Ongoing News
കിണറ്റില്‍ നിന്ന് മോട്ടോര്‍ പമ്പ് മോഷണം; പ്രതി പിടിയില്‍
പന്തളം തെക്കേക്കര പറന്തല്‍ മൈനാപ്പള്ളില്‍ ജങ്ഷന് സമീപം കണ്ണന്‍ കുന്നില്‍ പടിഞ്ഞാറേ ചരുവില്‍ വാഴമുട്ടം അജി എന്ന് വിളിക്കുന്ന അജി കുമാര്‍ (34)നെ യാണ് പന്തളം പോലീസ് പിടികൂടിയത്.

പന്തളം | കിണറുകളിലെ മോട്ടോര്‍ പമ്പ് മോഷ്ടിക്കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര പറന്തല്‍ മൈനാപ്പള്ളില്‍ ജങ്ഷന് സമീപം കണ്ണന്‍ കുന്നില്‍ പടിഞ്ഞാറേ ചരുവില്‍ വാഴമുട്ടം അജി എന്ന് വിളിക്കുന്ന അജി കുമാര്‍ (34)നെ യാണ് പന്തളം പോലീസ് പിടികൂടിയത്. പെരുംപുളിക്കല്‍ പടിഞ്ഞാറ്റേതില്‍ തെക്കേ മുകടിയത്ത് ഭാസ്‌കരന്റെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലെ കിണറിനുള്ളില്‍ വച്ചിരുന്ന 18,000 രൂപ വിലവരുന്ന മോട്ടോറും 30 മീറ്റര്‍ വയറുമാണ് അജി മോഷ്ടിച്ചത്.
മോഷണ മുതലുകള്‍ വില്‍ക്കുന്നതിനായി ഇയാള്‍ യാത്ര ചെയ്ത ഓട്ടോറിക്ഷയുടെ ഡ്രൈവറുടെ മൊഴിയാണ് പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. ഇയാളുടെ ഓട്ടോയിലാണ് അജി പന്തളം മെഡിക്കല്‍ മിഷന്‍ ജങ്ഷനിലുള്ള ആക്രിക്കടയില്‍ മോട്ടോര്‍ പമ്പുകളും വയറും വിറ്റത്. അന്വേഷണത്തിനിടെ, മൈനാപ്പള്ളില്‍ ക്ഷേത്രത്തിനു സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്ന് അജിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോള്‍, ഇത്തരത്തില്‍ മുമ്പും മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു.
ഈമാസം 19 ന് രാത്രി ഏട്ടരയ്ക്ക് പന്തളം തെക്കേക്കര പേരുംപുളിക്കല്‍ പഞ്ഞിപ്പുല്ലുവിളയില്‍ രാജേഷിന്റെ വീട്ടിലെ കിണറ്റിലെ മോട്ടോര്‍ പമ്പ് മോഷ്ടിച്ചുവെന്ന വിവരമാണ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആക്രിക്കടയില്‍ നിന്നും അന്വേഷണസംഘം രണ്ട് മോട്ടോര്‍ പമ്പുകളും വയറും കണ്ടെടുത്തു. മോഷണം നടന്ന സ്ഥലത്തിന് സമീപത്തായി അടുത്തിടെ നടന്ന മറ്റ് മോഷണ കേസുകളില്‍ പ്രതിക്ക് പങ്കുണ്ടോയെന്നറിയാന്‍ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാര്‍ നേതൃത്വം നല്‍കിയ അന്വേഷണ സംഘത്തില്‍ എസ് ഐ. ബി എസ് ശ്രീജിത്ത്, സി പി ഒ അര്‍ജുന്‍ എന്നിവരും ഉണ്ടായിരുന്നു.