Kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; കെ പി ശങ്കരദാസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി
സ്വകാര്യ ആശുപത്രിയിലെ ചികിത്സയില്‍ അസ്വാഭാവികതയുണ്ടെന്ന ജയില്‍ ഡോക്ടറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി
തിരുവനന്തപുരം \ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സ്വകാര്യ ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയുന്ന കെ പി ശങ്കരദാസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിലെ ചികിത്സയില്‍ അസ്വാഭാവികതയുണ്ടെന്ന ജയില്‍ ഡോക്ടറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചതിന് പിന്നാലെ ഹൃദ്രോഗ വിഭാഗത്തിലേക്ക് മാറ്റി
ഇന്നലെ വൈകുന്നേരം ശങ്കരദാസ് കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെത്തി കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി അദ്ദേഹത്തെ 12 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിരുന്നു.
കഴിഞ്ഞദിവസമാണ് ശബരിമല സ്വര്‍ണക്കൊള്ള കേസിലെ 11-ാം പ്രതിയായ ശങ്കരദാസിനെ എസ്‌ഐടി സംഘം ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്തത്. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശമുന്നയിച്ചതിന് പിറകെയായിരുന്നു നടപടി. മകന്‍ എസ്പി ആയതുകൊണ്ടാണ് ശങ്കരദാസ് അറസ്റ്റ് ഒഴിവാക്കി ആശുപത്രിയില്‍ തുടരുന്നത് എന്നായിരുന്നു കോടതിയുടെ പരാമര്‍ശം.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഒരു ദിവസത്തേക്ക കസ്റ്റഡിയില്‍ വാങ്ങി.




