Haritha Issue
ഹരിതയുടെ ആഗ്രഹത്തിന് അനുസൃതമായി കാര്യങ്ങള്‍ പരിഹരിക്കും: എം കെ മുനീര്‍
ഹരിത വിവാദത്തില്‍ മൂന്ന് എം എസ് എഫ് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്യാനും ഹരിത നേതാക്കള്‍ വനിത കമ്മീഷന് നല്‍കിയ പരാതിയും പിന്‍വലിക്കാനും ധാരണയായതായാണ് സൂചന
കോഴിക്കോട് | എം എസ് എഫ് നേതാക്കള്‍ക്കെതിരെ ഹരിത അംഗങ്ങള്‍ വനിത കമീഷന് പരാതി നല്‍കിയ സംഭവത്തില്‍ സമവായം ഉണ്ടായെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍. പാര്‍ട്ടിക്ക് വിഷമമില്ലാത്ത രീതിയില്‍, ഹരിത അംഗങ്ങളുടെ ആഗ്രഹത്തിന് അനുസൃതമായി കാര്യങ്ങള്‍ പരിഹരിക്കുമെന്നും എം കെ മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഔദ്യോഗിക തീരുമാനം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി മാധ്യമങ്ങളെ അറിയിക്കും. ഹരിത എന്ന് പറയുന്നത് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ട്ടി ഘടകമാണ്. അവര്‍ക്ക് വിഷമം ഉണ്ടാകുന്ന രീതിയില്‍ തീരുമാനമെടുക്കില്ലെന്നും മുനീര്‍ പറഞ്ഞു.
ഹരിത വിവാദത്തില്‍ മൂന്ന് എം എസ് എഫ് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്യാനും ഹരിത നേതാക്കള്‍ വനിത കമ്മീഷന് നല്‍കിയ പരാതിയും പിന്‍വലിക്കാനും ധാരണയായതായാണ് സൂചന. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെ രണ്ട് ആഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ ധാരണയായിട്ടുണ്ട്. കബിര്‍ മുതുപറമ്പ്, വി എ അബ്ദുല്‍ വഹാബ് എന്നീ നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് അറിയുന്നത് . വിവാദത്തില്‍ ഹരിതക്ക് മുന്നില്‍ മുസ്ലിം ലീഗിന് കീഴടങ്ങേണ്ടി വന്നുവെന്നാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഹരിത സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി എ വഹാബ് എന്നിവര്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമായത്.





