Kerala
വാജി വാഹനം കൈമാറിയതിന്റെ ഉത്തരവാദിത്വം പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലിനും; തന്റെ അസാന്നിധ്യത്തില്‍ പല തീരുമാനങ്ങളും എടുത്തെന്നും കെ രാഘവന്‍
വാജി വാഹനം കൈമാറുന്നതുമായി ബന്ധപ്പെട്ട് ഒരു കാര്യവും താന്‍ പങ്കെടുത്ത ബോര്‍ഡ് യോഗങ്ങളില്‍ വന്നിട്ടില്ലെന്നും കെ രാഘവന്‍
ആലപ്പുഴ | ശബരിമലയില്‍ വാജി വാഹനം കൈമാറിയതിന്റെ പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലിനുമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ രാഘവന്‍. വാജി വാഹനം കൈമാറുന്നതുമായി ബന്ധപ്പെട്ട് ഒരു കാര്യവും താന്‍ പങ്കെടുത്ത ബോര്‍ഡ് യോഗങ്ങളില്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്തം പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലിനുമാണ്. കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു ബോര്‍ഡില്‍ ഭൂരിപക്ഷം, താന്‍ പ്രതിപക്ഷ അംഗം മാത്രമായിരുന്നുവെന്നും കെ രാഘവന്‍ വ്യക്തമാക്കി.
തന്റെ അസാനിധ്യത്തില്‍ പല തീരുമാനങ്ങളും എടുത്തു, അതിനെതിരെ ഹൈക്കോടതിയില്‍ പോയിരുന്നു. ദേവസ്വം ബോര്‍ഡ് മെംബറാകുന്നതിന് മുന്‍പാണ് കൊടിമരം മാറ്റാനുള്ള തീരുമാനം എടുത്തത്. നെയ്യഭിഷേക അഴിമതിക്കെതിരെയും അന്നു പ്രതികരിച്ചിരുന്നുവെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ രാഘവന്‍ വ്യക്തമാക്കി.
വാജിവാഹനം തന്ത്രിക്ക് കൈമാറിയത് കീഴ്വഴക്കമനുസരിച്ചാണെന്നും ബോര്‍ഡിലെ സിപിഎം അംഗമായിരുന്ന രാഘവന്റെയും അറിവോടു കൂടിയായിരുന്നു കൈമാറ്റമെന്നും അജയ് തറയില്‍ പറഞ്ഞിരുന്നു.
അതേ സമയം ദേവസ്വം ബോര്‍ഡിന്റെ വസ്തുവകകള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ലെന്ന കര്‍ശനമായ ഉത്തരവ് നിലനില്‍ക്കെയാണ് വാജിവാഹനം തന്ത്രിക്ക് കൈമാറിയതെന്നാണ് കണ്ടെത്തല്‍. നിലവില്‍ ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തന്നെയാണ് വാജിവാഹനം അനധികൃതമായി കൈമാറിയ വിഷയവും പരിശോധിക്കുന്നത്.


