Connect with us

prathivaram cover story

അവർ ഇപ്പോഴും പിന്നാലെയുണ്ട്

റിപോര്‍ട്ട് ലഭിച്ച് അഞ്ച് വര്‍ഷത്തോളം പരണത്ത് വെക്കാന്‍ വിധിക്കപ്പെട്ട ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലില്‍ പുറത്ത് വന്നപ്പോള്‍ കേരളം ഞെട്ടി. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹകീം തന്റെ സേവന കാലം പൂര്‍ത്തിയാക്കുമ്പോള്‍ അനുഭവങ്ങൾ പങ്ക് വെക്കുന്നു.

Published

|

Last Updated

സിനിമാ രംഗത്തെ അനഭിലഷണീയ പ്രവണതയെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ അന്വേഷണ റിപോര്‍ട്ടിന്റെ ഒരു ഭാഗം പുറത്തുവന്നതിലൂടെയാണ് കേരളീയ പൊതുസമൂഹം വിവരാവകാശ നിയമത്തെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുന്നതെന്ന് പറയാം. റിപോര്‍ട്ട് ലഭിച്ച് അഞ്ച് വര്‍ഷത്തോളം പരണത്ത് വെക്കാന്‍ വിധിക്കപ്പെട്ട ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലില്‍ പുറത്ത് വന്നപ്പോള്‍ കേരളം ഞെട്ടി. ആ ഞെട്ടലിന്റെ അനുരണനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. വിവരാവകാശ കമ്മീഷണര്‍ ഡോ. എ ഹകീമിന്റെ സാഹസിക തീരുമാനം ഒന്നുകൊണ്ട് മാത്രമാണ് റിപോര്‍ട്ടിന്റെ ഒരു ഭാഗമെങ്കിലും പുറത്തുവന്നത്. കോടതി ഇടപെടലിലൂടെ വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന് തടയിടാമെന്ന് കണക്കുകൂട്ടിയവര്‍ക്കും തെറ്റി. ഏറെക്കാലം മാധ്യമങ്ങളും പൊതുസമൂഹവും ഹേമ കമ്മിറ്റി റിപോര്‍ട്ട് ചര്‍ച്ച ചെയ്തു. വിവരാവകാശ നിയമത്തിന്റെ പ്രായോജകര്‍ ഈ മേഖലയിലെ ഏതാനും പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും മാത്രമായിരുന്ന കാലത്താണ് ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്ത് വന്നത്. ഇതോടെ ഈ നിയമത്തിന്റെ പ്രാധാന്യം സാധാരണക്കാര്‍ക്ക് വരെ ബോധ്യമായി. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍
ഡോ. എ അബ്ദുല്‍ ഹകീം തന്റെ സേവന കാലം പൂര്‍ത്തിയാക്കുമ്പോള്‍ അനുഭവങ്ങൾ പങ്ക് വെക്കുന്നു.

വിവരാവകാശ നിയമത്തിന്റെ പ്രാധാന്യം? എപ്പോഴാണത് രൂപം കൊള്ളുന്നത്?

ജനങ്ങളാണ് ജനാധിപത്യത്തിന്റെ കരുത്തും കൈമുതലും. ജനങ്ങള്‍ക്കു വേണ്ടിയാണ് രാജ്യത്തെ നിയമ നിർമാണങ്ങളെല്ലാം. അവയില്‍ ജനത്തിന് ഏറ്റവും ആവേശത്തോടെ എടുത്ത് ഉപയോഗിക്കാവുന്നതാണ് വിവരാവകാശ നിയമം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും ഓഫീസുകളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിർമാർജനം ചെയ്യുന്നതിനുമായാണ് വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12ന് നിലവില്‍ വന്നത്. അതിനെ ജീവല്‍ഗന്ധിയായ നിയമോപകരണമാക്കാന്‍ കഴിയുന്നിടത്താണ് നമ്മുടെ വിജയം. വിവരാവകാശ നിയമം നമ്മുടെ ജനാധിപത്യത്തിന്റെ ജീവല്‍ സ്പന്ദനമാകുന്നത് അങ്ങനെയാണ്.

വിവരാവകാശ നിയമ (ലംഘന)ത്തില്‍ പ്രധാനമായും പ്രതികളാകുന്നത് ഉദ്യോഗസ്ഥരാണ്. മറ്റു നിയമങ്ങളെ പോലെ ഇതും മറികടക്കാന്‍ അവര്‍ക്ക് കഴിയില്ലേ ?

നമ്മുടെ രാജ്യത്തിന്റെ വികസന-ആസൂത്രണ-ക്ഷേമ- ആശ്വാസ പദ്ധതികളെയെല്ലാം ദൂരവ്യാപകമായ ഗുണഫലങ്ങള്‍ ഉണ്ടാകുന്ന തരത്തില്‍ ഈ നിയമം സ്വാധീനിച്ചിട്ടുണ്ട്. രാജ്യത്തുണ്ടാകുന്ന നിയമങ്ങളും ആശയങ്ങളും പദ്ധതികളും എങ്ങനെയാണ് പ്രാവര്‍ത്തികമാകുന്നതെന്ന് അറിയാനുള്ള നിയമം കൂടിയാണ് വിവരാവകാശ നിയമം. മുന്പ് മേലധികാരികളില്‍ നിന്ന് താഴേക്ക് ലഭിക്കുന്ന നിര്‍ദേശം അതേപടി നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ സദാ സന്നദ്ധരായിരുന്നു. ഇന്ന് ആ അവസ്ഥയല്ല. ഏതു നടപടിയെക്കുറിച്ചും ജനം നാളെ തിരക്കിവരുമെന്ന ജാഗ്രതയോടെ മാത്രമേ ശിപാര്‍ശകള്‍ നടപ്പാകുന്നുള്ളൂ. ജനത്തിന്റെ വിവരം അറിയാനുള്ള അവകാശത്തെ വകവെച്ചു കൊടുക്കാന്‍ ഉദ്യോഗസ്ഥന് തൊഴിൽപ്പരമായി തന്നെ ബാധ്യതയായി. ജനത്തിന് അത് നേടാന്‍ കഴിയും എന്നത് നിയമപരമായ അവകാശവുമായി. ഈ അവകാശം അങ്ങനെ ജനാധിപത്യത്തിന്റെ നട്ടെല്ലായി മാറി. വിവരാവകാശ നിയമത്തില്‍ ആകെ 31 വകുപ്പുകളാണുള്ളത്. എന്നാല്‍ ഇതിന്റെ ശക്തിയും പ്രതാപവും സ്വാധീനവും വളരെ വലുതാണ്. ആയിരക്കണക്കിന് വകുപ്പുകളുള്ള നിയമങ്ങളുടേയും ചട്ടങ്ങളുടേയും വ്യവസ്ഥകളുടേയും പ്രയോഗങ്ങളെക്കുറിച്ച് ചോദിക്കുകയും അവക്കെല്ലാം മേലേ അതിപ്രഭാവം ഉണ്ടായിരിക്കുകയും ചെയ്യുന്ന നിയമമാണിത്. മറ്റ് നിയമത്തില്‍ എന്ത് പറഞ്ഞാലും വിവരാവകാശ നിയമത്തില്‍ എന്ത് പറയുന്നുവോ അതിനാണ് പ്രാബല്യം. അത്രക്ക് ശക്തമാണ് ഈ നിയമം. ഈ നിയമത്തിന്റെ എട്ടാം വകുപ്പാണ് വിവരം നല്‍കണ്ടായെന്ന് പറയുന്ന ഭാഗം. ഇതില്‍ പത്ത് ഖണ്ഡികകളുണ്ട്. ഈ വകുപ്പും ഖണ്ഡികകളും അറിയാത്ത ഒരു ഉദ്യേഗസ്ഥനും സംസ്ഥാനത്തുണ്ടാകുമെന്ന് കരുതുന്നില്ല. വിവരം നല്‍കണ്ടായെന്ന് പറഞ്ഞ് ഒഴിവാകാന്‍ കഴിയുന്ന വകുപ്പിന് കാര്യമായ പ്രചാരം ലഭിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഈ പ്രചാരം മറ്റ് വകുപ്പുകള്‍ക്ക് ലഭിച്ചിട്ടില്ല. മാത്രവുമല്ല, വിവരം നൽകാന്‍ പറയുന്ന വകുപ്പുകള്‍ നടപ്പാക്കുന്നതില്‍ പലരും വേണ്ടത്ര ആത്മാര്‍ഥത കാണിക്കുന്നില്ലെന്നതും നേരാണ്. പലരെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. എല്ലാ നിയമവും നടപ്പില്‍ വരുത്തുന്നത് ഉദ്യോഗസ്ഥരാണ്. എന്നാല്‍, വിവരാവകാശ നിയമം നടപ്പിലാക്കുന്നത് ഉദ്യോഗസ്ഥരല്ല, ജനങ്ങളാണ്. മറ്റെല്ലാ നിയമങ്ങളും ശിക്ഷിക്കുന്നത് ജനത്തെയാണെങ്കില്‍ വിവരാവകാശ നിയമം വഴി ശിക്ഷിക്കപ്പെടുന്നത് ഉദ്യോഗസ്ഥരും സര്‍ക്കാറുമാണ്. അതിനാല്‍ ശിക്ഷിക്കപ്പെടുന്നവര്‍ എപ്പോഴും നിയമത്തിന് എതിരായിരിക്കും. അധികാരത്തിലുള്ളവര്‍ അധികാരമുള്ളടത്തോളം കാലം നിയമത്തെ ദുര്‍ബലപ്പെടുത്താനേ ശ്രമിക്കൂ. അതുകൊണ്ട് നിയമത്തെ ശക്തിപ്പെടുത്താന്‍ ജാഗ്രതയോടെ പൊതുസമൂഹം മുന്നില്‍ നിന്നേതീരൂ.

താങ്കളുടെ സേവന കാലയളവിലെ മനുഷ്യപ്പറ്റുള്ള എന്നും ഓര്‍ത്തിരിക്കാന്‍ ആഗ്രഹിക്കുന്ന ഉത്തരവുകള്‍?

ചെങ്ങന്നൂര്‍ ആ ര്‍ ഡി ഒ ഓഫീസിനു കീഴിലെ ഒരു വില്ലേജ് ഓഫീസിനെതിരെ എണ്‍പത് പിന്നിട്ട ദമ്പതികളുടെ പരാതി. ഞങ്ങളുടെ മകള്‍ക്ക് വിവാഹ സമയത്ത് ഭാഗം ചെയ്ത് നല്‍കിയ ഭൂമി വില്ലേജ് ഓഫീസര്‍ പോക്കുവരവ് നടത്തിയ ശേഷം അളന്ന് തിരിച്ചപ്പോള്‍ അഞ്ച് സെന്റ് കാണാനില്ല. മകള്‍ക്ക് ഭൂമിയില്‍ കയറാന്‍ വയ്യാതായി. കരം വാങ്ങുന്നുമില്ല. ഈ കാരണത്താല്‍ മകളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഞങ്ങളുടെ വീട്ടില്‍ കൊണ്ടുവന്ന് വിട്ടിരിക്കുകയാണ്. അവളുടെ കുടുംബ ജീവിതം താറുമാറായിക്കഴിഞ്ഞു എന്നു പറഞ്ഞു തീരുംമുമ്പ് കൊഴിഞ്ഞു വീഴുന്ന കണ്ണീർത്തുള്ളികൾ ഞാൻ ആ മാതാവില്‍ കണ്ടു. ആ സങ്കടം എഴുതിത്തന്ന കടലാസിന് കണ്ണീരിന്റെ നനവ്. പ്രശ്‌നപരിഹാരം വിവരാവകാശ നിയമത്തിന്റെ ലക്ഷ്യമല്ല. വിവരം നല്‍കാന്‍ മാത്രമാണ് കഴിയുക. ഈ കേസില്‍ കമ്മീഷന്‍, പരാതി സ്വീകരിച്ച് ബന്ധപ്പെട്ടവരോട് റിപോര്‍ട്ട് തേടി. ചെങ്ങന്നൂര്‍ ആര്‍ ഡി ഒയെയും തഹസീല്‍ദാരെയും വില്ലേജ് ഓഫീസറെയും വിളിച്ചുവരുത്തി, വിവരം നൽകാന്‍ ഒരു മാസം സമയം നല്‍കി. അവര്‍ ഇരുപത് ദിവസത്തിനകം ആ സ്ഥലം വീണ്ടും അളന്നു. സ്ഥലം ഉണ്ടെന്ന് ഉറപ്പ് വരുത്തി ആ കുടുംബത്തിന്റെ സങ്കടത്തിന് പരിഹാരം കണ്ടു. കണ്ണിയറ്റ് പോകുമായിരുന്ന ഒരു കുടുംബജീവിതം വീണ്ടും വിളക്കിച്ചേര്‍ക്കപ്പെട്ടു. എണ്‍പത് കഴിഞ്ഞ മാതാപിതാക്കളുടെ ആശ്വാസത്തിന്റെ നെടുവീര്‍പ്പ് എന്റെ ഈ കമ്മീഷന്‍ കാലയളവിലെ മായ്ക്കാന്‍ കഴിയാത്ത ഓർമയാണ്.

ഇടുക്കി ഡി എം ഒ ഓഫീസിലെ സൂപ്രണ്ട് അര്‍ബുദം ബാധിച്ചു മരിച്ചു. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ആശ്രിതര്‍ക്ക് ആനുകൂല്യങ്ങള്‍ നൽകിയില്ല. കാരണമായി പറഞ്ഞത് സര്‍വീസ് ബുക്ക് കാണാനില്ലെന്നാണ്. അത് നഷ്ടപ്പെട്ടിട്ട് 23 വര്‍ഷമായത്രേ. സൂപ്രണ്ട് ജോലിചെയ്തപ്പോഴും സര്‍വീസിലിരുന്ന് മരിച്ചപ്പോഴും സര്‍വീസ് ബുക്ക് ഉപകാരപ്പെട്ടില്ല. കുടുംബത്തിന്റെ അഭിഭാഷകന്‍ പരാതിയുമായി എത്തി. 23 വര്‍ഷം കാണാതിരുന്ന സര്‍വീസ് ബുക്ക് 24 മണിക്കൂറിനുള്ളില്‍ ഇടുക്കി ഡി എം ഒ ഓഫീസില്‍ നിന്ന് തിരുവനന്തപുരത്ത് വിവരാവകാശ കമ്മീഷനില്‍ എന്റെ ചേംബറില്‍ എത്തി. പിന്നാലെ ആശ്രിതര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങി.
ആലപ്പുഴ ജില്ലയിലെ ഒരു സ്‌കൂളില്‍ മൂന്ന് അധ്യാപികമാര്‍ മൂന്നര കൊല്ലമായി ജോലി ചെയ്യുന്നെങ്കിലും ശമ്പളം ലഭിക്കുന്നില്ല. പല വാതിലുകളില്‍ മുട്ടി നടക്കാതായപ്പോള്‍ അവര്‍ വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. സ്‌കൂളിലെ പ്രധാന അധ്യാപികയെ വിളിച്ചുവരുത്തി റിപോര്‍ട്ട് തേടുമ്പോഴാണ് അധ്യാപകരുടെ വിവരങ്ങള്‍ കൈമാറുന്ന സ്പാര്‍ക്ക് എന്ന സോഫ്ട് വെയറില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ പ്രധാനാധ്യാപികക്ക് അറിയില്ലെന്ന പ്രശ്‌നം വെളിവായത്. സിറ്റിംഗിനിടെ ഡി ഡി ഓഫീസിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിനെ വിളിച്ചു വരുത്തി. ഒരാഴ്ചക്കകം ശമ്പളം ലഭിച്ചു തുടങ്ങി. അതിലൊരു അധ്യാപികയുടെ വിവാഹത്തെ പോലും ബാധിക്കുന്ന പ്രശ്‌നമാണ് പരിഹരിക്കപ്പെട്ടത്. ഈ സംഭവങ്ങള്‍ ചിലത് മാത്രം.

എടുത്തു പറയാവുന്ന പ്രധാനപ്പെട്ട ഉത്തരവുകള്‍ ഏതൊക്കെയാണ്?

ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പതിറ്റാണ്ടുകളായി നടക്കുന്ന നിയമന വിവരങ്ങളും ഓരോരുത്തരും ജോലി ചെയ്യുന്നതിന്റെ മാനദണ്ഡവും കണ്ടെത്താന്‍ മിന്നല്‍ പരിശോധന നടത്തി. കോഴിക്കോട് ഫറോക്ക് നഗരസഭയില്‍ എന്റെ നേരിട്ടുള്ള പരിശോധയില്‍ അഴിമതി കണ്ടെത്തി. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നായപ്പോള്‍ അയാള്‍ എനിക്കെതിരെ കളിച്ചത് മതത്തിന്റെ കാര്‍ഡിറക്കിയാണ്.
ഏതൊരു മണ്ടന്റെയും ദുര്‍ബലന്റെയും അവസാന ആയുധമാണ് ജാതിയും മതവും. കമ്മീഷന് പിന്‍മാറാന്‍ കഴിയുമായിരുന്നില്ല. അയാള്‍ക്കെതിരെ നടപടിയുമായി നീങ്ങി. ഏറെ താമസിയാതെ അയാളെ കൈക്കൂലിപ്പണവുമായി വിജിലന്‍സ് പിടികൂടി, അറസ്റ്റ്‌ ചെയ്തു, സസ്‌പെന്‍ഷനിലുമായി. ഇവിടുത്തെ ഒരു മുന്‍ നഗരസഭാ സെക്രട്ടറിക്ക് ഫൈന്‍ ചുമത്തി. അയാള്‍ പണമടച്ചില്ല. അയാളുടെ സ്വത്തുക്കള്‍ ജപ്തി ചെയ്ത് തുക വസൂലാക്കി സര്‍ക്കാറില്‍ അടയ്ക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നൽകി. തുടര്‍ന്ന് അയാള്‍ ഫൈന്‍ ഒടുക്കി ചെലാന്‍ ഹാജരാക്കി. ഒരു ക്ഷേത്രത്തിന്റെ പണ്ഡാരപ്പുരയിടത്തിന്റെ രേഖകള്‍ ട്രഷറി ഓഫീസിലാണ് കാണേണ്ടത്. ആ രേഖകള്‍ 13 വര്‍ഷമായി കാണാനില്ല. ആ സര്‍ക്കാര്‍ രേഖകള്‍ എന്റെ ഉത്തരവിനെ തുടര്‍ന്ന് തൊട്ടടുത്ത വെണ്ടറുടെ കടയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമി ഏതൊക്കെ മത – സാമൂഹിക – ധര്‍മ സ്ഥാപനങ്ങള്‍ എത്രമാത്രം കൈവശം വെച്ചിരിക്കുന്നു, യൂനിവേഴ്സിറ്റികളിലും പി എസ് സിയിലും നിയമനങ്ങളില്‍ സംവരണ റൊട്ടേഷന്‍ എപ്രകാരം നടപ്പിലാക്കുന്നു, ഉദ്യോഗ നിയമനങ്ങള്‍ക്കും സ്‌കൂള്‍ കലോത്സവങ്ങള്‍ക്കും ഇടുന്ന മാര്‍ക്കിന്റെ സ്‌കോര്‍ ഷീറ്റും അതിന്റെ വിഭജിത മാര്‍ക്കുകളും അപേക്ഷകര്‍ക്ക് ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കിയതും എളിയ സേവനമാണ്. കേരള ബേങ്ക്, കുടുംബശ്രീ, എയര്‍പോര്‍ട്ടുകള്‍ തുടങ്ങിയവയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നതും എടുത്തു പറയേണ്ടതാണ്.

ഏറെ കോളിളക്കം സൃഷ്ടിച്ചതാണല്ലോ ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിട്ടത്. ഇതിന്റെ സാഹചര്യം വിശദമാക്കാമോ?

വിവരാവകാശ നിയമം നടപ്പിലായി രണ്ട് പതിറ്റാണ്ടായപ്പോഴും നമ്മുടെ ചിന്ത ഇത് കേവലം രേഖാ ദാന പ്രകിയ ആണെന്നാണ്. എന്നാല്‍ ഈ നിയമം നമ്മുടെ ജനാധിപത്യ ഭരണ സംവിധാനങ്ങളുടെ അരമനക്കെട്ടുകള്‍ക്കു മുകളില്‍ നട്ടപ്പാതിരായ്ക്ക് ഉദിച്ചു വന്ന സൂര്യകിരണമാണ്. ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്ത് വരുമ്പോള്‍ അതുവഴി ചില വിവരങ്ങള്‍ അറിഞ്ഞല്ലോ എന്ന ആഘോഷത്തിനപ്പുറം ജനം അറിയേണ്ടതെല്ലാം അറിഞ്ഞാല്‍ സ്ഥിതി മാറും. ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിട്ടത് ഒരു സാമൂഹിക ദുരാചാരത്തിനെതിരിലുള്ള നടപടി കൂടിയായി. റിപോര്‍ട്ട് പുറത്തുവിടാനുള്ള എന്റെ ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയും തൊട്ടുടനെ സെക്രട്ടേറിയറ്റ് റിപോര്‍ട്ടിന്റെ പകര്‍പ്പ് നൽകുകയും ചെയ്ത സമയം ഞാന്‍ പത്തനംതിട്ട പ്രസ്സ്ക്ലബിലേക്കുള്ള യാത്രയിലായിരുന്നു. മുന്‍ ഭാരവാഹി ഹരികുമാറിന്റെ ഓർമച്ചടങ്ങില്‍ പങ്കെടുക്കാന്‍. എനിക്ക് യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. ഔദ്യോഗിക വാഹനം ഒഴിവാക്കിയും വാഹനത്തില്‍ ബോര്‍ഡും പതാകയും ഇല്ലാതെയുമെല്ലാമായിരുന്നു പിന്നീട് യാത്ര. സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വളരെ സജീവമായിരുന്നു. ഈ വിവരം അറിഞ്ഞയുടനെ ഡി ജി പി ദര്‍വേഷ് സാഹബ് എന്നെ ഫോണില്‍ വിളിച്ചു. ദക്ഷിണ മേഖലാ ഐ ജിയായിരുന്ന സ്പര്‍ജന്‍കുമാറിന് എന്റെ സുരക്ഷാചുമതല നല്‍കി. ഐ ജി അജിതാ ബീഗത്തിന്റെ നിര്‍ദേശ പ്രകാരം പോലീസ് നിഴല്‍ പോലെ എന്നോടൊപ്പം സുരക്ഷ ഉറപ്പാക്കി സഞ്ചരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസും ആഭ്യന്തര വകുപ്പും നിയമ മന്ത്രിയും ആ ഘട്ടത്തില്‍ പുലര്‍ത്തിയ ജാഗ്രതയും കരുതലും മറക്കാനാകില്ല. പക്ഷേ, അപ്പോഴും വഴിയിലിട്ട് രണ്ടെണ്ണം ആരെങ്കിലും കൊടുക്കട്ടേ, ഉപദ്രവിക്കുന്നെങ്കില്‍ ഉപദ്രവിക്കട്ടേ എന്ന് കരുതിയത് എന്നെ സംരക്ഷിക്കേണ്ട ചുമതലയുള്ളവര്‍ തന്നെയായിരുന്നു. അന്നും ഇന്നും എന്റെ കൂടാരത്തിനുള്ളില്‍ അത്തരം ചിലരുണ്ടെന്ന ബോധ്യത്തില്‍ തന്നെയാണ് ഞാന്‍! റിപോർട്ട് പുറത്ത് വിടാൻ ഉത്തരവിട്ടത് മുതൽ തന്നെ ബന്ധപ്പെട്ട മേഖലയിലെ പ്രമുഖർ ഇടനിലക്കാർ മുഖേന എന്നെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഒരു ഭാഗത്ത് ഭീഷണിയും മറുഭാഗത്ത് പ്രീണനവുമൊക്കെയായി അവർ എന്റെ പിന്നാലെയുണ്ട്. ഏറ്റവുമൊടുവിൽ ഹൈക്കോടതിയിലെ യാത്രയയപ്പ് യോഗത്തിൽ പങ്കെടുക്കാനെത്തിയ എനിക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷ കണ്ട് ഞാൻ അമ്പരന്നു പോയി. മലയാള സിനിമാ മേഖലയുടെ ആസ്ഥാനം തന്നെ കൊച്ചിയാണല്ലോ.

ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിടണമെന്ന ഉത്തരവിനെതിരെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും നീക്കങ്ങൾ ഉണ്ടായോ? റിപോര്‍ട്ടിന്റെ പ്രധാന ഭാഗങ്ങള്‍ ഇനിയും പുറത്തുവരാനില്ലേ?

കോടതി കയറിയ കാര്യമായതിനാല്‍ ഹേമ കമ്മിറ്റി റിപോര്‍ട്ടിനെ കുറിച്ച് അധികം പറയാന്‍ പ്രയാസമുണ്ട്. ആ റിപ്പോര്‍ട്ട് നാലര കൊല്ലം പുറത്ത് വരാതിരുന്നതിന്റെയും ഇപ്പോള്‍ പുറത്ത് വന്നതിന്റെയും പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന വിവരാവകാശ കമ്മീഷന് മാത്രമാണ്. 2019 ഡിസംബര്‍ 31നാണ് ജസ്റ്റിസ് ഹേമ സര്‍ക്കാറിന് റിപോര്‍ട്ട് സമര്‍പ്പിക്കുന്നത്. പതിനൊന്നാം ദിവസം അനിരു അശോക് എന്ന മാധ്യമ പ്രവര്‍ത്തകന്‍ വിവരാവകാശ നിയമപ്രകാരം ഹേമ കമ്മിറ്റി റിപോര്‍ട്ട് ആവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പിനെ സമീപിക്കുന്നു. മറുപടി ലഭിക്കാതെ മുപ്പത് ദിവസം പിന്നിട്ടപ്പോള്‍ അനിരു അപ്പീല്‍ നല്‍കി. അപ്പീല്‍ പരിഗണിച്ചുകൊണ്ടിരിക്കേ കേരള നിയമസഭയില്‍ ഹേമ കമ്മിറ്റി റിപോര്‍ട്ടിനെ കുറിച്ച് ചോദ്യം വന്നു. ഇതോടെ നിയമസഭയില്‍ മറുപടി വന്ന ശേഷം വിവരം നല്‍കാമെന്ന് അനിരു അശോകന് സാംസ്‌കാരിക വകുപ്പ് മറുപടി നല്‍കി. എന്നാല്‍ അനിരു അശോകന് വിവരം ലഭ്യമാക്കിയില്ല. 2024ല്‍ ഇതേ ആവശ്യമുന്നയിച്ച് കൈരളി ചാനലിലെ ന്യൂസ് എഡിറ്റര്‍ ലസ്്ലി ജോണ്‍ വിവരാവകാശ കമ്മീഷന് മുന്നില്‍ അപേക്ഷയുമായെത്തി. മറ്റ് ചില മാധ്യമപ്രവര്‍ത്തകര്‍ കൂടി പുതിയ അപേക്ഷകരുടെ കൂട്ടത്തിലുണ്ടായിരുന്നു. എല്ലാ അപേക്ഷകളും ക്രോഡീകരിച്ച് ഒറ്റ ഫയലാക്കി. അപേക്ഷകര്‍ക്ക് നല്‍കേണ്ടത് മറുപടിയല്ലെന്നും വിവരമാണന്നും നിലപാടെടുത്തു. എന്നാല്‍ ആ റിപോര്‍ട്ട് പുറത്തുകൊടുത്തില്ലെന്നു മാത്രമല്ല, കമ്മീഷന് പരിശോധിക്കാന്‍ പോലും ലഭിച്ചില്ല. റിപോര്‍ട്ടിലെ നിരുപദ്രവകരമായ വിവരങ്ങള്‍ പുറത്തു നൽകുന്നതിന് സര്‍ക്കാര്‍ എതിരായിരുന്നില്ല. എന്നാല്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിച്ച ഉദ്യോഗസ്ഥര്‍ റിപോര്‍ട്ട് തടഞ്ഞുവെച്ചു. സിവില്‍ കോടതി അധികാരങ്ങള്‍ വിനിയോഗിച്ച് അന്ത്യശാസനം നൽകിയാണ് റിപോര്‍ട്ട് വാങ്ങി പരിശോധിച്ചത്.

ആർ ടി ഐ നിയമം വകുപ്പ് 10(1), 10(2) a, b എന്നിവ പ്രകാരം പുറത്ത് കൊടുക്കാന്‍ കഴിയുന്ന വിവരങ്ങള്‍ തരംതിരിച്ചു നല്‍കാന്‍ ഉത്തരവാകുകയും സര്‍ക്കാര്‍ അത് പുറത്ത് വിടുകയുമായിരുന്നു. ഇത് സംബന്ധിച്ച എന്റെ ഉത്തരവ് ഹൈക്കോടതിയുടെ രണ്ട് ഡിവിഷന്‍ ബഞ്ചുകളും മൂന്ന് സിംഗിള്‍ ബഞ്ചുകളും പരിശോധിച്ചു. ഇവരെല്ലാം സംസ്ഥാന വിവരാവകാശ കമ്മീഷന്‍ എടുത്ത തീരുമാനം ശരിവെക്കുകയായിരുന്നു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ എത്തിച്ച് വാദിച്ചെങ്കിലും കമ്മീഷന്‍ തീരുമാനം ശരിയെന്ന് കോടതി പറയുകയായിരുന്നു. ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്ത് വരുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ കമ്മീഷന്‍ പരിഗണിച്ചില്ല. ഏത് വിവരം പുറത്ത് വിടുമ്പോഴും അതാണ് കമ്മീഷന്‍ ചെയ്യുക. ജനപക്ഷത്താണ് കമ്മീഷന്‍. നിയമം അതാണ് പറയുന്നത്. അത് ചെയ്യുക മാത്രമാണ് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എന്ന നിലയില്‍ ഞാന്‍ ചെയ്തത്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് എനിക്ക് ഒരു തരത്തിലുമുള്ള സമ്മര്‍ദങ്ങളും ഉണ്ടായിട്ടില്ല. അത്രക്ക് സ്വതന്ത്രമായാണ് ഇവിടെ വിവരാവകാശ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇത് അഭിമാനകരമായ കാര്യമാണ്.
.

Latest