Kerala
കൊല്ലത്ത് വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് മരണം
അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്

കൊല്ലം | ഓച്ചിറയില്‍ കെ എസ് ആര്‍ ടി സി ബസും ഥാര്‍ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ജീപ്പ് യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിന്‍കര പൈപ്പ്മുക്ക് പ്രിന്‍സ് വില്ലയില്‍ പ്രിന്‍സ് തോമസ് (44), മക്കളായ അല്‍ക്ക (5), അതുല്‍ (14) എന്നിവരാണ് മരിച്ചത്. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ, മകള്‍ ഐശ്വര്യ എന്നിവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. ഐശ്വര്യയുടെ നില അതീവഗുരുതരമാണ്.ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇന്ന് പുലര്‍ച്ചെ ആറോടെയാണ് അപകടം. അപകടത്തില്‍ കെ എസ് ആര്‍ ടി സി യാത്രക്കാരായ 20 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അമിത വേഗമാണ് അപകട കാരണമെന്നാണ് അറിയുന്നത്
കരുനാഗപ്പള്ളിയില്‍നിന്ന് ചേര്‍ത്തലയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ജീപ്പുമാണ് കൂട്ടിയിടിച്ചത്. യുഎസിലേക്ക് പോകുന്നതിനായി ബിന്ദ്യയുടെ സഹോദരന്റെ മകനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി മടങ്ങി വരികയായിരുന്നു കുടുംബം. അഞ്ച് പേരായായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.മരിച്ച അതുല്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയും അല്‍ക്ക എല്‍കെജി വിദ്യാര്‍ഥിയുമാണ്.