Connect with us

local body election 2025

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്; രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്സ്; പട്ടികയില്‍ ട്രാന്‍സ്‌ജെന്‍ഡറും

നേരത്തേ 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്സ്. ശേഷിക്കുന്ന 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ചത്. നേരത്തേ 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.

പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിൽ നിന്നുള്ള അമേയ പ്രസാദ് മത്സരിക്കും. കെ എസ് യു ജില്ലാ പ്രസിഡന്റ്ഗോപു നയ്യാര്‍ പൂവച്ചല്‍ വാര്‍ഡിൽ നിന്ന് ജനവിധി തേടും. ഡി സി സി വൈസ് പ്രസിഡന്റും മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റുമായ സുധീര്‍ഷാ പാലോട് കല്ലറയിൽ മത്സരിക്കും. നാവായിക്കുളം ഡിവിഷനില്‍ ആര്‍ എസ് പിയും കണിയാപുരത്ത് മുസ്്‌ലിം ലീഗുമാണ് മത്സരിക്കുക.

കെ പി സി സി ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അന്‍സജിത റസ്സല്‍, കരുകുളം പഞ്ചായത്ത് പ്രസിഡന്റ്ഫ്രീഡാ സൈമണ്‍ എന്നിവരാണ് ആദ്യഘട്ട പട്ടികയിലെ പ്രമുഖര്‍. അതേസമയം, ജില്ലാ പഞ്ചായത്തിലെ 28 ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ എല്‍ ഡി എഫ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആകെ 28 സീറ്റുകളില്‍ 21ലും സി പി എമ്മാണ് മത്സരിക്കുന്നത്.

സി പി ഐ നാല് സീറ്റുകളില്‍ മത്സരിക്കുമ്പോള്‍, ജനതാദള്‍, ആര്‍ ജെ ഡി, കേരള കോണ്‍ഗ്രസ്സ് (എസ്) എന്നീ ഘടകകക്ഷികള്‍ക്ക് ഓരോ സീറ്റ് വീതം നല്‍കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളില്‍ ഏറ്റവും പ്രായം കൂടിയയാള്‍ നാവായിക്കുളം ഡിവിഷനില്‍ മത്സരിക്കുന്ന ബി പി മുരളിയാണ്. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി എസ് എഫ് ഐ ഏരിയാ പ്രസിഡന്റായ 21കാരി ഫാത്വിമ ഹിസാനയാണ്. കിളിമാനൂര്‍ ഡിവിഷനിലാണ് ഹിസാന മത്സരിക്കുന്നത്.

---- facebook comment plugin here -----