Uae
പ്രതിരോധ ശേഷിയെക്കുറിച്ചുള്ള തെറ്റായ വാര്‍ത്ത; ബ്ലൂംബെര്‍ഗിനെതിരെ യു എ ഇ
രാജ്യത്തിന്റെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും തെറ്റായ വിവരങ്ങളാണ് റിപോര്‍ട്ടിലുള്ളതെന്ന് മന്ത്രാലയം.
അബൂദബി | യു എ ഇയുടെ പ്രതിരോധ ശേഷിയെക്കുറിച്ച് ബ്ലൂംബെര്‍ഗ് പ്രസിദ്ധീകരിച്ച വാര്‍ത്താ റിപോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും തെറ്റായ വിവരങ്ങളാണ് റിപോര്‍ട്ടിലുള്ളതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉത്തരവാദിത്തമുള്ള പത്രപ്രവര്‍ത്തനത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച മന്ത്രാലയം, ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷം മാത്രമേ വാര്‍ത്തകള്‍ നല്‍കാവൂ എന്ന് നിര്‍ദേശിച്ചു.
ഏതൊരു വ്യോമാക്രമണത്തെയും നേരിടാന്‍ ശേഷിയുള്ള ബഹുതല പ്രതിരോധ സംവിധാനങ്ങള്‍ യു എ ഇക്കുണ്ട്. ഹ്രസ്വ, ഇടത്തരം, ദീര്‍ഘദൂര മിസൈലുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള അത്യാധുനിക സാങ്കേതികവിദ്യയാണ് രാജ്യം ഉപയോഗിക്കുന്നത്.
രാജ്യത്തിന്റെ ആകാശപരിധി സംരക്ഷിക്കാന്‍ സജ്ജമായ സംയോജിത സുരക്ഷാ ചട്ടക്കൂടാണ് നിലവിലുള്ളതെന്നും മന്ത്രാലയം പറഞ്ഞു. ഏത് അടിയന്തര സാഹചര്യത്തിലും ദീര്‍ഘകാലം പ്രതിരോധം തുടരാനാവശ്യമായ ആയുധശേഖരവും രാജ്യത്തിനുണ്ട്. തെറ്റായ വാര്‍ത്തകള്‍ പടച്ചുവിടുന്നത് നിരുത്തരവാദപരമാണെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.




