Connect with us

Cover Story

റബീഉല്‍ അവ്വലില്‍ വന്നവരേ...

ഏറ്റവും കൂടുതല്‍ പാട്ടുപുസ്തകങ്ങള്‍ വിപണിയിലിറങ്ങുന്നതു നബിദിന കാലത്താണ്. 1974ലെ മീലാദ് ആഘോഷത്തിന് ഞാന്‍ എഴുതിയ ഏഴ് പാട്ടുകളടങ്ങിയ ഒരു പുസ്തകം വെളിച്ചം കണ്ടു.നാട്ടിലും അയല്‍നാട്ടിലുമുള്ള മദ്റസകളിലെ ഉസ്താദുമാരെ ഞാന്‍ പാട്ട് പുസ്തകം ഏല്‍പ്പിച്ചു . ഒട്ടുമിക്ക മദ്റസകളില്‍ നിന്നും ആ വര്‍ഷം എന്റെ വരികൾ മുഴങ്ങിക്കേട്ടു. കാഫ് മല കണ്ട പൂങ്കാറ്റേ എന്ന് പിന്നീട് ഇറങ്ങിയ ബൈത്ത് ടൂണിലായിരുന്നു ഞാനെഴുതിയ പാട്ട്.

Published

|

Last Updated

നാടെങ്ങും നബിദിനാഘോഷത്തിന്റെ ആരവം ഉയരുമ്പോള്‍ എന്റെ ഓര്‍മകള്‍ 1970കളിലേക്കാണ് ഓടിപ്പോകുന്നത്. യൗവനാരംഭത്തിനു മുമ്പുതന്നെ പാട്ടെഴുത്തിന്റെ വഴിയില്‍ എത്തിപ്പെട്ട ഞാന്‍ ഒരു പാട്ടു പുസ്തകത്തില്‍ പേര് അച്ചടിച്ചുവരാന്‍ അതിയായി ആഗ്രഹിച്ചു.

ഏറ്റവും കൂടുതല്‍ പാട്ടുപുസ്തകങ്ങള്‍ വിപണിയിലിറങ്ങുന്നതു നബിദിന കാലത്താണ്. തിരൂരങ്ങാടി ചന്തപ്പടി ബുക്ക് സ്റ്റാളുകരാണ് ഏറെയും അച്ചടിക്കുക. എഴുതിക്കൂട്ടിയ കുറച്ചു പാട്ടുമായി ഞാന്‍ എങ്ങനെയെങ്കിലും ബസ് കൂലിയുണ്ടാക്കി അങ്ങോട്ടു യാത്ര തിരിക്കും. എന്റെ ഒരു പുസ്തകം ഇറങ്ങണമെന്ന ആഗ്രഹത്തോടെയുള്ള തിരൂരങ്ങാടി യാത്ര. പല യാത്രകളും നിരാശയായിരുന്നു ഫലം. ഒരു പാട്ട് പോലും എടുക്കാതെ പ്രസ്സ് മുതലാളി അബ്ദുര്‍റഹ്്മാന്‍ക്ക എന്നെ തിരിച്ചയച്ചു. അന്ന് എഴുതിയ ഒരു പാട്ടു പോലും അച്ചടിക്കാന്‍ കൊള്ളുന്നതായിരുന്നില്ലെന്ന സത്യം ഈ പ്രായത്തില്‍ എനിക്കറിയാം.
നിരാശയെങ്കിലും തിരൂരങ്ങാടി യാത്ര നിറുത്താൻ ഞാൻ തയ്യാറായില്ല. അങ്ങനെ 1974ലെ മീലാദ് ആഘോഷത്തിന് ഞാന്‍ എഴുതിയ ഏഴ് പാട്ടുകളടങ്ങിയ ഒരു പുസ്തകം അബ്ദുര്‍റഹ്മാന്‍ക്ക പ്രസിദ്ധീകരിച്ചു.

“റബീഉല്‍ അവ്വലില്‍ വന്നവരേ’ എന്ന പേരില്‍ എന്റെ പാട്ടുപുസ്തകം പുറത്തുവന്നു. ഒരു സാമ്രാജ്യം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു എനിക്ക്.

റബീഉല്‍ അവ്വലില്‍ വന്നവരേ
റഹ്മത്തിന്നൊളിവായവരേ
അവ്വല് മാസത്തില്‍ തിങ്കള് രാവില്
പരിശോടെ മണ്ണില്‍ പിറന്നവരേ…

നാട്ടിലും അയല്‍നാട്ടിലുമുള്ള മദ്റസകളിലെ ഉസ്താദുമാരെ കണ്ട് ഞാന്‍ പാട്ട് പുസ്തകം ഏല്‍പ്പിച്ചു . ഒട്ടുമിക്ക മദ്റസകളില്‍ നിന്നും ആ വര്‍ഷം എന്റെ പാട്ടുകള്‍ മുഴങ്ങിക്കേട്ടു. കാഫ് മല കണ്ട പൂങ്കാറ്റേ എന്ന് പിന്നീട് ഇറങ്ങിയ ബൈത്ത് ടൂണിലായിരുന്നു എന്റെ പാട്ട്. അന്ന് പാട്ടുകളെല്ലാം ഇറങ്ങിയിരുന്നത് സിനിമാ പാട്ടുകളുടെ ഈണത്തിലായിരുന്നു. തിരൂരങ്ങാടി കെ ടി മുഹമ്മദ്, കെ ടി മൊയ്തീന്‍ തുടങ്ങിയ രചയിതാക്കളുടെ ഏതാണ്ടെല്ലാ പാട്ടുകളും ഹിന്ദി സിനിമാ പാട്ടിന്റെ ഈണത്തിലായിരുന്നു. എം എസ് ബാബുരാജ് പാടിയ

മണിദീപമേ മക്കി മദീനാ നിലാവേ
മഖ്ബൂല് യാസീന്‍ മുഹമ്മദ് റസൂലേ
ഉദയസ്തമാനാ ഉപകാരദീനാ
ഉതകുംപ്രഭാവേ ഉടയോന്‍ ഹബീബേ

െസല്ലാ അലൈക്കള്ളാവസ്സലാം
െസയ്യിദിനായ ഖൈറുല്‍വറാ
സമദായ നാഥന്റെ പ്രിയ െമഹബൂബെ
സർവജ്ഞ നാഥന്റെ പ്രിയ മെഹബൂബെ

ഞാന്‍ എഴുതിയ പാട്ടുകളും അന്നത്തെ ഹിറ്റ് ചലച്ചിത്ര ഗാനത്തിന്റെ ചുവട് പിടിച്ചാണ്. അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല എന്ന പാട്ടിന്

കണ്ടുവെച്ച കുതന്ത്രങ്ങള്‍ നടന്നില്ല
കല്ലേറും ചതിയൊന്നും ഫലപ്പെട്ടില്ല
കല്ലേറ് നടന്നിട്ടും വാളുനീട്ടി ഓടിയിട്ടും
കണ്ട് കൊണ്ട് സന്തോഷിച്ച അബുജാഹിലേ- തോല്
കട്ടിയുള്ള പഹയന്‍ അബൂജാഹിലേ…

ഇന്നത്തെ പോലെ വിപുലമായിരുന്നില്ല അന്ന് നബിദിനാഘോഷം. എങ്കിലും അന്നത്തെ ഒരുമയും പെരുമയും മഹത്തരമായിരുന്നു. എങ്കിലും പാട്ടുകളും പ്രസംഗങ്ങളും കഥാപ്രസംഗങ്ങളും തുടങ്ങി എല്ലാ കലയുടെയും ആദ്യപാഠശാല നബിദിനാഘോഷം തന്നെയാണ്.
കഷ്ടപ്പാടിന്റെയും കണ്ണീര്‍പ്പാടിന്റെയും കാലത്ത് മന്തിയും ബിരിയാണിയും ഇല്ലെങ്കിലും പരസ്പര സ്നേഹത്തിന്റെ മധുരം ചേര്‍ന്ന മധുരക്കറിയുടെയും മഞ്ഞച്ചോറിന്റെയും ഇറച്ചിക്കറിയുടെയും രുചി ഓരോ നബിദിനം പിറക്കുമ്പോഴും പഴമക്കാരായ എന്നെപ്പോലുള്ളവരുടെ നാവിന്‍തുമ്പില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഇന്ന് മത-രാഷ്ട്രീയ വേദിയിലുള്ള പല പ്രമുഖ പ്രസംഗകരുടെയും ആദ്യ തട്ടകം നബിദിനാഘോഷ വേദിയാണ്. അക്ഷരങ്ങളുടെ കൂട്ടുകാരനായ ഞാന്‍ പാട്ടുകാരനായാണ് രംഗപ്രവേശം നടത്തിയത്. നബിദിനാഘോഷത്തിന് പാടിയ പാട്ടിന് എനിക്കും കൂടെ പാടിയ ടി കെ എം കോയക്കും വെള്ളിപറമ്പിലെ പി എം ഹുസൈന്‍ക്ക സ്റ്റേജില്‍ കയറിവന്നു തന്ന ഒരു രൂപ സമ്മാനം എന്റെ കലാജീവിതത്തിലെ ആദ്യ ഊര്‍ജമാണ്.
കാലം പെരുമഴപോലെ പെയ്തൊഴിഞ്ഞപ്പോള്‍ ഞാനും ഒരു രചയിതാവിന്റെ റോളില്‍ മാപ്പിളപ്പാട്ട് രംഗത്ത് അടയാളപ്പെട്ടു. ആദ്യം ഒരു പാട്ട് അച്ചടിക്കാന്‍ കരഞ്ഞുപറഞ്ഞ എനിക്ക്, ബുക്ക് സ്റ്റാള്‍ ഉടമ പ്രതിഫലം ആദ്യം തന്ന് നബിദിന ഗാനങ്ങള്‍ എത്രയോ എഴുതിച്ചു.

യാനബിയെ അസ്സലാം
യാറസൂലെ വസ്സലാം
അമ്പിയാക്കള്‍ക്കെല്ലാം താജരെ
ആയിരമായിരം സലാം

ഐ പി സിദ്ധീഖ് പാടിയ
മുത്തായ മുഹബ്ബത്തെ
സത്തായ തെളിവിത്തെ
മുസ്തഫല്‍ മുഖ്ത്താറെ സലാം അലൈക്കും
അസ്സലാം അലൈക്കും

മക്കത്ത് പൂത്തൊരു ഈത്തമരത്തിലെ
ഓരില ആയെങ്കില്‍
ഹഖൊത്ത മുഹമ്മദ് നടകൊണ്ട മണ്‍തരി ആയെങ്കില്‍ വഴിയിലെ
മക്കാമണല്‍തട്ടില്‍ ഞാന്‍ ചെന്നിട്ടില്ലേലും
ആരമ്പമുത്ത് റസൂലെ കണ്ടു
മനസ്സിന്റെ കണ്ണ് തുറന്നു ഞാന്‍ നോക്കുമ്പോള്‍
അറിവിന്റെ കേദാരഭൂമി കണ്ടു

എണ്ണിയാല്‍ തീരാത്ത റസൂലിന്റെ മദ്ഹ് ഗാനങ്ങള്‍ എഴുതാനും പാടിക്കുവാനും എനിക്കു ഭാഗ്യം കിട്ടി. ഓരോ മദ്ഹ് ഗാനങ്ങള്‍ എഴുതുമ്പോഴും പാടുമ്പോഴും പാടി കേള്‍ക്കുമ്പോഴും മനസ്സില്‍ റസൂല്‍ കരീമിനോടുള്ള മെഹബ്ബത്ത് നിറഞ്ഞുകവിയും.
പണ്ടുള്ളവര്‍ പാടുകയും എഴുതുകയും ചെയ്ത മദ്ഹ് മാലകളെല്ലാം ഇന്നത്തെ ആളുകള്‍ ആധുനികവത്കരിച്ചാണ് പാടിക്കൊണ്ടിരിക്കുന്നത്. മന്‍കൂസ് മൗലൂദ് , സലാം, ബൈത്ത്, അതുപോലുള്ള നബികീര്‍ത്തനങ്ങള്‍ക്കെല്ലാം അതിന്റെതായ തനിമയുള്ള ഇശലുകളുണ്ട്. അത് അങ്ങനെത്തന്നെ പാടുന്നതും ചൊല്ലുന്നതുമാണ് അഭികാമ്യം. പഴയതിനെ തന്നെ കെട്ടിപ്പിടിച്ചു നില്‍ക്കുന്നത് ഈ ഹൈടെക് യുഗത്തില്‍ ശരിയാണോ എന്നു ചിലര്‍ ചോദിക്കുന്നു. എല്ലാത്തിലും പുതുമകള്‍ തേടിക്കൊണ്ടിരിക്കുന്ന ഈ യുഗത്തില്‍ ജീവിതം തന്നെ അനുദിനം മാറിക്കൊണ്ടിരിക്കുന്നു. കലയിലും വ്യതിയാനങ്ങള്‍ വരുത്തുന്നതിലെന്താണു തെറ്റെന്ന് അവർ ചോദിക്കുന്നു. മാറ്റം അനിവാര്യമാണ്. എന്നാല്‍ മാപ്പിളപ്പാട്ടുകള്‍ക്കും ബെയ്ത്തുകള്‍ക്കും അതിന്റെതായ ഒരു അടിത്തറയുണ്ട്. അടിത്തറയിളക്കിയുള്ള പുതുമകള്‍ ഗുണകരമാകില്ലെന്നാണ് അവരോട് പറയുവാനുള്ളത്.
ഇന്നു മത്സര വേദികളില്‍ മാലപ്പാട്ടുകള്‍ മാപ്പിളപ്പാട്ട് ഈണത്തിലും മാപ്പിളപ്പാട്ടുകള്‍ മറ്റേതോ ഈണങ്ങളിലും ആണ് ആലപിക്കുന്നത്. നബിദിന വേദിയിലെങ്കിലും ഇശലിന്റെ തനതു സൗന്ദര്യം പൂത്തുലയട്ടെ എന്നാഗ്രഹിക്കുന്നു.

മക്കത്ത് നബി പിറന്നില്ലെങ്കില്‍
മശ്്രിഖും മഗ്്രിബും ഇരുട്ടിലല്ലെ
മഹമൂദര്‍ യാസീനൊന്നുദിച്ചില്ലെങ്കില്‍
മനുഷ്യ മനസ്സാകെ ഇബ് ലീസല്ലെ

ഇബ് ലീസിന്‍ കണ്ണെത്താത്ത നാടല്ലെ – അങ്ങ്
ഈന്തപ്പനയോല തണലില്ലേ
ഈ ലോകം മാറ്റിമറിച്ച നബിയില്ലെ- അങ്ങ്
ഈമാന്റെ കതിര്‍ക്കുലത്തോപ്പില്ലെ

പാട്ടുകള്‍ കൊണ്ട് റസൂലിനെ വര്‍ണിച്ച കവികള്‍ എത്രയാണ്. മുകളില്‍ ഉദ്ധരിച്ച ഗാനങ്ങളെല്ലാം ഞാന്‍ എഴുതിയതാണ്.

കെ എസ് ഖാദര്‍ എഴുതി ഫസീല പാടിയ
ഗുണമണിയായ റസൂലുള്ള
തണിപകരും ഗുരു നൂറുള്ളാ
ഇഹപരഗുരുവാം ഹബീബുള്ളാ
ഇറയോന്റെ കനിയെ സ്വല്ലള്ളാ

അതുപോലെ പ്രശസ്ത കവി പി ടി അബ്ദുര്‍റമാന്റെ വരികളില്‍ റസൂല്‍ (സ) യെ ഇങ്ങനെ വർണിക്കുന്നു…
ആമിനാ ബീവിക്കോമനമോനേ
ആരിലും കനിയും ഇമ്പത്തേനേ
ആലങ്ങള്‍ക്കാകെയുള്ള റസൂലെ
ആദിയോന്‍ പുകഴ്ത്തുന്ന ഹബീബെ

ഉമ്മത്തിയെന്ന് താങ്കള്‍ വിളിക്കും
ഉണ്മകാട്ടിത്തരാനായടുക്കും
കൈയിലോമല്‍പതാക പറക്കും
കണ്ണ് സ്വര്‍ഗ കവാടം തുറക്കും

മഹ്ശറ സഭയില്‍ നിന്ന് ശഫാഅത്തിന്റെ കൈനീട്ടി ഉമ്മത്തിയെന്ന് വിളിച്ചെത്തുന്ന പ്രവാചകന്‍ സ്വര്‍ഗത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന ചിത്രം എത്ര മനോഹരമായാണ് കവി വരച്ചിട്ടിരിക്കുന്നത്.
ബഹറിലെ വെള്ളമെല്ലാം മഷിയാക്കി ആയിരം പേന കൊണ്ട് എഴുതിയാലും റസൂലിന്റെ മദ്ഹുകള്‍ അവസാനിക്കുകയില്ലാ എന്നാണ് കവി യൂസഫലി കേച്ചേരി റസൂലിനെ ഒരു പാട്ടില്‍ വര്‍ണിച്ചിരിക്കുന്നത്.
ലോക മുസല്‍മാന്‍മാര്‍ ഓരോ നിസ്‌കാരത്തിലും സ്വലാത്തുകള്‍ വര്‍ഷിച്ചുകൊണ്ടേയിരിക്കും. അത്രമേല്‍ പുണ്യം നിറഞ്ഞ പ്രവൃത്തിയാണത്. ചെറുപ്പം തൊട്ടേ മുത്ത് മുഹമ്മദ് റസൂലിന്റെ ജീവിതം കുഞ്ഞുമനസ്സുകളില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതില്‍ നബിദിനാഘോഷങ്ങള്‍ വലിയ പങ്കു വഹിക്കുന്നു. വിശ്വാസത്തിന്റെ മൂശയില്‍ ഊതിക്കാച്ചിയെടുത്ത ഇസ്്ലാമിന്റെ വിധികള്‍ അരക്കിട്ടുറപ്പിക്കുകയാണ് ഈ നബിദിനം.

ഫുറുഖാനുല്‍ അളീമാണ്
പരിശേറും പൂങ്കാവാണ്
പവിത്രത തിളങ്ങുന്ന
താരാംബരമാണ്- ഖുര്‍ആന്‍
പെരിയോന്റെ കലാമാണ്

മാനവ സംസ്‌കാരത്തില്‍ ഖുര്‍ആനിന്റെ നിറനിലാവ് തൂവിത്തന്ന പ്രവാചക തിരുമേനിയെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാകില്ല. റബീഉൽ അവ്വല് മാസത്തിന്റെ പന്ത്രണ്ട് രാവുകളില്‍ നബികീര്‍ത്തനങ്ങളുടെ കസവ് നൂല് കൊണ്ട് മാല കെട്ടുന്ന നബിദിനാഘോഷത്തിന്റെ തലേ ദിവസം ഞങ്ങള്‍ ഉറങ്ങിയിരുന്നില്ല.
പിറ്റേന്നു രാവിലെ തന്നെ കുളിച്ചൊരുങ്ങി മദറസയില്‍ ചെന്ന് പല നിറത്തില്‍ ഒരുക്കിയ കടലാസു കൊടികള്‍ കൈയില്‍ പിടിച്ചുകൊണ്ട് നബിദിന ഘോഷയാത്രയില്‍ പോയത് ഇന്നും മനസ്സിന്റെ തിരശ്ശീലയില്‍ തിളങ്ങിനില്‍ക്കുന്നുണ്ട്.
മത്സരത്തിനു സമ്മാനമായി കിട്ടുന്ന ഒരു ഗ്ലാസ്സോ പേനയോ സോപ്പ്പെട്ടിയോ കൈയില്‍ നല്‍കിയ സന്തോഷം ഇന്നും ഉള്ളില്‍ പച്ചപുതച്ച് നില്‍ക്കുന്നുണ്ട്. അന്‍പത് വര്‍ഷത്തെ കലാജീവിതത്തിനിടയില്‍ പല നാടുകളില്‍ നിന്നും അംഗീകാരങ്ങളും പാരിതോഷികങ്ങളും കിട്ടിയിട്ടുണ്ടെങ്കിലും നാട്ടിലെ മദ്റസയില്‍ നബിദിനത്തിന് കിട്ടിയ സമ്മാനം ഇന്നും വിലപ്പെട്ടതാണ്.
മുഹമ്മദ് നബി (സ)യുടെ ജീവിത ദര്‍ശനം എന്തായിരുന്നു എന്ന് ഇതര മതവിശ്വാസികളെ കൂടി പഠിപ്പിക്കാനുതകുന്ന തരത്തിലാകണം നമ്മുടെ നബിദിനാഘോഷങ്ങള്‍. അഭിവാദ്യം ചെയ്യുന്നവര്‍ക്ക് ഒരു പുഞ്ചിരി സമ്മാനിക്കുന്നത് പോലും ധര്‍മമാണെന്നും വഴിയിലെ മുള്ളുകള്‍ മാറ്റുന്നത് ദൈവനിഷ്ഠയാണെന്നും അധ്വാനിക്കുന്നവന് വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് കൂലി കൊടുക്കണമെന്നും അടുത്തവീട്ടില്‍ പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ച് ഭക്ഷണം കഴിക്കരുതെന്നും യതീംകുട്ടികളുടെ മുമ്പില്‍ വെച്ച് സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കരുതെന്നും പഠിപ്പിച്ച ലോക നേതാവിനെയാകണം നമ്മള്‍ ഈ സന്ദര്‍ഭത്തില്‍ പരിചയപ്പെടുത്തേണ്ടത്.
ഈ ആദര്‍ശങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചു ഞാന്‍ എഴുതി മാര്‍ക്കോസും ഫസീലയും പാടിയ ആ ഗാനമിങ്ങനെ…

ആരാണ് ദുനിയാവിലെ വിപ്ലവകാരി
ആരാണ് സത്യരഥത്തിന്‍ തേരാളി
അവശര്‍ക്കും ആലംബര്‍ക്കും ആര് സഹായി
ആരമ്പ മുത്ത് റസുലുല്ലാഹി…
.