National
180 കിലോമീറ്റര്‍ വരെ വേഗത: രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിൻ ഓടി തുടങ്ങി
16 കോച്ചുകളാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിലുള്ളത്.
ഹൗറ | ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. 16 കോച്ചുകളാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിലുള്ളത്. ഇതില്‍ 11 എസി ത്രീ-ടയര്‍ കോച്ചുകളും നാല് എസി ടു-ടയര്‍ കോച്ചുകളും ഒരു ഫസ്റ്റ് എസി കോച്ചും ഉള്‍പ്പെടുന്നു. ഒരേസമയം 823 യാത്രക്കാര്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാം.
സുരക്ഷയ്ക്കായി ട്രെയിനില്‍ ‘കവച്’ എമര്‍ജന്‍സി ടോക്ക്-ബാക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. എസി ത്രീ-ടയര്‍ ടിക്കറ്റുകളുടെ നിരക്ക് 960 രൂപ മുതലാണ്. എസി ടു-ടയറിന് ഏകദേശം 1,240 രൂപയും ഫസ്റ്റ് എസിക്ക് ഏകദേശം 1,520 രൂപയും ഈടാക്കും. ഏകദേശം 1,000 കിലോമീറ്റര്‍ ദൂരയാത്രകള്‍ക്ക് ടിക്കറ്റ് നിരക്ക് 2,400 രൂപ മുതല്‍ 3,800 രൂപ വരെയായിരിക്കും.
സുരക്ഷാകാരണങ്ങളാല്‍ പരമാവധി 130 കിലോമീറ്റര്‍ വേഗത്തില്‍ മാത്രമാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. 180 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ കഴിയുമെങ്കിലും സ്ലീപ്പര്‍ ട്രെയിനുകള്‍ 130 കിലോമീറ്റര്‍ വേഗത്തിനപ്പുറം ഓടിക്കില്ല.
ട്രെയിനില്‍ റിസര്‍വേഷന്‍ അഗെയിന്‍സ്റ്റ് കാന്‍സലേഷന്‍ (RAC) സംവിധാനം ഉണ്ടായിരിക്കില്ല. വന്ദേ ഭാരത് സ്ലീപ്പറില്‍ വിഐപി പരിഗണനകളോ എമര്‍ജന്‍സി ക്വാട്ടയോ ഇല്ല. കണ്‍ഫേം ടിക്കറ്റുള്ളവര്‍ക്ക് മാത്രമേ ട്രെയിനില്‍ പ്രവേശനം അനുവദിക്കൂ.





