Connect with us

gaza attack two years

ഇതോ, മാനുഷിക സുരക്ഷിത മേഖല

ഒരുതരത്തിൽ പറഞ്ഞാൽ 17 ലക്ഷത്തോളം ഫലസ്തീനികളെ സുരക്ഷിതത്വത്തിന്റെ പേരിൽ കുത്തിനിറച്ച തടങ്കൽ പാളയമാണ് അൽ മവാസി.

Published

|

Last Updated

ഗസ്സ | ഒരുകാലത്ത് വിശാല സൗകര്യങ്ങളോടെ വില്ലകളിലും ചെറുതെങ്കിലും സുരക്ഷിതമായ വീടുകളിലും കഴിഞ്ഞിരുന്ന ഫലസ്തീനികളിന്ന് മാലിന്യക്കൂമ്പാരങ്ങൾക്കിടയിലെ കീറിപ്പറിഞ്ഞ ടെന്റുകളിൽ അശാന്തിയോടെ ജീവിതം തള്ളിനീക്കുകയാണ്. വടക്ക് നിന്നും തെക്കുനിന്നും ഗസ്സാ സിറ്റിയിൽ നിന്നും കുടിയിറക്കപ്പെട്ട ഫലസ്തീനികൾക്ക് സുരക്ഷിതമായി ഇരിക്കാൻ ഗസ്സയിലിന്ന് ഇടമില്ല. ഓരോ ദിവസവും നൂറുകണക്കിന് പേരാണ് ഗസ്സാ നഗരത്തിൽ നിന്ന് ജീവനുംകൊണ്ടോടുന്നത്. തെക്കൻ മേഖല സുരക്ഷിതമെന്ന് ഇസ്‌റാഈൽ കൊട്ടിഘോഷിക്കുമ്പോഴും തിങ്ങിഞെരുങ്ങിയാണ് ഓരോ ചെറിയ കൂടാരങ്ങളിലും ഇരുപതിലധികം ആളുകൾ കഴിയുന്നത്. അൽ മവാസി മാനുഷിക സുരക്ഷിത മേഖലയെന്ന് പറഞ്ഞ് അവിടേക്ക് ആളുകളെ തള്ളിവിടുന്നു. എന്നാൽ നിരന്തരം ബോംബാക്രമണത്തിൽ നിരവധി പേർ ഇവിടെ കൊല്ലപ്പെടുന്നുണ്ട്.

റസിഡൻഷ്യൽ ടവറുകൾ ബോംബ് വെച്ച് തകർക്കുന്നു, ടെന്റുകൾക്ക് മേൽ ഷെല്ലുകൾ പതിക്കുന്നു, ജനക്കൂട്ടത്തെ ക്വാഡ്‌കോപ്റ്ററുകൾ ലക്ഷ്യം വെക്കുന്നു, സഹായത്തിനായി കാത്തുനിൽക്കുന്നവരെ റിമോട്ട് നിയന്ത്രിത സ്‌ഫോടനത്താൽ ഛിന്നഭിന്നമാക്കുന്നു.
ഗസ്സാ മുനമ്പിന്റെ 12 ശതമാനം വരുന്ന അൽ മവാസിയിൽ ലക്ഷക്കണക്കിനാളുകളാണ് തിങ്ങിക്കഴിയുന്നത്. അവിടെ ആശുപത്രികളില്ല, വെള്ളമില്ല, ഭക്ഷണമില്ല, വൈദ്യുതിയില്ല, മറ്റു അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. മവാസിയിൽ മാത്രം 112ലധികം വ്യോമാക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 2,000ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഒരുതരത്തിൽ പറഞ്ഞാൽ 17 ലക്ഷത്തോളം ഫലസ്തീനികളെ സുരക്ഷിതത്വത്തിന്റെ പേരിൽ കുത്തിനിറച്ച തടങ്കൽ പാളയമാണ് അൽ മവാസി.

”അവർ ഉത്തരവിട്ടത് പോലെ ഞങ്ങൾ തെക്കോട്ട് പോയി. തെക്കിലും അവർ ബോംബിട്ടു. പോകുന്ന ഓരോ സ്ഥലത്തും ഞങ്ങളെ വേട്ടയാടുന്നു. ഇവിടെയെത്തിയ ആദ്യ ദിവസം ഞങ്ങൾ തെരുവിൽ ഉറങ്ങി. രണ്ടാമത്തെ രാത്രി അഭയത്തിനായി അലഞ്ഞു. സ്‌കൂളുകൾ തിങ്ങനിറഞ്ഞതിനാൽ അവിടെയും നിൽക്കാനായില്ല. ഇനി ബോംബ് വർഷിക്കില്ലെന്നോർത്ത് മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ കഴിച്ചുകൂട്ടുകയാണ്. എന്നാൽ ഇവിടെയും തീജ്വാലകളാണ്- ജൽആയിൽ നിന്നുള്ള അഞ്ച് കുട്ടികളുടെ മാതാവായ 42കാരി ഉമ്മു മഹ്്മൂദ് സമൂർ പറഞ്ഞു.
രാത്രിയിലെ ചൂടിലും പ്രാണികൾക്കും എലികൾക്കുമിടയിൽ മാലിന്യത്തിലെ ദുർഗന്ധം സഹിച്ച് ആകാശത്തേക്ക് നോക്കിയാണ് കിടക്കുന്നത്. പനിയും മറ്റുരോഗങ്ങളും കാരണം കുട്ടികൾ സഹനത്തീയിൽ ഉരുകുന്നു. മാലിന്യവും നിരാശയും മാത്രമാണ് ബാക്കി. മൃഗതുല്യമായ ജീവിതമാണെന്ന് പോലും ഇതിനെ പറയാനാകില്ല. അതിനേക്കാൾ ഭയാനകമായ അവസ്ഥയിലാണ് തങ്ങളെന്ന് മറ്റൊരു മാതാവായ റീമിന്റെ വാക്കുകൾ.

 

---- facebook comment plugin here -----

Latest