Kerala
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കുറ്റങ്ങള്‍ അതീവ ഗുരുതരമെന്ന് കോടതി
രാഹുലിന്റെ അറസ്റ്റ് നിയമപ്രകാരമാണ്. തെളിവുകള്‍ നശിപ്പിക്കാനും അതിജീവിതയെ ഭീഷണിപ്പെടുത്താനും അന്വേഷണം അട്ടിമറിക്കാനും സാധ്യതയുണ്ട്. ഈസാഹചര്യത്തില്‍ ജാമ്യം അനുവദിക്കില്ലെന്ന് കോടതി
തിരുവല്ല | പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ അതീവ ഗുരുതരമായതെന്ന് കോടതി നിരീക്ഷണം. പ്രതിഭാഗം ഉന്നയിച്ച വാദങ്ങള്‍ പൂര്‍ണമായും കോടതി തള്ളിക്കളഞ്ഞു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന രാഹുലിന്റെ വാദം നിലനില്‍ക്കില്ലെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് തിരുവല്ല ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വ്യക്തമാക്കി.
യുവതി പരാതിയില്‍ നേരിട്ട് ഒപ്പിട്ടില്ലെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഡിജിറ്റല്‍ ഒപ്പ് മതി. രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ എംഎല്‍എയാണ്. അദ്ദേഹത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും കോടതി നിരീക്ഷിച്ചു
ഇരയായ യുവതിയെകൊണ്ട് സ്വകാര്യ ഹോട്ടലില്‍ മുറി ബുക്ക് ചെയ്യിപ്പിച്ചത് രാഹുലാണ്. പുറത്ത് റസ്റ്റോറന്റിലിരുന്നു സംസാരിക്കാമെന്ന് യുവതി പറഞ്ഞെങ്കിലും രാഹുല്‍ സമ്മതിച്ചില്ല. കേസില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി വിലയിരുത്തി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മുറിയിലേക്ക് വന്നയുടനെ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. രേഖകള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാണ്. രാഹുലിന്റെ അറസ്റ്റ് നിയമപ്രകാരമാണ്. തെളിവുകള്‍ നശിപ്പിക്കാനും അതിജീവിതയെ ഭീഷണിപ്പെടുത്താനും അന്വേഷണം അട്ടിമറിക്കാനും സാധ്യതയുണ്ട്. ഈസാഹചര്യത്തില്‍ ജാമ്യം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
വാദിയുടെ വ്യക്തമായ മൊഴിയില്ലാതെയാണ് പോലീസ് കേസെടുത്തതെന്നും എഫ്‌ഐആര്‍ ഇട്ടതെന്നും പ്രതിഭാഗം വാദിച്ചു. രാഹുലിന്റെ അറസ്റ്റ് നിലനില്‍ക്കുന്നതല്ല. മാനദണ്ഡം പാലിക്കാതെയാണ് അറസ്റ്റ് ചെയ്തത്. നിലവില്‍ സമാന കേസില്‍ പ്രതിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതാണെന്നും നിയമസഭാംഗമാണെന്നും പ്രതിഭാഗം വാദിച്ചു.
വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്യുകയും ഗര്‍ഭച്ഛിദ്രത്തിനു നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പ്രവാസിയായ യുവതിയുടെ പരാതിയിലാണ് കഴിഞ്ഞ 11ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് നിന്നും രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആദ്യ രണ്ടു പീഡനക്കേസുകളിലും അറസ്റ്റില്‍നിന്നു വഴുതിപ്പോയ രാഹുലിനെ മൂന്നാമതായി ഉയര്‍ന്ന പീഡനക്കേസിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2024 ഏപ്രില്‍ എട്ടിന് അതിജീവിതയെ തിരുവല്ലയിലെ ഹോട്ടലില്‍ വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ചെന്നാണ് കേസ്.
ജാമ്യം തേടിയുള്ള രാഹുലിന്റെ അപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റ്ന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജി.ദേവിയാണ് ഹാജരായത്. അതിജീവിതയുടെ വിവരങ്ങള്‍ പുറത്താകാതിരിക്കാന്‍ വാദം അടച്ചിട്ട കോടതിമുറിയില്‍ വേണമെന്ന് അസിസ്റ്റ്ന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യം പ്രതിഭാഗവും അംഗീകരിച്ചിരുന്നു. ശാസ്താമംഗലം അജിത് കുമാറാണ് രാഹുലിനുവേണ്ടി കോടതിയില്‍ ഹാജരായത്.





