National
വിമാന സർവീസുകൾ റദ്ദാക്കല്‍: ഇന്‍ഡിഗോയ്ക്ക് 22.2 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ
പിഴയ്ക്കുപുറമെ ഇന്‍ഡിഗോയ്ക്ക് 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ന്യൂഡല്‍ഹി | കഴിഞ്ഞ ഡിസംബറില്‍ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് 22.2 കോടി രൂപ പിഴ ചുമത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ഡിസംബര്‍ 3 മുതല്‍ 5 വരെ 2,507 വിമാനങ്ങള്‍ റദ്ദാക്കുകയും 1,852 വിമാനങ്ങള്‍ വൈകുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിനായി ഡിജിസിഎ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം. സമിതി ഇന്‍ഡിഗോയുടെ നെറ്റ്‌വര്‍ക്ക് പ്ലാനിംഗ്, ക്രൂ റോസ്റ്ററിംഗ്, സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ചതായി ഡിജിസിഎ അറിയിച്ചു.
യാത്രികര്‍ക്ക് വ്യാപകമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ച പ്രവര്‍ത്തന വീഴ്ചകള്‍ വിലയിരുത്തിയ ശേഷമാണ് പിഴ ചുമത്തിയതെന്നും ഡിജിസിഎ വ്യക്തമാക്കി. പിഴയ്ക്കുപുറമെ ഇന്‍ഡിഗോയ്ക്ക് 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.





