National
പാകിസ്ഥാൻ ചാരന്മാർക്ക് രഹസ്യ വിവരങ്ങൾ ചോർത്തി: താണെ സ്വദേശി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
പിടിയിലായയാൾ പാകിസ്ഥാൻ ഓപ്പറേറ്റീവുമായി നിരന്തരം ബന്ധം പുലർത്തുകയും, ഇന്ത്യാ ഗവൺമെന്റ് നിയന്ത്രിത മേഖലകളെക്കുറിച്ചുള്ള അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ കൈമാറുകയും ചെയ്തതായി പോലീസ്

മുംബൈ | പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവ്സിന് (PIO) സാമൂഹ്യ മാധ്യമങ്ങൾ വഴി കൈമാറിയതിന് താണെ സ്വദേശിയെയും അദ്ദേഹത്തിന്റെ രണ്ട് കൂട്ടാളികളെയും മഹാരാഷ്ട്ര പോലീസ് ആന്റി ടെററിസം സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പിടിയിലായയാൾ പാകിസ്ഥാൻ ഓപ്പറേറ്റീവുമായി നിരന്തരം ബന്ധം പുലർത്തുകയും, ഇന്ത്യാ ഗവൺമെന്റ് നിയന്ത്രിത മേഖലകളെക്കുറിച്ചുള്ള അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ കൈമാറുകയും ചെയ്തതായി പോലീസ് അറിയിച്ചു.
2024 നവംബറിൽ ഫേസ്ബുക്ക് വഴി പ്രതി പിഐഒയുമായി ബന്ധപ്പെടുകയും, അന്ന് മുതൽ മാർച്ച് 2025 വരെ കാലയളവിൽ വാട്ട്‌സ്ആപ്പ് വഴി നിയന്ത്രിത മേഖലകളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ നൽകുകയും ചെയ്തതായി ചോദ്യം ചെയ്യലിൽ കണ്ടെത്തി. മൂന്നുപേർക്കെതിരെയും ഔദ്യോഗിക രഹസ്യ നിയമം 1923-ലെ സെക്ഷൻ 3(1)(b), 5(a) എന്നിവയും ഇന്ത്യൻ ശിക്ഷാ നിയമം 2023-ലെ സെക്ഷൻ 61(2) എന്നിവയും പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പാകിസ്ഥാൻ ചാരന്മാരെന്ന് സംശയിക്കുന്ന നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി പാകിസ്ഥാൻ ഓപ്പറേറ്റീവ്സുമായി ബന്ധപ്പെട്ട് രഹസ്യ വിവരങ്ങൾ കൈമാറിയതിനാണ് ഇവരെ പിടികൂടിയത്. ഏറ്റവും ഒടുവിൽ രാജസ്ഥാനിൽ, പാകിസ്ഥാൻ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ന് വേണ്ടി ചാരവൃത്തി നടത്തിയതിന് ഒരു മുൻ സർക്കാർ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തിരുന്നു.