Connect with us

National

എ ഐ ഉച്ചകോടിയിലെ പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഉദയ്ഭാനു ചിബ് ജയില്‍ മോചിതനായി

ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സെഷന്‍സ് കോടതിയുടെ സ്റ്റേ നീക്കിയായിരുന്നു ഹൈക്കോടതി നടപടി.

Published

|

Last Updated

ന്യൂഡല്‍ഹി | എ ഐ ഉച്ചകോടിയില്‍ പ്രതിഷേധിച്ചതിന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ് ജയില്‍ മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണിത്. സെഷന്‍സ് കോടതിയുടെ സ്റ്റേ നീക്കിയായിരുന്നു ഹൈക്കോടതി നടപടി.

ഉദയ് ഭാനു ചിബ് ഉള്‍പ്പെടെ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. പ്രതിഷേധം സംഘടിപ്പിച്ചതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും അതിന് തെളിവുണ്ടെന്നുമാണ് പോലീസ് പറയുന്നത്. ക്രിമിനല്‍ ഗൂഢാലോചന, പൊതുപ്രവര്‍ത്തകനെ ബോധപൂര്‍വം ഉപദ്രവിക്കല്‍, ജോലി തടസ്സപ്പെടുത്തല്‍, നിയമലംഘനം, കലാപക്കുറ്റം എന്നീ കുറ്റങ്ങളാണ് പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരുന്നത്.

ഡല്‍ഹിയില്‍ നടക്കുന്ന എ ഐ ഉച്ചകോടിയില്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ചതിനാണ് ഉദയ്ഭാനു ചിബിനെയും മറ്റുള്ളവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 24നായിരുന്നു അറസ്റ്റ്. 15 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

ഫെബ്രുവരി 20ന് ഉച്ചക്ക് 12.30 ഓടെയാണ് സംഭവം നടന്നത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയാണ് പ്രതിഷേധക്കാര്‍ എ ഐ ഇംപാക്ട് എക്സ്പോ നടക്കുന്ന ഹാളുകളിലേക്ക് എത്തിയത്. നിര്‍ബന്ധിത ക്യുആര്‍ കോഡ് പാസ് കാണിച്ച് വേദിയിലേക്ക് പ്രവേശിച്ച ഇവര്‍ ഷര്‍ട്ടൂരിയ ശേഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. കര്‍ഷകരെയും പൊതുജനങ്ങളെയും വഞ്ചിക്കുന്ന, അമേരിക്കക്ക് മാത്രം പ്രയോജനം ചെയ്യുന്ന വ്യാപാര കരാറുകള്‍ക്കെതിരെയാണ് തങ്ങള്‍ പ്രതിഷേധിച്ചതെന്ന് ഉദയ്ഭാനു ചിബ് വ്യക്തമാക്കിയിരുന്നു.

---- facebook comment plugin here -----

Latest