Connect with us

Thrikkakara by-election

തൃക്കാക്കര: ഇടത് സ്ഥാനാര്‍ഥിയെ ഇന്നറിയാം

അഡ്വ. കെ എസ് അരുണ്‍കുമാറും കൊച്ചുറാണി ജോസഫും എം അനില്‍ കുമാറും പരിഗണനയില്‍

Published

|

Last Updated

കൊച്ചി |  കടുത്ത രാഷ്ട്രീയ പോരാട്ടം പ്രതീക്ഷിക്കുന്ന തൃക്കാക്കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആരെന്ന് ഇന്നറിയാം. പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് യു ഡി എഫ് സ്ഥാനാര്‍ഥിയായി പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ പെട്ടന്ന് മികച്ച ഒരു സ്ഥാനാര്‍ഥിയെ കളത്തിലിറക്കാനാണ് സി പി എം തീരുമാനം. പിണറായി സര്‍ക്കാറിനെ പിന്തുണക്കുന്നവരുടെ എണ്ണം സഭയില്‍ നൂറിലെത്തിക്കുക എന്ന ലക്ഷ്യവുമായി നേരത്തെ സി പി എം അണിയറ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്ര കമ്മറ്റിയംഗം ഇ പി ജയരാജന്റെയും മന്ത്രി പി രാജീവിന്റെയും സാന്നിദ്ധ്യത്തില്‍ ജില്ലാ നേതാക്കള്‍ ചൊവ്വാഴ്ച കൂടിയാലോചന നടത്തി സ്ഥാനാര്‍ഥി സംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയിരുന്നു. ഇന്ന് നടക്കുന്ന സി പി എം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മറ്റിയിലും ഈ പേരുകള്‍ ചര്‍ച്ച ചെയത് ശേഷം അന്തിമ തീരുമാനം എടുത്തേക്കും.

ചാനല്‍ ചര്‍ച്ചകളില്‍ ഇടതുപക്ഷത്തിന്റെ മുഖമായ, സി പി എം ജില്ലാ കമ്മറ്റിയംഗം അഡ്വ കെ എസ് അരുണ്‍ കുമാറിന്റെ പേരാണ് പ്രധാനമായും പരിഗണനയിലുള്ളത്. മികച്ച പ്രാസംഗികനും സംഘാടകനുമായ അരുണ്‍ കുമാറിനോട് മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

കൊച്ചി കോര്‍പറേഷന്‍ മേയര്‍ എം അനില്‍ കുമാറിന്റെ പേരും ചര്‍ച്ചയില്‍ വന്നിരുന്നു. എന്നാല്‍ കോര്‍പ്പറേഷന്‍ ഭരണം ഇപ്പോള്‍ തന്നെ നേരിയ ഭൂരിഭക്ഷത്തിനായതിനാല്‍ അദ്ദേഹത്തെ മത്സരിപ്പിക്കുന്നത് തിരിച്ചടിയാകുമോയെന്ന ഭയം പാര്‍ട്ടിക്കുണ്ട്.

ഭാരത് മാതാ കോളജ് മുന്‍ അധ്യാപിക കൊച്ചുറാണി ജോസഫിന്റെ പേര് സജീവമാണ്. സ്വതന്ത്ര സ്ഥാനാര്‍ഥി എന്ന പരിഗണന വന്നാല്‍ കൊച്ചുറാണി സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പ്. ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പള്ളി, ഡി വൈ എഫ് ഐ നേതാവ് പ്രിന്‍സി കുര്യാക്കോസ് എന്നീ പേരുകളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

 

 

 

Latest