BJP LEADERS JOINING SP
യു പിയില്‍ ബി ജെ പി വിട്ടവര്‍ ഇന്ന് എസ് പിയില്‍ ചേരും
ബി ജെ പിയില്‍ നിന്ന് പുറത്തുവരുന്നവരെയെല്ലാം സ്വീകരിക്കുമെന്ന് അഖിലേഷ്
ലഖ്‌നോ | നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി പാര്‍ട്ടിവിട്ട എം എല്‍ എമാര്‍ ഇന്ന് സമാജ് വാദ് പാര്‍ട്ടിയില്‍ ചേരും. മന്ത്രിമാരടമക്കം പാര്‍ട്ടിവിട്ട എട്ട് എം എല്‍ എമാരില്‍ ഏഴ് പേരാണ് ഇന്ന് എസ് പി അംഗത്വമെടുക്കുന്നത്. രാജി വച്ച എം എല്‍ എമാരെല്ലാം പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളതാണ് എന്നത് ബി ജെ പിക്ക് ലഭിച്ച തിരിച്ചടിയുടെ ആഘാതം വര്‍ധിപ്പിക്കുന്നു. പിന്നാക്ക വോട്ടുകളില്‍ എസ് പിക്ക് അനുകൂലമായി ഏകീകരണമുണ്ടായാല്‍ തുടര്‍ ഭരണമെന്ന യോഗി ആദിത്യനാഥിന്റെ സ്വപ്‌നം തകര്‍ന്നടിയും.
തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ, വനം പരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാന്‍, പിന്നാക്ക വിഭാഗം നേതാവും ഷികോഹാബാദ് മണ്ഡലം എം എല്‍ എ ഡോ. മുകേഷ് വര്‍മ, റോഷന്‍ ലാല്‍ വര്‍മ, ഭഗവതിപ്രസാദ്, സാഗര്‍ ബ്രജേഷ് പ്രജാപതി, വിനയ് സാക്യ എന്നിവരാണ് ഇന്ന് എസ് പിയില്‍ ചേരുന്നവര്‍.
അതിനിടെ ബി ജെ പി വിട്ടുവരുന്നവരെയെല്ലാം സ്വീകരിക്കുമെന്ന് എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. കൂടുതല്‍ ബി ജെ പി നേതാക്കളെ തന്റെ പാളയത്തിലേക്ക് എത്തിക്കുന്ന നടപടികളും അഖിലേഷ് ആരംഭിച്ചു. യു പിയില്‍ ബി ജെ പിയുടെ സഖ്യകക്ഷിയായ അപ്‌നാദളിലെ ഒരു എം എല്‍ എയും ഇതിനകം അഖിലേഷ് തന്റെ പക്ഷത്ത് എത്തിച്ചിട്ടുണ്ട്. ഇന്ന് ബി ജെ പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നതോടെ കൂടതല്‍ പേര്‍ എസ് പിയിലെത്തുമെന്ന പ്രതീക്ഷയിലാണ് അഖിലേഷ്.





