണ്ടായി.

പീര്‍ക്കയുടെ ഒരു പാട്ടെങ്കിലും പാടാതെ ഒരു ഗാനസദസ്സും അരങ്ങേറിയിട്ടില്ല എന്ന് അഭിമാനിക്കാവുന്ന ഒരു കലാകാരന്‍ തന്നെയാണ് പീര്‍ മുഹമ്മദ്. പാട്ടൊട്ടും പഠിക്കാതെ തന്നെ വലിയ പാട്ടുകാരനായി. വ്യത്യസ്ത വിഭാഗങ്ങളിലായി അയ്യായിരത്തിലേറെ മാപ്പിളഗാനങ്ങള്‍ പാടി. നാലായിരത്തിലേറെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി.

പീര്‍ക്കയുടെ കാസെറ്റ് ഇല്ലാത്ത മുസ്‌ലിം വീടുകള്‍ മലബാറില്‍ തീരെയില്ല എന്നത് വെറുമൊരു അതിശയോക്തിയല്ല. 1976ല്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ദൂരദര്‍ശനില്‍, ചെന്നൈ നിലയം മാപ്പിളപ്പാട്ട് അവതരിപ്പിച്ച പ്രതിഭ കൂടിയായിരുന്നു അദ്ദേഹം.

ഒരര്‍ഥത്തില്‍ അതികായന്‍മാരായ മാപ്പിള സംഗീതജ്ഞരുടെയും കവികളുടെയും പുഷ്‌കലമായ കാലഘട്ടത്തില്‍ പാട്ട് രംഗത്ത് സജീവമാകാന്‍ കഴിഞ്ഞു എന്നതാണ് പീര്‍ മുഹമ്മദ് എന്ന കലാകാരന്റെ ഭാഗ്യം. അന്നത്തെ കൂട്ടുകെട്ടുകള്‍ മാപ്പിളപ്പാട്ടിനെ മനോഹരമാക്കി. എ ടി ഉമ്മര്‍- പി ടി അബ്ദുര്‍റഹ്മാന്‍- പീര്‍ കൂട്ടായ്മയില്‍ നിന്ന് വലിയ വിസ്മയങ്ങള്‍ തന്നെയാണ് പാട്ടാസ്വാദകര്‍ക്ക് കാണാന്‍ സാധിച്ചത്. പി ടി-പീര്‍ കൂട്ടുകെട്ടിലെ ലൈല മജ്‌നു, ബാല്യകാല സഖി, ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ തുടങ്ങിയ കാവ്യങ്ങളിലെ പല പാട്ടുകളും നമുക്ക് സുപരിചിതമാണ്. ഒട്ടകങ്ങള്‍ വരിവരിയായ്, ബദറുല്‍ മുനീറും തോഴിയും, മഹിയില്‍ മഹാസീനെന്ന് തുടങ്ങിയവ ഇതില്‍ പെടുന്നവയാണ്. ഇതില്‍ ചുണ്ടുകളില്‍ നിന്ന് ചുണ്ടുകളിലേക്കും കാതുകളില്‍ നിന്ന് കാതുകളിലേക്കും പടര്‍ന്ന് പരന്ന,
കാഫ് മലകണ്ട പൂങ്കാറ്റേ
കാണിക്ക നീ കൊണ്ട് വന്നാട്ടേ
കാരക്ക കായ്ക്കുന്ന നാടിന്റെ
മദ്ഹൂറും ഖിസ്സ പറഞ്ഞാട്ടെ
എന്ന മനോഹരമായ ഗാനം മാപ്പിളപ്പാട്ടാസ്വാദനത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലായിത്തീര്‍ന്ന പി ടി- പീര്‍ കൂട്ടുകെട്ടിന്റേതാണ്. ഒട്ടകങ്ങള്‍ വരിവരിയായ് എന്ന ഗാനം പിറക്കുന്ന സന്ദര്‍ഭം പീര്‍ക്ക തന്നെ ഒരിക്കല്‍ പറയുകയുണ്ടായി. “എ ച്ച് എം വി റെക്കോര്‍ഡിംഗിന്റെ സമയത്ത് അഞ്ച് മിനുട്ട് സമയം ബാക്കി വന്നപ്പോള്‍ സ്ഥലം നിറക്കുന്നതിന് വേണ്ടി അപ്പോള്‍ തന്നെ ഒരു പാട്ട് എഴുതാന്‍ പറഞ്ഞു. പി ടി എഴുതുകയും ഞാനതിന് സംഗീതം നല്‍കുകയും ചെയ്തു. ഏകദേശം ഒരു പത്ത് മിനുട്ടിനുള്ളില്‍ ഒരു പാട്ട് ജനിക്കുകയും ചെയ്തു’. ഈ പാട്ടില്‍ ഏറ്റവും അതിശയകരമായ ഒരു കാര്യം, ഈ പാട്ടിലെ ഭാവനാ സമൃദ്ധമായ വരികളില്‍ പറയുന്ന കാരക്ക മരങ്ങളെയും ഒട്ടകങ്ങളെയും ജറാദെന്ന കിളിയെയുമൊക്കെ പാട്ടിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടത് എന്നതാണ്.

തമിഴ്‌നാട്ടിലെ തെങ്കാശിയിലാണ് പീര്‍ക്കയുടെ ജനനം. ഇദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് കുടുംബം തലശ്ശേരിയിലേക്കു വരികയും ഇവിടെ താമസമാക്കുകയും ചെയ്തു. വൈലോപ്പിള്ളിയും വൈക്കം മുഹമ്മദ് ബഷീറും ഇദ്ദേഹത്തിന്റെ ശബ്ദ മാധുര്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ ഗാനകോകിലം എന്നാണ് ബേപ്പൂര്‍ സുല്‍ത്താന്‍ വിശേഷിപ്പിച്ചത്. കണ്ഠത്തില്‍ പൂങ്കുയിലുമായി നടക്കുന്നവന്‍ എന്ന് വൈലോപ്പിള്ളിയും.

ഒമ്പതാമത്തെ വയസ്സില്‍ സ്റ്റേജില്‍ കയറിയ പീര്‍ മുഹമ്മദിനു പാട്ടില്ലാത്ത ഒരു ദിവസവും ഇല്ലായിരുന്നു. പറഞ്ഞാല്‍ തീരാത്തത്ര പാട്ട് വിശേഷങ്ങള്‍ നമുക്ക് സമ്മാനിച്ച പീര്‍ക്കയെന്ന പൂങ്കുയില്‍, ആസ്വാദക ഹൃദയങ്ങളില്‍ എന്നും പാടിക്കൊണ്ടേയിരിക്കും. നാഥന്‍ പരലോകജീവിതം ധന്യമാക്കിക്കൊടുക്കട്ടെ.

Latest