Connect with us

Uniform Civil Code

കോഡ് ഏകീകരണമെന്ന ആയുധം

നുണകളിൽ പടുത്തുയർത്തിയ ഉട്ടോപ്യൻ ആശയമാണിത്. മുസ്‌ലിംകൾ മാത്രമാണ് തടസ്സമെന്നത് ഒന്നാമത്തെ നുണ. മുസ്‌ലിം വ്യക്തി നിയമങ്ങൾ വിവേചനപരമാണെന്നത് അടുത്തത്. പാർലിമെന്റിൽ ബില്ല് പാസ്സായാൽ നടപ്പാക്കാവുന്നതാണ് യൂനിഫോം സിവിൽ കോഡെന്നത് ഏറ്റവും വലിയ നുണ

Published

|

Last Updated

ക സിവിൽ കോഡ് ഒരിക്കൽ കൂടി ചർച്ചയിലേക്ക് വരികയാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, നിരവധിയായ വികസന പ്രശ്‌നങ്ങൾ എല്ലാമുണ്ടായിട്ടും ഹിമാചൽ പ്രദേശിലും ഗുജറാത്തിലും ബി ജെ പിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം ഏക സിവിൽ കോഡാണ്. എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാൾ അതിനായി ബി ജെ പിയേക്കാൾ വീറോടെ വാദിക്കുന്നു. എന്നാൽ കോഡ് ഏകീകരണത്തെ കുറിച്ച് അഭിപ്രായമാരായാൻ 2016ൽ ചോദ്യാവലിയിറക്കുകയും പ്രാഥമിക റിപോർട്ട് തയ്യാറാക്കുകയും ചെയ്ത കേന്ദ്ര നിയമ കമ്മീഷൻ പറയുന്നത്, അത്ര എളുപ്പത്തിൽ നടപ്പാക്കാവുന്ന ഒന്നല്ല ഈ പരിഷ്‌കാരമെന്നാണ്. ഇക്കാര്യം കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചിട്ടുമുണ്ട്. എന്നിട്ടും തിരഞ്ഞെടുപ്പിലെ പ്രധാന രാഷ്ട്രീയ ആയുധമായി ഏക സിവിൽ കോഡ് കടന്നുവരുന്നു. മത സ്വാതന്ത്ര്യത്തിന് എന്തോ അപകടം പിണയാൻ പോകുന്നുവെന്ന ധാരണയല്ലാതെ യഥാർഥത്തിൽ എന്താണ് ഏക സിവിൽ കോഡിന്റെ വിവക്ഷകൾ എന്ന് ചിന്തിക്കാൻ ആരും തയ്യാറാകാറില്ല. തികച്ചും അപ്രായോഗികമായ ഈ ആശയം അടിയന്തരമായും എത്തിച്ചേരേണ്ട മഹത്തായ ലക്ഷ്യമായി അവതരിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തൊട്ട് എല്ലാ ഘടകങ്ങളും രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തെയും വൈവിധ്യത്തെയും യഥാർഥ മതേതരത്വത്തെയും അടയാളപ്പെടുത്തുന്നു. എല്ലാ മതങ്ങളുടെയും വ്യക്തിത്വത്തെ അംഗീകരിക്കുകയെന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യം. ഇത് രണ്ട് തരത്തിലാണ് സാധ്യമാകുന്നത്. ഒരു പ്രത്യേക മതത്തിന്റെ വിധി വിലക്കുകൾ രാജ്യത്തിന്റെ പൊതു നിയമങ്ങളുടെ അടിസ്ഥാനമായിക്കൂടെന്നതാണ് ഒരു തത്ത്വം. വ്യക്തിതലത്തിൽ ഓരോ മതവിശ്വാസിയും അവന്റെ വിശ്വാസ പൂർത്തീകരണത്തിന് അനിവാര്യമായി ആചരിക്കേണ്ട നിയമങ്ങൾക്ക് മേൽ ഭരണകൂടം തടസ്സങ്ങൾ സൃഷ്ടിക്കാതിരിക്കുകയെന്നതാണ് രണ്ടാമത്തെ കാര്യം. ഈ രണ്ട് തത്ത്വങ്ങളും ഏറ്റുമുട്ടലില്ലാതെ നിലനിൽക്കുന്നത് കൊണ്ടാണ് ഇവിടെ പൊതു സിവിൽ, ക്രിമിനൽ കോഡും പ്രത്യേക മതസ്ഥർക്ക് വ്യക്തി നിയമങ്ങളും നിലനിൽക്കുന്നത്.

ഇന്ത്യയെപ്പോലെ ബഹുസ്വരമായ ഒരു രാജ്യത്ത് സാധ്യമാകുന്നതിന്റെ അങ്ങേയറ്റം ഏകത്വം നമ്മുടെ നിയമവ്യവസ്ഥക്ക് ഇപ്പോഴുണ്ട്. ക്രിമിനൽ കോഡും ഇന്ത്യൻ പീനൽ കോഡും സിവിൽ പ്രൊസീജ്യർ കോഡും ക്രിമിനൽ പ്രൊസീജ്യർ കോഡുമെല്ലാം എല്ലാവർക്കും ബാധകമായതാണ്. ഇവയടക്കം ആയിരക്കണക്കായ നിയമങ്ങളും ശിക്ഷാ വിധികളുമെല്ലാം മതം, ജാതി, പ്രദേശം, സാമ്പത്തിക നിലവാരം തുടങ്ങിയ പരിഗണനകൾക്ക് അതീതമാണ്. സമൂഹവുമായി വ്യക്തി ഇടപെടുന്ന മുഴുവൻ മേഖലകളിലും ഈ നിയമങ്ങളാണ് വാഴുന്നത്. അതുകൊണ്ടാണ് രാജ്യത്ത് നിയമവാഴ്ച (റൂൾ ഓഫ് ലോ) സാധ്യമാകുന്നത്. മതപ്രമാണങ്ങൾക്കനുസരിച്ച് പാലിക്കപ്പെടേണ്ട തികച്ചും വ്യക്തി നിഷ്ഠമായ വിഷയങ്ങളിൽ മാത്രമാണ് വ്യക്തി നിയമങ്ങൾ ബാധകമായിട്ടുള്ളത്. 1937ൽ നിലവിൽ വന്ന ഇസ്‌ലാമിക് ശരീഅത്ത് ആക്ട് പ്രകാരം രൂപപ്പെട്ട മുസ്‌ലിം വ്യക്തി നിയമം വിവാഹം, വിവാഹാനുബന്ധ മറ്റ് കാര്യങ്ങൾ, അനന്തരാവകാശം, ദത്ത് തുടങ്ങിയ കാര്യങ്ങളിൽ പരിമിതപ്പെട്ടിരിക്കുന്നു. ഇതേ വിഷയങ്ങളിൽ ക്രിസ്ത്യൻ സമൂഹങ്ങൾക്കും മറ്റ് സമുദായങ്ങൾക്കും അവരുടേതായ വ്യക്തി നിയമങ്ങളുണ്ട്. ഇവയെ മുഴുവൻ അസാധുവാക്കി പൊതുനിയമത്തിന് കീഴിൽ കൊണ്ടുവരണമെന്നാണ് യൂനിഫോം സിവിൽ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഭരണ ഘടനയിലുണ്ടോ?

ഭരണഘടനയുടെ നാലാം ഭാഗത്ത് പ്രതിപാദിക്കുന്ന, രാഷ്ട്രത്തിനായുള്ള നിർദേശക തത്ത്വങ്ങളിൽ ഏക സിവിൽ കോഡിനെക്കുറിച്ച് പരാമർശമുണ്ട്. ഭരണഘടനയിലെ 36 മുതൽ 51 വരെ വകുപ്പുകളിലായാണ് നിർദേശകതത്ത്വങ്ങൾ പ്രതിപാദിക്കുന്നത്. “രാജ്യത്താകമാനം ബാധകമായ ഒരു സിവിൽ നിയമസംഹിത നിർമിക്കണ’ മെന്ന് 44ാം വകുപ്പ് നിർദേശിക്കുന്നു. രാഷ്ട്രം അഥവാ ഭരണകൂടം അതിന്റെ പ്രയാണത്തിനിടെ കൈവരിക്കേണ്ട ലക്ഷ്യങ്ങളെന്നാണ് നിർദേശക തത്ത്വങ്ങളെ (ഡയറക്ടീവ് പ്രിൻസിപ്പിൽസ്) നിർവചിച്ചിട്ടുള്ളത്. ഐറിഷ് റിപബ്ലിക്കിന്റെ ഭരണഘടനയിൽ നിന്നാണ് ഇതിന്റെ പ്രചോദനം. വിപ്ലവ ഫ്രാൻസിന്റെ മനുഷ്യാവകാശ പ്രഖ്യാപനവും അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും ഇത്തരമൊരു ഭാഗത്തെ സ്വാധീനിച്ചിട്ടുണ്ട്. ഈ ഭരണഘടനകൾക്കൊന്നിനും ഇന്ത്യയിലുള്ളത് പോലെ വ്യവസ്ഥാപിതവും വിശദവുമായ മൗലികാവകാശങ്ങളില്ലെന്ന് മനസ്സിലാക്കണം. അതുകൊണ്ട് തന്നെ ഇന്ത്യൻ ഭരണഘടനയിൽ ഇങ്ങനെയൊന്ന് വേണമോയെന്ന് ഭരണഘടനാ നിർമാണ സമിതിയിൽ കാര്യമായി ചർച്ചയായതാണ്. പാശ്ചാത്യ രാജ്യങ്ങളെ അപ്പടി പകർത്തുന്നതായിപ്പോയി നിർദേശക തത്ത്വങ്ങളെന്ന വിമർശം പോലും ഉയർന്നു വന്നു. മൗലികാവകാശങ്ങളുമായി ഇവ ഏറ്റുമുട്ടുമോയെന്ന ഭയം ഭരണഘടനാ ശിൽപ്പികൾക്കുണ്ടായിരുന്നു.

ഈ പ്രശ്‌നം ഒഴിവാക്കാൻ അത്യന്തം പ്രാധാന്യമേറിയ വ്യവസ്ഥ എഴുതിച്ചേർത്തു. 37ാം വകുപ്പ് പ്രകാരം നിർദേശക തത്ത്വങ്ങൾ “ന്യായാവാദാനർഹമാ’യിരിക്കുമെന്നതാണ് ആ വ്യവസ്ഥ. എന്നുവെച്ചാൽ അവ നടപ്പായില്ലെങ്കിൽ കോടതികൾക്ക് ഇടപെടാനാകില്ല. മൗലികാവകാശങ്ങളുടെ കാര്യം ഇതിന് നേരെ വിപരീതമാണ്. അത് നടപ്പായിക്കിട്ടാൻ പൗരൻമാർക്ക് കോടതികളെ സമീപിക്കാം. ആർട്ടിക്കിൾ 32 ഇത് വ്യക്തമാക്കുന്നു. മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്ന ഘട്ടത്തിൽ ഇടപെടാനും എക്‌സിക്യൂട്ടീവിനെ ഇക്കാര്യത്തിൽ തിരുത്താനും കോടതികൾക്ക് അധികാരമുണ്ട്. (ആർട്ടിക്കിൾ 13)

ഇതു സംബന്ധിച്ച് ഡോ. ബി ആർ അംബേദ്കർ പറഞ്ഞ രണ്ട് കാര്യങ്ങൾ ഏറെ പ്രസക്തമാണ്. നിർദേശക തത്ത്വങ്ങളിൽ ഏതെങ്കിലുമൊന്നിനെ ലംഘിക്കുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ബില്ല് വന്നാൽ രാഷ്ട്രപതിയോ ഗവർണറോ എന്ത് നിലപാടെടുക്കണം എന്ന ചോദ്യമുയർന്നു. ഭരണഘടന ശരിവെക്കുകയും പരിരക്ഷിക്കുകയും ചെയ്ത് കൊള്ളാമെന്ന് സത്യപ്രതിജ്ഞ ചെയ്തതിനാൽ നിർദേശക തത്ത്വത്തെ ലംഘിക്കുന്ന ബില്ലിന് അനുമതി നിഷേധിക്കണമെന്ന അഭിപ്രായം ചില അംഗങ്ങൾ ഉന്നയിച്ചു. എന്നാൽ അംബേദ്കർ ഈ അഭിപ്രായത്തെ നിരാകരിക്കുകയും “അപകടകരമായ ഒരു സിദ്ധാന്ത’മായി അതിനെ വിശേഷിപ്പിക്കുകയും ചെയ്തു. ഭരണഘടന അത് ആവശ്യപ്പെടുന്നില്ല എന്ന് അദ്ദേഹം തീർത്ത് പറഞ്ഞു. മറ്റൊരു ഘട്ടത്തിൽ, പൊതു സിവിൽ കോഡടക്കമുള്ള നിർദേശക തത്ത്വങ്ങൾ വിശാലമായ പൊതുജനാഭിപ്രായത്തിലൂടെ മാത്രമേ നടപ്പാക്കേണ്ടതുള്ളൂ എന്നും അംബേദ്കർ വ്യക്തമാക്കി.

ഇതിൽ നിന്ന് തെളിയുന്നതെന്താണ്? മൗലികാവകാശങ്ങളും നിർദേശക തത്ത്വവും തമ്മിൽ താരതമ്യത്തിന് മുതിർന്നാൽ മൗലികാവകാശങ്ങൾക്ക് തന്നെയാണ് പ്രാമുഖ്യമുള്ളത്. 19 മുതൽ 32 വരെയുള്ള വകുപ്പുകൾ ഭരണഘടന പൗരൻമാർക്ക് വകവെച്ച് കൊടുക്കുന്ന അവകാശങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഇതിൽ 25ാം വകുപ്പിൽ മതസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നു: പൊതു ക്രമം, സദാചാരം, ആരോഗ്യം എന്നിവക്ക് വിധേയമായി ഒരു പൗരന് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അത് ആചരിക്കാനും പ്രചരിപ്പിക്കാനും തുല്യ സ്വാതന്ത്യമുണ്ടായിരിക്കും. ആർട്ടിക്കിൾ 25 അനുസരിച്ച് ഒരാൾക്ക് മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടായിരിക്കെ അതനുസരിച്ചുള്ള വ്യക്തി നിയമത്തിനും അദ്ദേഹത്തിന് അവകാശമുണ്ടായിരിക്കുമല്ലോ. തന്റെ മതാനുഷ്ഠാനം പൂർണമാകണമെങ്കിൽ അതനുസരിച്ചുള്ള വ്യക്തി നിയമം അനിവാര്യകുമ്പോൾ ഏക സിവിൽ കോഡ് മൗലികാവകാശത്തിന്റെ ലംഘനവുമാകുമല്ലോ. 29ാം അനുച്ഛേദവും ഈ വസ്തുത ഊട്ടിയുറപ്പിക്കുന്നു. രാജ്യത്തെ മത, ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭാഷയും സംസ്‌കാരവും നിലനിർത്താനും അതിൻമേലുള്ള അധിനിവേശം ചെറുക്കാനും ഈ വകുപ്പ് സ്വാതന്ത്ര്യം നൽകുന്നു.

നിർദേശക തത്ത്വത്തിൽ പറയുന്ന മറ്റ് കാര്യങ്ങൾ എന്തൊക്കെയെന്നു കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് “പൊതു ജനാരോഗ്യം മെച്ചപ്പെടുത്തുകയും ലഹരി പാനീയങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമായ മരുന്നുകളുടെയും ഉപയോഗം തടയുകയും ചെയ്യുക’ യെന്ന് 47ാം വകുപ്പിൽ പറയുന്നു. ജനങ്ങളിൽ അവശ വിഭാഗങ്ങളുടെ പ്രത്യേകിച്ച് പട്ടിക ജാതികളുടെയും പട്ടിക വർഗക്കാരുടെയും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താത്പര്യങ്ങൾ സവിശേഷ ശ്രദ്ധയോടു കൂടി പ്രാവർത്തികമാക്കുകയെന്ന് 46ാം വകുപ്പ് നിർദേശിക്കുന്നു. പൗരൻമാരുടെ ജീവിതം മെച്ചപ്പെട്ട നിലയിലേക്ക് മാറ്റിത്തീർക്കുന്നതിനായി ഇത്തരം നിരവധി നിർദേശങ്ങൾ മുന്നോട്ട് വെക്കുന്ന നിർദേശക തത്ത്വത്തിൽ നിന്ന് വിവാദപരമായ ഏക സിവിൽ കോഡും ഗോവധ നിരോധവും മാത്രം അടർത്തിയെടുക്കുന്നതിന്റെ താത്പര്യം വ്യക്തമല്ലേ. എന്തുകൊണ്ടാണ് സമ്പൂർണ മദ്യ നിരോധത്തിനായി വാദിക്കാത്തത്? സാമ്പത്തിക സമത്വത്തിനായി കർശന നിയമങ്ങൾ കൊണ്ടുവരാത്തത്?

ദേശീയ ഐക്യമോ?

ദേശീയോദ്ഗ്രഥനത്തിന് അനിവാര്യമെന്ന നിലയിലാണ് ചിലർ ഏകീകൃത സിവിൽ കോഡിനെ അവതരിപ്പിക്കുന്നത്. വ്യക്തി നിയമങ്ങൾ രാജ്യത്തെ ശിഥിലമാക്കുകയാണ് ചെയ്യുന്നതെന്ന് ഇവർ വാദിക്കുന്നു. സ്വതവേ വൈജാത്യങ്ങളുടെ കൂടായ രാജ്യത്ത് ഓരോ മതസ്ഥർക്കും അവരുടെ വ്യക്തി നിയമങ്ങൾ കൂടിയായാൽ കഥ കഴിഞ്ഞുവെന്നാണ് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്. ശുദ്ധ അബദ്ധമാണ് ഇത്. ഇന്ത്യയെപ്പോലെ ആചാരാനുഷ്ഠാന വൈജാത്യങ്ങളാൽ സമ്പന്നമായ ഒരു രാജ്യത്തെ ഒറ്റക്കെട്ടായി നിർത്തുകയെന്ന ദൗത്യമാണ് പ്രത്യേക വ്യക്തി നിയമങ്ങൾ നിർവഹിക്കുന്നത്. വിഘടന പ്രവണതകൾക്ക് തടയിടുകയാണ് അവ ചെയ്യുന്നത്.
കാരണം, രാജ്യത്തിന്റെ അഖണ്ഡതയുടെയും ഐക്യത്തിന്റെയും അടിസ്ഥാന ഉപാധി വൈവിധ്യങ്ങളെ അംഗീകരിക്കുകയെന്നതാണ്. കേവലമായ ഐക്യപ്പെടുത്തലിന് ബോധപൂർവം ശ്രമിക്കുമ്പോൾ വിട്ടുപോകൽ പ്രവണതയാണ് ഉണ്ടാകുക. നുണകളിൽ പടുത്തുയർത്തിയ ഉട്ടോപ്യൻ ആശയമാണ് ഏക സിവിൽ കോഡ്. മുസ്‌ലിം സമൂഹം മാത്രമാണ് തടസ്സമെന്നത് ഒന്നാമത്തെ നുണ. മുസ്‌ലിം വ്യക്തി നിയമങ്ങൾ വിവേചനപരമാണെന്നത് അടുത്തത്.
ഹിന്ദു കോഡ് ഏകീകരിക്കപ്പെട്ടു കഴിഞ്ഞുവെന്നത് മറ്റൊന്ന്. പാർലിമെന്റിൽ ഒരു ബില്ല് പാസ്സാക്കായാൽ നടപ്പാക്കാൻ സാധിക്കുന്നതാണ് യു സി സിയെന്നത് ഏറ്റവും വലിയ നുണ. യൂനിഫോമിറ്റിയല്ല, യൂനിറ്റിയാണ് വേണ്ടത്. അതേ സാധ്യമാകൂ. മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെയാണ്. ഒന്നല്ല.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്