Connect with us

International

തുര്‍ക്കിയിലെ ഭൂകമ്പ ബാധിത പ്രദേശത്ത് നിന്ന് പറന്നത് ആയിരങ്ങള്‍; സൗജന്യ ടിക്കറ്റുകള്‍ നല്‍കി എയര്‍ലൈന്‍സുകള്‍

ഭവനരഹിതർക്ക് തണലൊരുക്കുന്നത് തുർക്കിയിലെ തന്നെ സുരക്ഷിത മേഖലയിലെ ഹോട്ടലുകളും സര്‍വകലാശാലകളുടെയും കോളജുകളുടെയും ഹോസ്റ്റലുകളും

Published

|

Last Updated

അങ്കാറ | തുര്‍ക്കിയിലെ ഭൂകമ്പത്തെ അതിജീവിച്ചവര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ നല്‍കി എയര്‍ലൈന്‍സുകള്‍. ടുര്‍കിഷ് എയര്‍ലൈന്‍സ്, പെഗാസസ് എയര്‍ലൈന്‍സ് എന്നീ വിമാന കമ്പനികളാണ് ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് തണലേകുന്നത്. ഇസ്താംബൂള്‍, അങ്കാറ, അന്തലീയ തുടങ്ങിയ തുര്‍ക്കിയിലെ തന്നെ സുരക്ഷിത മേഖലയിലേക്കാണ് സൗജന്യ വിമാന സര്‍വീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുരന്ത ഭൂമിയില്‍ തങ്ങളുടെ എല്ലാം ഉപേക്ഷിച്ച് എത്തുന്നവരെ പാര്‍പ്പിക്കാനായി ഈ ഭാഗത്തെ സര്‍വകലാശാലകളുടെയും കോളജുകളുടെയും ഹോസ്റ്റലുകള്‍, ചില ഹോട്ടലുകള്‍ തുടങ്ങിയവാണ് ഒരുക്കിയിരിക്കുന്നത്.

ആയിരക്കണക്കിനാളുകളാണ് സൗകര്യം ഉപയോഗപ്പെടുത്തി ദുരന്ത ബാധിത പ്രദേശത്ത് നിന്ന് പറന്നത്. ഗാസിയാന്‍തേപ്, ഹതായ്, നുര്‍ദാഗി, മറാശ് തുടങ്ങിയ പ്രദേശങ്ങളെയാണ് ദുരന്തം തകര്‍ത്തെറിഞ്ഞത്. ഗാസിയാന്‍തേപ് വിമാനത്താവളത്തില്‍ നിന്നാണ് പ്രദേശത്തുകാർ പറന്നത്.

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ ദുരന്തത്തെ തുടര്‍ന്ന് നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏഴാം ദിവസവും തുടരുകയാണ്. 28,000 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അനേകായിരം ആളുകള്‍ തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. അതിലപ്പുറം, കോടിക്കണക്കിന് ആളുകള്‍ ഭവനരഹിതരായതാണ് ദുരന്തത്തിൻ്റെ ബാക്കിപത്രം. ഇവർക്ക് വലിയൊരാശ്വാസമാകുകയാണ് സൗജന്യ വിമാന സർവീസ്.

 

Latest