Connect with us

cover story

അവരെ കേൾക്കേണ്ടതുണ്ട്

ഒരു സങ്കീർണ പ്രതിഭാസമായ ആത്മഹത്യയെ ശാരീരിക, മാനസിക, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരികമായ നിരവധി ഘടകങ്ങൾ സ്വാധീനിക്കുന്നുണ്ട്. കേവലം ഒറ്റ കാരണം പറഞ്ഞ് ആത്മഹത്യയെ ലളിതവത്കരിക്കുന്നത് അശാസ്ത്രീയമാണ്. അതേസമയം ഒരു വ്യക്തിയെ സ്വയംഹത്യയിൽ നിന്ന് രക്ഷിക്കാനും പിന്തിരിപ്പിക്കാനും നമുക്ക് മുന്നിൽ അനേകം മാർഗങ്ങളുണ്ട്.

Published

|

Last Updated

പത്താം ക്ലാസ്സിൽ മിടുക്കനായി പഠിച്ച ഭേദപ്പെട്ട മാർക്കുള്ള കുട്ടിയായിരുന്നു അവൻ. സാന്പത്തിക ശേഷിയുള്ള കുടുംബത്തിൽപ്പെട്ട ദന്പതികളുടെ ഏക മകൻ. മകൻ പറയുന്ന എന്തു കാര്യവും സാധിപ്പിച്ചുകൊടുക്കുന്ന മാതാപിതാക്കൾ. രണ്ട് പേരും സ്കൂൾ ടീച്ചർമാർ. നാലഞ്ച് മാസമായി അവന്റെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. സ്കൂൾ വിട്ട് വീട്ടിൽ വന്നാൽ പിന്നെ മുറിയിൽ നിന്ന് ഇറങ്ങുന്നത് നന്നേ കുറഞ്ഞു. ഭക്ഷണം കഴിക്കാൻ വിളിച്ചാൽ പോലും വരുന്നില്ല. അതിനാൽ അദ്യ ഘട്ടങ്ങളിൽ ഭക്ഷണം കഴിക്കാൻ മുറിയിലേക്ക് എത്തിച്ചുകൊടുത്തു. പിന്നെപ്പിന്നെ പഠനത്തിൽ താത്പര്യം കുറയുന്നു. രാത്രിയിൽ ഉറക്കമില്ല. റൂമിൽ അർധരാത്രി പോലും വിളക്ക് തെളിഞ്ഞിരിക്കുന്നു. മുട്ടി വിളിച്ചാൽ തുറക്കാറില്ല. പിന്നീട് ഭക്ഷണം കഴിക്കുന്നതു പോലും കുറഞ്ഞു. ശരീരം ക്ഷീണിച്ചു. വീട്ടുകാരുമായി സന്പർക്കമില്ലാതെയായി. ചെറിയ കാര്യങ്ങൾക്കു പോലും ദേഷ്യപ്പെടൽ പതിവായി. അക്രമ പ്രവണത കാണിക്കാനാരംഭിച്ചു. വീട്ടുകാരോട് നിരന്തരം പണം ആവശ്യപ്പെട്ടു തുടങ്ങി. ഒരു ദിവസം വലിയൊരു തുക ആവശ്യപ്പെട്ടപ്പോൾ പിതാവ് എതിർത്തു. പിറ്റേന്ന് ജീവിതം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് കൂട്ടുകാരോട് അന്വേഷിച്ചപ്പോഴാണ് അവൻ ഓൺലൈൻ ഗെയിമുകൾക്കും ലഹരിക്കും അടിമയായിരുന്നുവെന്ന് മനസ്സിലായത്. ഇങ്ങനെ എത്രയെത്ര ബാല്യങ്ങൾ, യുവതകൾ, മധ്യവയസ്കർ…

ഒരു വ്യക്തി സ്വയം ജീവനൊടുക്കാൻ തീരുമാനിക്കുന്നത് എപ്പോഴാണ്? അതികഠിനമായ വൈകാരിക പ്രതിസന്ധികളിൽ അകപ്പെടുമ്പോഴോ? ഒരൽപ്പം പോലും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന ഉറച്ച വിശ്വാസം ചിന്തകളെ ഗ്രസിക്കുമ്പോഴോ? ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ സംഭവിക്കുന്ന പ്രതിസന്ധികളാകാം പലരെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. എന്നാൽ സമാന അവസ്ഥകളിലൂടെ കടന്നുപോകുന്ന എല്ലാവരും മരണത്തിന്റെ വഴിതേടുന്നുമില്ല. അപ്പോൾ എന്തായിരിക്കാം ഒരു വ്യക്തിയെ ആത്യന്തികമായി മരണത്തിലേക്കെത്തിക്കുന്നത്.

ഇതുസംബന്ധിച്ച് ആധുനിക വൈദ്യശാസ്ത്രത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഒരു സങ്കീർണ പ്രതിഭാസമായ ആത്മഹത്യയെ ശാരീരിക, മാനസിക, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരികമായ നിരവധി ഘടകങ്ങൾ സ്വാധീനിക്കുന്നുണ്ട്. കേവലം ഒറ്റ കാരണം പറഞ്ഞ് ആത്മഹത്യയെ ലളിതവത്കരിക്കുന്നത് അശാസ്ത്രീയമാണ്. അതേസമയം ഒരു വ്യക്തിയെ സ്വയംഹത്യയിൽ നിന്ന് രക്ഷിക്കാനും പിന്തിരിപ്പിക്കാനും നമുക്ക് മുന്നിൽ അനേകം മാർഗങ്ങളുണ്ട്.
ഏത് സമൂഹത്തിലായാലും ആത്മഹത്യകൾ ഒഴിവാക്കപ്പെടേണ്ടതും അതിനെതിരായ ബോധവത്കരണങ്ങൾ ശക്തമായി തുടരേണ്ടതുമാണ്. പ്രത്യേകിച്ച് കേരളം പോലുള്ള സംസ്ഥാനത്ത്. വിദ്യാഭ്യാസം മുതൽ ആരോഗ്യസംരക്ഷണം വരെയുള്ള മേഖലകളിൽ ലോകനിലവാരത്തിൽ എത്തിനിൽക്കുമ്പോഴും ആത്മഹത്യ എന്ന വിപത്തിനെ ഇല്ലാതാക്കുന്ന കാര്യത്തിൽ പിറകോട്ട് നടക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.

ഞെട്ടിക്കുന്ന കണക്കുകൾ

കഴിഞ്ഞ പത്ത് വർഷത്തെ സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിലെ ആത്മഹത്യാ നിരക്ക് ഞെട്ടിക്കുന്ന തോതിലാണ്. 2012ൽ കേരളത്തിൽ 8490 പേർ ആത്മഹത്യ ചെയ്തപ്പോൾ 2022ൽ അത് 10162 ആയി ഉയർന്നു. അതായത് 19.7 ശതമാനം വർധന. ആത്മഹത്യാ നിരക്കിന്റെ കാര്യമെടുക്കുകയാണെങ്കിൽ 2012ൽ ഒരു ലക്ഷം ജനസംഖ്യയിൽ 24.3 പേർ ആത്മഹത്യ ചെയ്തപ്പോൾ 2022ൽ ഈ നിരക്ക് ലക്ഷത്തിന് 28.8 ആയി മാറി. ആത്മഹത്യാനിരക്കിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗണ്യമായ ഈ വർധന കേരളത്തിന്റെ സാമ്പത്തിക സാമൂഹിക ആരോഗ്യ മേഖലകളിൽ ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കാണാതിരുന്നുകൂടാ.

ലോകാരോഗ്യ സംഘടന ആരോഗ്യമേഖലയിൽ ലക്ഷ്യംെവച്ച ഒട്ടുമിക്ക കാര്യങ്ങളും നമ്മുടെ സംസ്ഥാനം കൈവരിച്ചുവെങ്കിലും ആത്മഹത്യയുടെ കാര്യത്തിലും മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ഈ ലക്ഷ്യങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. 2021ലെ ഇന്ത്യയിലെ ആത്മഹത്യാനിരക്ക് ഒരു ലക്ഷത്തിൽ 11.3 ആണ്. അതേസമയം കേരളത്തിൽ ഇത് രണ്ടര ഇരട്ടിയാണ്. വികസിത രാജ്യമായ അമേരിക്കയിൽ പോലും ആത്മഹത്യാനിരക്ക് ലക്ഷത്തിൽ പന്ത്രണ്ടേയുള്ളു. അഞ്ച് വർഷം മുമ്പ് കേരളം ആത്മഹത്യാനിരക്കിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അഞ്ചാം സ്ഥാനത്തായിരുന്നു. അവിടെനിന്നാണ് നാം മുന്നോട്ട് കുതിച്ചത്. ഒരു ആത്മഹത്യ നടന്നാൽ അതിന്റെ 20 ഇരട്ടി ആത്മഹത്യാശ്രമങ്ങൾ നടക്കുന്നുണ്ടാകുമെന്നാണ് ശാസ്ത്രീയമായ പഠനങ്ങൾ പറയുന്നത്. അങ്ങനെ നോക്കുമ്പോൾ 2022ൽ ഏകദേശം രണ്ട് ലക്ഷത്തി പന്ത്രണ്ടായിരം ആത്മഹത്യാ ശ്രമങ്ങളെങ്കിലും കേരളത്തിൽ നടന്നിട്ടുണ്ടാകും. 2022ൽ ഏറ്റവും കൂടുതൽ ആത്മഹത്യ നടന്ന ജില്ല തിരുവനന്തപുരമാണ്. (ലക്ഷത്തിൽ 44). പുറകിൽ കൊല്ലം (41.3), വയനാട് (39.3), ഇടുക്കി (30.4) എന്നീ ജില്ലകളുമുണ്ട്. ഏറ്റവും കുറവ് ആത്മഹത്യകൾ നടന്നത് മലപ്പുറം ജില്ലയിലാണ് (11.7).

നൂറിൽ 79 ശതമാനം ആത്മഹത്യകളും പുരുഷന്മാർക്കിടയിലാണ്. 75 ശതമാനം പേരും വിവാഹിതരായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. പാശ്ചാത്യരാജ്യങ്ങളിൽ അവിവാഹിതരിലും കുടുംബബന്ധങ്ങൾ വേർപെടുത്തിയവരിലുമാണ് ആത്മഹത്യ കൂടുതൽ. 48 ശതമാനം പേരും കുടുംബപ്രശ്‌നങ്ങൾ മൂലമാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്തവരിൽ നല്ലൊരു ശതമാനവും കുടുംബിനികളായിരുന്നു. 40 ശതമാനം ആത്മഹത്യകളും സംഭവിച്ചിട്ടുള്ളത് 15 വയസ്സിനും 45 വയസ്സിനും ഇടക്കുള്ളവരിലാണ്. ചുരുക്കി പറഞ്ഞാൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും നട്ടെല്ലായി മാറേണ്ട നിരവധി ചെറുപ്പക്കാരെയാണ് ആത്മഹത്യമൂലം നമുക്ക് നഷ്ടപ്പെട്ടത്.

കേരളം പോലുള്ള ജനപ്പെരുപ്പവും വിദഗ്ധ ചികിത്സാസൗകര്യമുള്ള നിരവധി ആശുപത്രികളുമുള്ള ഒരു സംസ്ഥാനത്ത് ആത്മഹത്യാശ്രമങ്ങൾ മറ്റുള്ളവർ കണ്ടെത്തി ആശുപത്രികളിലെത്തിച്ച് രക്ഷപ്പെടുത്തുന്നതുകൊണ്ടുകൂടിയാണ് മരണനിരക്ക് കുറയുന്നത്. ഇത്തരം സംവിധാനങ്ങളില്ലായിരുന്നുവെങ്കിൽ അതും ആത്മഹത്യയിൽ കലാശിക്കുമായിരുന്നു എന്ന് കാണാതിരുന്നുകൂടാ. ചുരുക്കത്തിൽ ആത്മഹത്യ ചെയ്യുന്ന വ്യക്തികളുടെയും ആത്മഹത്യാശ്രമങ്ങൾ നടത്തുന്ന വ്യക്തികളുടെയും മാനസികാവസ്ഥയിൽ വലിയ വ്യത്യാസമില്ല എന്ന് വിലയിരുത്തേണ്ടിവരും. തീർച്ചയായും ആരോഗ്യരംഗത്തെ ഒരു വെല്ലുവിളിയാണിത്. പ്രത്യേകിച്ച് കേരളത്തിൽ പ്രതിദിനം 28 ആത്മഹത്യകളും 560 ആത്മഹത്യാശ്രമങ്ങളും നടക്കുന്നതായി കണക്കുകൾ ചൂണ്ടിക്കാണിക്കുമ്പോൾ.

കൂട്ട ആത്മഹത്യകളിലും പിറകിലല്ല

കുടുംബ ആത്മഹത്യകളുടെ കാര്യത്തിലും കേരളം ഒട്ടും പിറകിലല്ല. 2022ൽ കേരളത്തിൽ 11 പേർ കുടുംബ ആത്മഹത്യയിലൂടെ ജീവൻ വെടിഞ്ഞിട്ടുണ്ട്. തൊട്ട് മുമ്പിൽ നിൽക്കുന്ന മറ്റ് സംസ്ഥാനങ്ങൾ ആന്ധ്രപ്രദേശ്, തമിഴ്‌നാട്, മധ്യപ്രദേശ്, രാജ്യസ്ഥാൻ എന്നിവയാണ്. ഭർത്താവും ഭാര്യയും കുഞ്ഞുങ്ങളുംകൂടി ഒന്നിച്ചുള്ള കൂട്ടമരണങ്ങൾ ഇന്ന് പത്രമാധ്യമങ്ങളിൽ ചിത്രമടക്കം ഒരു സെൻസേഷണൽ വാർത്തയായി മാറിയിരിക്കുകയാണ്.

പ്രണയനൈരാശ്യത്തിൽനിന്നും ഉടലെടുക്കുന്ന പകമൂലം കാമുകിയെ കൊലപ്പെടുത്തി കമിതാവ് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും സമീപകാലങ്ങളിൽ കൂടിക്കൊണ്ടിരിക്കുന്നു. പത്രദൃശ്യമാധ്യമങ്ങൾ ഇത്തരം ആത്മഹത്യകൾക്ക് നൽകുന്ന അമിതപ്രാധാന്യം തങ്ങളുടെ തീരുമാനങ്ങൾക്ക് പ്രേരകശക്തിയാകുന്നതിനാൽ ആത്മഹത്യ ജീവിത പ്രശ്‌നങ്ങൾക്കുള്ള ഒരു പോംവഴിയായി തിരഞ്ഞെടുക്കാനുള്ള തെറ്റായ സന്ദേശമായി ഇത് മാറുന്നു.
കേരളത്തിൽ മാനസിക രോഗങ്ങൾമൂലം ആത്മഹത്യ ചെയ്തവരുടെ നിരക്ക് 17.1 ആണ്. ദേശീയ നിരക്കായ അഞ്ച് ശതമാനത്തേക്കാൾ കൂടുതലാണിത്. ഇതെല്ലാം നമ്മുടെ സംസ്ഥാനത്ത് മാനസികരോഗികളുടെ എണ്ണം വർധിച്ചുവരുന്നു എന്ന വസ്തുത ചൂണ്ടിക്കാണിക്കുന്നു. മാനസിക രോഗങ്ങളിൽ വിഷാദരോഗം, അമിത മദ്യാസക്തി രോഗം, മറ്റ് ലഹരി അടിമത്തം, സ്‌കീസോഫ്രീനിയ എന്നീ രോഗങ്ങളിൽ ആത്മഹത്യാ സാധ്യത 10 മുതൽ 15 ശതമാനമാണ്. രോഗത്തിന്റെ ആരംഭാവസ്ഥയിൽ തന്നെ ശരിയായ ചികിത്സ എടുത്താൽ ഇത്തരം ആത്മഹത്യകൾ ഒഴിവാക്കാൻ സാധിക്കുന്നതാണ്.

സമൂഹത്തിന്റെ പങ്ക്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി മാറ്റങ്ങൾ കേരളത്തിൽ സംഭവിച്ചിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത, ഗൾഫിൽനിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികൾ, കൃഷിനാശം, കോവിഡ് മൂലം കച്ചവടം തകർന്നുപോയ ബിസിനസ്സുകാർ, യുവജനങ്ങളുടെ വർധിച്ചുവരുന്ന ലഹരി ഉപയോഗം, ലോക്ഡൗണിന് ശേഷം കൗമാരപ്രായക്കാർക്ക് സംഭവിച്ചിട്ടുള്ള സ്വഭാവ വ്യതിയാനങ്ങൾ, അന്ധമായ പാശ്ചാത്യ അനുകരണം, സാംസ്‌കാരിക ജീർണത, ആത്മഹത്യയെ അനുകൂലിക്കുന്ന സിനിമകൾ, സീരിയലുകൾ, വർധിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ എന്നിവയെല്ലാം മലയാളിയുടെ മാനസിക പ്രതിരോധശക്തി തകർത്ത് പ്രതിസന്ധികളെ അതിജീവിക്കാൻ കഴിവില്ലാത്തവരായി തീർക്കുന്നു.

സൂചനകളെ അവഗണിക്കരുത്

ആത്മഹത്യ ചെയ്യുന്നവരിൽ ഭൂരിഭാഗവും തന്റെ മനസ്സിലുള്ള ആശയം പ്രത്യക്ഷമായോ പരോക്ഷമായോ നേരത്തെതന്നെ സൂചിപ്പിക്കാറുണ്ട്. പക്ഷേ, ഈ കാര്യം മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നതോ, അത് ലഘുവായി കാണുന്നതോ മൂലം വേണ്ട മുൻകരുതലുകൾ ഒന്നും എടുക്കാൻ കഴിയാതെ പോകുന്നു. വ്യക്തി നേരിട്ട് പറഞ്ഞില്ലെങ്കിൽ കൂടിയും അയാളുടെ പെരുമാറ്റ രീതിയിലുള്ള വ്യത്യാസങ്ങൾ മുഖേന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇത് കണ്ടുപിടിക്കാനാകും. ഉറക്കമില്ലായ്മ, വിഷാദം, ഉത്സാഹക്കുറവ്, നിർവികാരത, ക്ഷീണം, അശ്രദ്ധ, അമിതമായ കുറ്റബോധം, പരിഭ്രാന്തി, ആശയക്കുഴപ്പം, സ്ഥലകാലബോധമില്ലായ്മ, ലഹരിസാധനങ്ങളുടെ അമിതമായ ഉപയോഗം… തുടങ്ങിയവയൊക്കെ ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങളാണ്. മറ്റുള്ളവർ തന്നെ മുൻകൈയെടുത്ത് നിസ്സഹായാവസ്ഥയിലുള്ള വ്യക്തിയെ, അയാളുടെ പ്രശ്‌നങ്ങളെപ്പറ്റി ചർച്ച ചെയ്യാനും പരിഹാരം കണ്ടെത്താനും സഹായിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മാനസികരോഗങ്ങളാണ് മൂലകാരണങ്ങളെങ്കിൽ ഇത്തരക്കാരെ എത്രയും പെട്ടെന്ന് മാനസികരോഗ ചികിത്സക്ക് വിധേയരാക്കണം.

കുടുംബപ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ എല്ലാം ഉള്ളിൽവെച്ച് സഹിക്കാതെ കുടുംബക്കാരോടോ, ആത്മാർഥ സുഹൃത്തുക്കളോടോ മനസ്സ് തുറക്കാൻ ശ്രമിക്കുക. പ്രശ്‌നങ്ങൾ അതിലും സങ്കീർണമാണെങ്കിൽ ശാസ്ത്രീയമായ കൗൺസലിംഗിന് വിധേയമാക്കുക. സർക്കാർ ഭാഗത്തുനിന്നും ചെയ്യാൻ കഴിയുന്ന ഒരു കാര്യം എല്ലാ താലൂക്ക്, ജില്ലാ ആശുപത്രികളിലും ആഴ്ചയിൽ ഒരു ദിവസമെങ്കിലും പ്രവർത്തിക്കുന്ന ആത്മഹത്യാപ്രതിരോധ കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നതാണ്.
കീടനാശിനികളുടെ സുഗമമായ ലഭ്യതയും മരുന്നുകൾ കുറിപ്പടി ഇല്ലാതെ ലഭിക്കുന്നതും ഒഴിവാക്കിയാൽ ഈ മാർഗങ്ങളുപയോഗിച്ച് നടക്കുന്ന ഗണ്യമായ ആത്മഹത്യകൾ കുറക്കാൻ കഴിയും. ആത്മഹത്യാ ചിന്തയുള്ള ആളിന് ഏത് സമയത്തും ബന്ധപ്പെടാവുന്ന ടെലിഫോൺ ഹെൽപ്പ്‌ലൈനുകൾ ലഭ്യമാണെങ്കിൽ നൈമിഷികമായി ഉടലെടുക്കുന്ന ആത്മഹത്യകൾ തടയാൻ കഴിയും. ആത്മഹത്യക്ക് കാരണമായേക്കാവുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള നല്ലൊരു മാർഗം നമ്മുടെ ഓരോ പൗരനേയും സാമൂഹിക സാമ്പത്തിക ജീവിത മേഖലകളിലെ ഏതൊരു പ്രശ്‌നത്തേയും ധൈര്യമായി നേരിടാൻ സജ്ജമാക്കുക എന്നതാണ്.

( ലേഖകൻ ചേതന-സെന്റർ ഫോർ ന്യൂറോസൈക്യാട്രിക്
റിഹാബിലിറ്റേഷൻ ഡയറക്ടറാണ്.)

Latest