Connect with us

From the print

തൃശൂര്‍ കോർപറേഷന്‍; വിമതരെ കരുതലോടെ കൈകാര്യം ചെയ്യാന്‍ മുന്നണികള്‍

മാസ്റ്റർ പ്ലാന്‍ അബദ്ധ പഞ്ചാംഗമെന്ന് യു ഡി എഫ് • മറുകണ്ടം ചാടാനൊരുങ്ങി മേയര്‍

Published

|

Last Updated

സുധീര്‍ ഉണ്ണി

തൃശൂര്‍ | തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാർഥിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു 2020ലെ തൃശൂര്‍ കോർപറേഷന്‍ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്സ് സീറ്റ് കൊടുക്കാതെ അവഗണിച്ചതിനെ തുടർന്ന് സ്വതന്ത്രനായി മത്സരിച്ച എം കെ വര്‍ഗീസായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷവും എല്‍ ഡി എഫ് പിന്തുണയോടെ തൃശൂര്‍ കോർപറേഷന്‍ ഭരിച്ചത്.

അതിനാല്‍ ഇത്തവണ മുന്നണികള്‍ വളരെ കരുതലോടെ പരാതികള്‍ക്കിടയില്ലാത്ത വിധം സ്ഥാനാർഥി പ്രഖ്യാപനം നടത്താനുള്ള ഒരുക്കത്തിലാണ്. 55 അംഗങ്ങളുള്ള തൃശൂര്‍ കോർപറേഷനില്‍ എല്‍ ഡി എഫിനും യു ഡി എഫിനും ഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തില്‍ (കോൺഗ്രസ്സ് – 24, കേരള കോൺഗ്രസ്സ് (എം)-1, ജനതാദൾ (എസ്)-1 സി പി എം -15, സി പി െഎ- 3, എന്‍ ഡി എ – ആറ്, സ്വതന്ത്രന്‍ – അഞ്ച്) കോണ്‍ഗ്രസ്സ് വിമതനായി ജയിച്ച എം കെ വര്‍ഗീസിന്റെ പിന്തുണ നിര്‍ണായകമായി. എല്‍ ഡി എഫ് വര്‍ഗീസിനെ മേയറാക്കാന്‍ തീരുമാനിക്കുകയും അദ്ദേഹത്തിന്റെ പിന്തുണയോടെ കോർപറേഷൻ ഭരണം പിടിക്കുകയും ചെയ്തു. ആദ്യത്തെ രണ്ടര വര്‍ഷം വര്‍ഗീസും ബാക്കി സമയം സി പി എം /സി പി ഐ അംഗവും മേയര്‍ പദവി വഹിക്കാനായിരുന്നു ധാരണ. എന്നാല്‍ രണ്ടര വര്‍ഷം കഴിഞ്ഞപ്പോഴും വര്‍ഗീസ് പദവിയില്‍ നിന്ന് മാറിനില്‍ക്കാന്‍ തയ്യാറായില്ല. ഇതിനിടെ ബി ജെ പി സ്ഥാനാർഥിയായ സുരേഷ് ഗോപിയെ പരസ്യമായി പ്രശംസിച്ചതും വിവാദമായിരുന്നു.

വർഗീസ് എല്‍ ഡി എഫ് പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയും അടുത്ത തിരഞ്ഞെടുപ്പില്‍ കോർപറേഷനിലേക്ക് മത്സരിക്കാനില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. തൃശൂര്‍ കോർപറേഷനില്‍ അഞ്ച് വര്‍ഷത്തെ യു ഡി എഫ് ഭരണത്തില്‍ 58 കോടിയുടെ വികസനം നടന്നപ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് 2,200 കോടിയുടെ വികസനമാണ് ഇടതുഭരണം സാധ്യമാക്കിയത്. ഇതില്‍ 1,200 കോടിയുടെ വികസനത്തിന് ചുക്കാന്‍പിടിക്കാനായത് അഭിമാനകരമാണെന്നും മേയര്‍ പറഞ്ഞു.

നഗരത്തിന്റെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാനിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് 50 വര്‍ഷത്തേക്ക് ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്ലാൻ തയ്യാറാക്കി, മാലിന്യ സംസ്‌കരണ രംഗത്ത് സംസ്ഥാനത്തിന് മാതൃകയായി, ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടമായി തുടങ്ങിയ ഒട്ടേറെ ഭരണനേട്ടങ്ങളുമായാണ് എല്‍ ഡി എഫ് വോട്ടര്‍മാരെ സമീപിക്കുന്നത്.

എന്നാല്‍ സന്തുലിത വികസനത്തിനായി ആവിഷ്‌കരിച്ച പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടെന്ന് യു ഡി എഫ് നേതൃത്വം കുറ്റപ്പെടുത്തുന്നു. അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് ഇടതുഭരണത്തിന്റെ മുഖമുദ്രയെന്ന് കോർപറേഷന്‍ പ്രതിപക്ഷനേതാവ് രാജന്‍ ജെ പല്ലന്‍ ആരോപിക്കുന്നു. പ്രഖ്യാപനങ്ങളെല്ലാതെ ഒന്നും നടന്നിട്ടില്ല. കൊട്ടിഘോഷിച്ച പദ്ധതികള്‍ പലതും കടലാസ് പുലികളായി.

ജനങ്ങളുടെ അഭിപ്രായം ചോദിക്കാതെയും വിദഗ്ധരുമായി ചര്‍ച്ച ചെയ്യാതെയും ഉണ്ടാക്കിയ മാസ്റ്റർ പ്ലാന്‍ അബദ്ധപഞ്ചാംഗമായി. പദ്ധതി അംഗീകാരത്തിനുള്ള നടപടികള്‍ ലംഘിച്ചു. ഭരണസ്വാധീനം ഉപയോഗിച്ചാണ്‌ തെറ്റായ നടപടികള്‍ മറികടന്നത്. ടി യു ഡി എ റോഡിലുള്ള ഭക്ഷ്യ സംസ്‌കരണ പ്ലാന്റ്, കുരിയച്ചിറയിലെ മാലിന്യസംസ്‌കരണ പ്ലാന്റ്, ശക്തനിലെ ബയോഗ്യാസ് പ്ലാന്റ്, ഒ ഡബ്ല്യു സി പ്ലാന്റുകള്‍, പൊതുജനങ്ങള്‍ക്കായി നിര്‍മിച്ച ശൗചാലയങ്ങള്‍ എന്നിവ പ്രവര്‍ത്തനരഹിതമാണ്.

കുടിവെള്ളം കൊണ്ടുവരുന്നതിനായി കോടികള്‍ മുടക്കി പീച്ചിയിൽ നിന്ന് പൈപ്പിട്ടെങ്കിലും ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല. ഗതാഗതക്കുരുക്കിന് പരിഹാരമില്ല. ബൈപാസ് റോഡില്ലാത്ത ഏക കോര്‍പറേഷനാണ് തൃശൂര്‍. കോര്‍പറേഷനായിട്ട് 25 വര്‍ഷം പിന്നിടുമ്പോള്‍ വികസനമുരടിപ്പിന് കടലാഴമാണെന്ന് യു ഡി എഫ് നേതൃത്വം കുറ്റപ്പെടുത്തുന്നു.

അതേസമയം, 15 വര്‍ഷം എല്‍ ഡി എഫും പത്ത് വര്‍ഷം യു ഡി എഫും ഭരിച്ചിട്ടും കേരളത്തിലെ മറ്റു കോര്‍പറേഷനുകളുമായി താരതമ്യം ചെയ്യാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് ഇവിടെയെന്ന് ബി ജെ പി കുറ്റപ്പെടുത്തുന്നു. ചരിത്രത്തിലാദ്യമായി കേരളത്തില്‍ നിന്ന് ഒരു ലോക്‌സഭാംഗത്തെ സംഭാവന ചെയ്യാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബി ജെ പി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം കോർപറേഷനിലും ആവര്‍ത്തിക്കുമെന്നാണ് ബി ജെ പി പറയുന്നത്.

ജനതാദള്‍ (എസ്) നേതാവായിരുന്ന കൗൺസിലർ ഷീബ ബാബു കഴിഞ്ഞ ദിവസം ബി ജെ പിയില്‍ ചേർന്നിരുന്നു. നിലവില്‍ ബി ജെ പിയുടെ സ്ഥാനാർഥിയായി കാളത്തോട് ഡിവിഷനില്‍ മത്സരിക്കും. അതോടൊപ്പം തൃശൂര്‍ കോര്‍പറേഷനിലെ ബി ജെ പി മുന്‍ കൗണ്‍സിലര്‍ ഐ ലളിതാംബിക കഴിഞ്ഞ ദിവസം സി പി ഐയില്‍ ചേര്‍ന്നത് ബി ജെ പിക്ക് തിരിച്ചടിയായി.
ലളിതാംബിക ശങ്കരംകുളങ്ങര ഡിവിഷനില്‍ എല്‍ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. നിലവില്‍ യു ഡി എഫും ബി ജെപിയുമാണ് കോർപറേഷനില്‍ പകുതിയോളം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

---- facebook comment plugin here -----

Latest