Health
ചില്ലറക്കാരനല്ല ഈ വത്തക്ക
മാംസളമായ ഭാഗം മുതൽ വിത്ത് വരെ നിരവധി ഔഷധ ഗുണങ്ങളുള്ള തണ്ണിമത്തൻ ആരോഗ്യത്തിന്റെ കാര്യത്തിൽ ഒരു ഓൾ ഇൻ ഓൾ ചാമ്പ്യൻ ആണ്.

മേടത്തിലെ ചൂട് മുറ്റത്തും ഉച്ചിയിലും തിളച്ചു പൊങ്ങുമ്പോൾ ആശ്വാസത്തിനായി തണുത്ത വെള്ളത്തെയോ പഴവർഗങ്ങളെയോ ആശ്രയിക്കുന്നവരാണ് നമ്മളിൽ ഏറെ ആളുകളും. ഇത്തരത്തിൽ നമ്മൾ ഉപയോഗിക്കുന്ന പഴവർഗങ്ങളിൽ പ്രധാനിയാണ് തണ്ണി മത്തൻ അല്ലെങ്കിൽ മലബാറുകാർ വത്തക്ക എന്ന് വിളിക്കുന്ന വാട്ടർമെലൺ. ചുട്ടുപൊള്ളുന്ന ചൂടിനെ പ്രതിരോധിക്കുന്നതിനോടൊപ്പം മറ്റ് നിരവധി ആരോഗ്യ ഗുണങ്ങൾ കൂടി നിറഞ്ഞതാണ് ഈ പഴവർഗം.
വേനൽ ചൂടിനെ അതിജീവിക്കാനും ഉഷ്ണ തരംഗത്തെ ചെറുക്കാനും ശരീരത്തിന് ധാരാളം ജലാംശവും പോഷകാഹാരവും ആവശ്യമായ സമയം കൂടിയാണിത്. മാംസളമായ ഭാഗം മുതൽ വിത്ത് വരെ നിരവധി ഔഷധ ഗുണങ്ങളുള്ള തണ്ണിമത്തൻ ആരോഗ്യത്തിന്റെ കാര്യത്തിൽ ഒരു ഓൾ ഇൻ ഓൾ ചാമ്പ്യൻ ആണ്.
ശരീരത്തിലെ ഇലക്ട്രോലൈറ്റിന്റെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്ന 92% വെള്ളവും പോഷകങ്ങളും അടങ്ങിയ ഒരു പഴമാണ് തണ്ണിമത്തൻ. തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന 92% ജലാംശം ശരീര താപനില നിയന്ത്രിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം നിലനിർത്താനും ശാന്തമാക്കാനും സഹായിക്കുന്നു. ലൈക്കോപ്പീൻ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്സിഡന്റുകൾ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ ഈ പഴം ശരീരകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും അനാവശ്യ വീക്കങ്ങൾ കുറയ്ക്കാനും ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
തണ്ണിമത്തൻ പതിവായി ഉപയോഗിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ഇതുകൂടാതെ കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന നിരവധി ഘടകങ്ങളും തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.
തണ്ണിമത്തനിൽ ധാരാളമായി കാണപ്പെടുന്ന അമിനോ ആസിഡ് സിട്രലിൻ ശരീരത്തിൽ ആന്റിജനായി മാറുകയും ഇത് ആരോഗ്യകരമായ രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്തുകയും ചെയ്യുന്നു. രക്തയോട്ടം മെച്ചപ്പെടുത്താനും തണ്ണിമത്തന് കഴിയും. ഇതെല്ലാം കൊണ്ട് തന്നെ തണ്ണിമത്തൻ പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടാനും സഹായിക്കും.
വേനൽ ചൂടിനെ പ്രതിരോധിക്കുന്നതിനോടൊപ്പം നിരവധി ആരോഗ്യ ഗുണങ്ങൾ കൂടി പ്രദാനം ചെയ്യുന്ന ഈ പഴത്തെ ഈ വേനലിൽ കൂടെ കൂട്ടാൻ മറക്കണ്ട.