Connect with us

Siraj Article

ഈ സമരം തോൽക്കാനുള്ളതല്ല

ശബ്ദമുയർത്തുന്നവരെ വെടിവെച്ച് തീർക്കുക എന്നത് ഉത്തർ പ്രദേശിലെ സ്ഥിരം പരിപാടിയാണ്. അത്തരം ഗുണ്ടകൾ എമ്പാടുമുണ്ട് സംസ്ഥാനത്ത്. യോഗി ആദിത്യനാഥ് ഭരിക്കാൻ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ സർക്കാർ തന്നെ ഈ ഗണ്ടാപ്പണി ചെയ്യുന്നു. കർഷകരെ കൊന്നു തള്ളുമ്പോൾ അതാണ് വ്യക്തമാകുന്നത്. ചേതനയറ്റാലും കൃഷിഭൂമിയിലെ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ലഖിംപൂർ ഖേരിയിൽ നിന്നുള്ള സംഭവത്തിന് ശേഷവും കർഷകർ പ്രഖ്യാപിക്കുന്നത്. ഉത്തർ പ്രദേശ്, ഹരിയാന, പഞ്ചാബ്, ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും രാജ്യത്താകെയും പ്രതിഷേധം ശക്തമായിട്ടുണ്ട്. അവകാശപ്പോരാട്ടത്തിനിടെ രക്തസാക്ഷിത്വം വരിച്ച നാല് കർഷകർ വരുംകാല പോരാട്ടത്തിന് അവിരാമമായ ഊർജമായിരിക്കും

Published

|

Last Updated

ത്തരേന്ത്യയിൽ മഴ പെയ്യുന്ന കാലമാണിത്. ചുട്ടുപ്പൊള്ളുന്ന ഉഷ്ണ കാലത്തിനും മഞ്ഞു കാലത്തിനും മധ്യേ ലഭിക്കുന്ന വളരെ ചെറിയ സമയം. ഈ ഘട്ടത്തിലാണ് കർഷകർ ശീതകാല കൃഷിക്കായി നിലമൊരുക്കാറ്. എന്നാൽ രാജ്യത്തെ കർഷകരിപ്പോൾ നിലമൊരുക്കുന്ന തിരക്കിലല്ല, അവർ അവകാശ സംരക്ഷണത്തിനായി തെരുവിലാണ്. വിളകളുടെ അവകാശം കർഷകർക്ക് തിരികെ നൽകൂ എന്നാവശ്യപ്പെട്ട് ഭരണകൂട പ്രതിനിധികളെ കാണുന്നിടത്തെല്ലാം ഘെരാവൊ ചെയ്യാറുണ്ട്. അത്തരമൊരു പ്രതിഷേധത്തിലേക്കാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ വാഹനവ്യൂഹത്തിലെ എസ് യു വി കാർ ഇടിച്ചുകയറ്റി നാല് കർഷകരുടെ ജീവനെടുത്തത്. അശ്രദ്ധയിൽ സംഭവിച്ച ഒരപകടം മാത്രമാണ് ഈ കർഷകക്കുരുതിയെന്ന് വിശ്വസിക്കാൻ അത്ര എളുപ്പത്തിൽ കഴിയില്ല. സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെയുള്ള കർഷക സംഘടനകൾ ആരോപിക്കുന്നത് പോലെ ആസൂത്രിതമാണിതെന്ന് സ്ഥാപിക്കുന്ന തെളിവുകൾ ധാരാളമുണ്ട്. രാജ്യത്തുയർന്ന കർഷക രോഷത്തെ ചോരയിൽ മുക്കി തണുപ്പിക്കാമെന്ന ഭരണകൂട മോഹത്തിനെതിരെയുള്ള തെളിവുകൾ.

ഉത്തർ പ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിലെ ടികുനിയ പ്രദേശത്ത് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയും ഒരു പരിപാടിക്ക് എത്തുന്നതറിഞ്ഞുള്ള പ്രതിഷേധം ഞായറാഴ്ച രാവിലെ തന്നെ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കർഷക നിയമങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാഡുകളുമായും കർഷക സംഘടനകളുടെ കൊടികളുമായും കർഷകർ തെരുവിൽ നിലയുറിപ്പിച്ചിരുന്നു. സംസ്ഥാനത്ത് കർഷക പ്രതിഷേധങ്ങൾ ശക്തിപ്രാപിച്ചുവരുന്നതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയും നടത്തിയ പ്രസ്താവനകൾക്കെതിരെ കൂടിയായിരുന്നു കർഷകരുടെ പ്രതിഷേധം. ഉപമുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങാൻ തയാറാക്കിയ ഹെലിപാഡ് ആയിരക്കണക്കിന് കർഷകർ കൈയേറുകയും ഇതോടെ ലക്‌നോവിൽ നിന്ന് ലഖിംപുർ ഖേരിയിലേക്കുള്ള യാത്ര ഉപമുഖ്യമന്ത്രി റോഡ് മാർഗവുമാക്കിയിരുന്നു. പ്രദേശത്ത് ബി ജെ പി പ്രവർത്തകരും കർഷകരും തമ്മിൽ സംഘർഷം ഈ ഘട്ടത്തിലെല്ലാം രൂപപ്പെട്ടിരുന്നു. വൈകുന്നേരത്തോടെ കർഷക പ്രതിഷേധത്തിനിടയിലൂടെ ഉപമുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നുപോയി. പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ വാഹനവ്യൂഹം കടന്നുവന്നത്. പ്രതിഷേധത്തിനായി മുഷ്ടി ചുരുട്ടിയിരുന്ന നിരായുധരായ കർഷക പോരാളികൾക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിൽ നിന്നുള്ള ഒരു എസ് യു വി കാർ ഇടിച്ചുകയറ്റുകയായിരുന്നു. കേന്ദ്രമന്ത്രിയുടെ മകനാണ് കാറിലുണ്ടായിരുന്നതെന്ന് കർഷക നേതാക്കളും ദൃക്‌സാക്ഷികളും ഉറപ്പിച്ചു പറയുന്നു.

ലവ് പ്രതീത് സിംഗ്, നചട്ടർ സിംഗ്, ദൽജീത് സിംഗ് എന്നീ മൂന്ന് പേർ വാഹനം ഇടിച്ചും കാറിൽ നിന്ന് വെടിവെച്ചതിനെത്തുടർന്ന് 19 വയസ്സുകാരൻ ഗുരുവീന്ദർ സിംഗും കൊല്ലപ്പെടുകയായിരുന്നുവെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. ലഖിംപൂർ ഖേരിയിലെ ടികുനിയ പ്രദേശത്ത് കർഷകർ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. കേന്ദ്ര സഹമന്ത്രിയുടെ മകൻ അവരിലേക്ക് കാർ ഓടിച്ചുകയറ്റി. സംഭവത്തിൽ നിരവധി കർഷകർക്ക് പരുക്കേൽക്കുകയും ചിലർ മരിക്കുകയും ചെയതുവെന്ന് സംയുക്ത കിസാൻ മോർച്ച വക്താവ് ജഗ്താർ സിംഗ് ബജ്വ പറഞ്ഞു. രാഷ്ട്രീയ നേതാവിന്റെ മകൻ കർഷകരിൽ ഒരാളെ വെടിവെച്ചു കൊന്നതായും സംയുക്ത കിസാൻ മോർച്ച വക്താവ് ആരോപിച്ചു.

അതേസമയം, തന്റെ മകന് സംഭവത്തിൽ പങ്കില്ലെന്നാണ് മിശ്ര പറയുന്നത്. ലഖിംപൂർ ഖേരി സംഭവ സ്ഥലത്ത് എന്റെ മകൻ ഉണ്ടായിരുന്നില്ല. തന്റെ കൈയിൽ വീഡിയോ തെളിവുകൾ ഉണ്ട്. ബി ജെ പി പ്രവർത്തകരുടെ കാറിന് നേരെ കല്ലെറിഞ്ഞു, അത് മറിഞ്ഞു. രണ്ട് പേർ അതിനടിയിൽപ്പെട്ട് മരിച്ചു. ഇതിന് ശേഷം ബി ജെ പി പ്രവർത്തകർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് മിശ്ര പറയുന്നത്. അതേസമയം, സംഭവത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് മിശ്രയുടെ മകനെതിരെ ഉത്തർ പ്രദേശ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റ് നിരവധി പേരോടൊപ്പമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആഷിശ് മിശ്രയുടെ പേരും ഉൾപ്പെട്ടിരിക്കുന്നത്. ശബ്ദമുയർത്തുന്നവരെ വെടിവെച്ച് തീർക്കുക എന്നത് ഉത്തർ പ്രദേശിലെ സ്ഥിരം പരിപാടിയാണ്. അത്തരം ഗുണ്ടകൾ എമ്പാടുമുണ്ട് സംസ്ഥാനത്ത്. യോഗി ആദിത്യനാഥ് ഭരിക്കാൻ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ സർക്കാർ തന്നെ ഈ ഗുണ്ടാപണി ചെയ്യുന്നു. കർഷകരെ കൊന്നു തള്ളുമ്പോൾ അതാണ് വ്യക്തമാകുന്നത്. പശ്ചിമ ഉത്തർപ്രദേശിൽ മാത്രമായിരിക്കും കർഷക സംഘടനകൾക്ക് ഏന്തെങ്കിലും തരത്തിലുള്ള ചനലമുണ്ടാക്കാനാകുകയെന്നാണ് ബി ജെ പി ഇത്രയും കാലം വിചാരിച്ചിരുന്നത്. എന്നാൽ മധ്യ യു പിയിലെ ലഖിംപുർ ഖേരി ജില്ലയിലടക്കം പ്രതിഷേധം ശക്തമാകുന്നത് അടുത്ത തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ മോഹങ്ങൾക്ക് മേൽ തെല്ലൊന്നുമല്ല കരിനിഴൽ വീഴ്ത്തിയിട്ടുള്ളത്. പശ്ചിമ യു പിയിൽ നിന്ന് മെല്ലെ മെല്ലെ പടരുന്ന കർഷക രോഷത്തെ പിടിച്ചുനിർത്താനുള്ള ശ്രമങ്ങൾ ബി ജെ പി നേതാക്കൾ നേരത്തേ തന്നെ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായിരുന്നു ഉത്തർ പ്രദേശിൽ കർഷക പ്രക്ഷോഭം ഒരു ചലനവും സൃഷ്ടിക്കാൻ പോകുന്നില്ലെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന. കേവലം പത്ത് പതിനഞ്ച് പേർ മാത്രമാണ് പ്രതിഷേധിക്കുന്നതെന്നാണ് കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര പരിഹസിച്ചത്. ഇതിന്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.

കർഷക കൂട്ടക്കുരുതിക്ക് പിന്നാലെ ഉത്തർ പ്രദേശിലും രാജ്യത്താകെയും പ്രതിഷേധം ശക്തമായിട്ടുണ്ട്. പഞ്ചാബ്, ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ ലഖിംപുർ ഖേരിലേക്ക് ഒഴുകുകയാണ്. പ്രതിഷേധം ആളിക്കത്താതിരിക്കാൻ പ്രതിപക്ഷ നേതാക്കളെയും കർഷക സംഘടനാ നേതാക്കളേയും പോലീസ് തടഞ്ഞുവെച്ചു. പ്രദേശം സന്ദർശിക്കാൻ തയ്യാറെടുത്ത എസ് പി നേതാവ് അഖിലേഷ് യാദവിനേയും കോൺഗ്രസ്സ് നേതാവ് പ്രിയങ്കാ ഗാന്ധിയേയും വിട്ടുതടങ്കിലാക്കി. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ ഉത്തർ പ്രദേശ് സന്ദർശനത്തിനുള്ള അനുമതി നിഷേധിച്ചു. പ്രദേശത്ത് ഇന്റർനെറ്റ് സേവനം ഉൾപ്പെടെയുള്ളവ നിരോധിച്ച് വാർത്തകൾ പുറത്ത് പോകാതിരിക്കാനുള്ള ശ്രമങ്ങളും ഭരണകൂടം ചെയ്യുന്നുണ്ട്. ക്രമസമാധാനം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് അരവിന്ദ് കുമാർ ചൗരസ്യ പറയുന്നത്. അതിനിടെ, സംഭവത്തിൽ ഹൈക്കോടതി റിട്ടയേർഡ് ജഡ്ജിന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് രംഗം ശാന്തമാക്കാൻ യു പി സർക്കാർ ശ്രമിക്കുന്നുണ്ട്. കൊല്ലപ്പെട്ട കർഷകരുടെ അടുത്തബന്ധുവിന് സർക്കാർ ജോലിയും കുടുംബത്തിന് 45 ലക്ഷം രൂപ വീതവും നൽകുമെന്നും പ്രഖ്യാപനം വന്നു.

ചേതനയറ്റാലും കൃഷിഭൂമിയിലെ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ലഖിംപൂർ ഖേരിയിൽ നിന്നുള്ള സംഭവത്തിന് ശേഷവും കർഷകർ പ്രഖ്യാപിക്കുന്നത്. ഉത്തർ പ്രദേശ്, ഹരിയാന, പഞ്ചാബ്, ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും രാജ്യത്താകെയും പ്രതിഷേധം ശക്തമായിട്ടുണ്ട്. അവകാശപ്പോരാട്ടത്തിനിടെ രക്തസാക്ഷിത്വം വരിച്ച നാല് കർഷകർ വരുംകാല പോരാട്ടത്തിന് അവിരാമമായ ഊർജമായിരിക്കും. ഒരു സമരത്തിനെയും ഭീഷണിപ്പെടുത്തിയും അടിച്ചും കൊന്നും തകർക്കാനാകില്ല.

കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കർഷകർ ഉയർത്തുന്നത് ന്യായമായ മുദ്രാവാക്യമാണെന്ന് രാജ്യത്തെ നേർബുദ്ധിയുള്ള മുഴുവൻ മനുഷ്യരും വിശ്വസിക്കുന്നു. എന്നാൽ കേന്ദ്ര സർക്കാർ ദുരഭിമാനം വിടാൻ തയ്യാറാകുന്നില്ല. രാജ്യത്തെ ഊട്ടിയവർ കൊടും തണുപ്പത്ത് തെരുവിൽ കിടക്കുകയാണ്. ഉള്ളിൽ അണയാത്ത പോരാട്ടക്കനൽ ഉള്ളത് കൊണ്ടാണ് ജീവിതസായാഹ്നത്തിൽ എത്തിനിൽക്കുന്ന വരടക്കം ആയിരങ്ങൾ സമരമുഖത്ത് നിലയുറപ്പിക്കുന്നത്. അവരെ നേരിടാൻ സർക്കാർ എന്തൊക്കെ സന്നാഹങ്ങളാണ് ഒരുക്കിയത്? സായുധസജ്ജരായി എത്രമാത്രം പോലീസുകാരെയാണ് നിയോഗിച്ചത്? കർഷകരെ പ്രകോപിപ്പിക്കാൻ എന്തൊക്കെ തന്ത്രങ്ങളാണ് പയറ്റുന്നത്? സമരം പൊളിക്കാൻ ബഹുമുഖ തന്ത്രങ്ങളാണ് സർക്കാറും ഭരണകക്ഷിയായ ബി ജെ പിയും ഒരുക്കുന്നത്. അവയിൽ ഒന്നാണ് സുപ്രീം കോടതിയിൽ നൽകിയ ഹരജി പോലും. കർഷക സമരം മാർഗ തടസ്സം സൃഷ്ടിക്കുന്നുവെന്നും അതുകൊണ്ട് സമരം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശിക്കണമെന്നും കാണിച്ചാണ് ഹരജികൾ. ഈ ഹരജികളിൽ കർഷകരെ ശകാരിക്കുന്ന തരത്തിൽ പരമോന്നത കോടതി ബഞ്ചിൽ നിന്ന് ഇന്നലെയും പരാമർശമുണ്ടായി. ഇത് ഖേദകരമാണ്. ഇങ്ങനെയല്ല നീതിന്യായ വിഭാഗം ഈ കാര്യങ്ങളെ കാണേണ്ടത്. ഭരണ സംവിധാനത്തെ തിരുത്താനുള്ള കടമയാണ് കോടതികൾ നിർവഹിക്കേണ്ടത്.

കർഷകരുമായി പല വട്ടം ചർച്ച നടത്തി, അവർ വഴങ്ങുന്നില്ലെന്നാണ് കേന്ദ്ര കൃഷി മന്ത്രിയും ആഭ്യന്തര മന്ത്രിയുമൊക്കെ പറയുന്നത്. താങ്ങുവില ഉറപ്പാക്കും, അഗ്രി കൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റുകൾ (മണ്ഡികൾ) നിർത്തലാക്കില്ല, ഇടനിലക്കാരുടെ ചൂഷണം തടയാൻ പ്രത്യേക പരിരക്ഷ കൊണ്ടുവരും എന്നൊക്കെയാണ് സർക്കാർ നൽകുന്ന വാഗ്ദാനം. അത് വിശ്വാസത്തിലെടുക്കാൻ കർഷകർ തയ്യാറല്ല. ഇങ്ങനെയൊക്കെ വാഗ്ദാനം ചെയ്യുന്ന സർക്കാറിന് കാര്യങ്ങൾ ബോധ്യപ്പെടുന്നുണ്ടെങ്കിൽ എന്തുകൊണ്ട് നിയമം പിൻവലിച്ചു കൂടാ എന്നാണ് കർഷക നേതാക്കൾ ചോദിക്കുന്നത്.

Latest