Connect with us

village office

ഖജനാവ് കാലി; വില്ലേജ് ഓഫീസുകളുടെ വിഭജനം പ്രതിസന്ധിയിൽ

വർധിച്ച് വരുന്ന ജനസംഖ്യയും ഭൂ പ്രകൃതിയും പരിഗണിച്ച് വില്ലേജുകളുടെ വിഭജനം ആവശ്യപ്പെട്ട് വിവിധ ജില്ലകളിൽ നിന്നും നിരവധി നിവേദനങ്ങളാണ് സർക്കാറിന് ലഭിച്ചിട്ടുള്ളത്

Published

|

Last Updated

മലപ്പുറം | സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാനത്തെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലെ വില്ലേജ് ഓഫീസുകളുടെ വിഭജനം മുടങ്ങിക്കിടക്കുന്നു. ഇത്തരം വില്ലേജ് ഓഫീസുകൾ വിഭജിക്കണമെന്നത് വർഷങ്ങളായി ജനങ്ങളുടെ ആവശ്യമാണ്.

ഇത് കാരണം വില്ലേജ് ഓഫീസുകളിൽ നിന്ന് ജനങ്ങൾക്ക് ലഭിക്കേണ്ട സേവനം സമയാസമയം ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുകയാണ്. വർധിച്ച് വരുന്ന ജനസംഖ്യയും ഭൂ പ്രകൃതിയും പരിഗണിച്ച് വില്ലേജുകളുടെ വിഭജനം ആവശ്യപ്പെട്ട് വിവിധ ജില്ലകളിൽ നിന്നും നിരവധി നിവേദനങ്ങളാണ് സർക്കാറിന് ലഭിച്ചിട്ടുള്ളത്.

നിലവിലെ വില്ലേജുകൾ വിഭജിച്ച് പുതിയവ രൂപവത്കരിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യതയാണ് വിഭജനത്തിന് തടസ്സമാകുന്നത്. അതുപോലെ ഗ്രൂപ്പ് വില്ലേജുകളുടെ വിഭജനവും പ്രതിസന്ധിയിലായിരിക്കുകയാണ്. ഒരേ ഓഫീസിൽ തന്നെ ഒന്നിലധികം വില്ലേജ് ഓഫീസുകൾ പ്രവർത്തിക്കുന്നതാണ് ഗ്രൂപ്പ് വില്ലേജുകൾ. തിരുവനന്തപുരം, എറണാകുളം തൃശൂർ, കാസർകോട് ജില്ലകളിലായി മാത്രം നൂറോളം ഗ്രൂപ്പ് വില്ലേജുകൾ പ്രവർത്തിക്കുന്നതായാണ് കണക്ക്. വില്ലേജ് വിഭജനതത്തിന് നേരത്തേ സർക്കാർ പദ്ധതിയിട്ടിരുന്നുവെങ്കിലും കൊവിഡും പ്രളയവും മൂലമുണ്ടായ സാമ്പത്തിക ബാധ്യത വിഭജനത്തിന് തടസ്സമാവുകയായിരുന്നു.

വാഹനങ്ങൾക്ക് നെട്ടോട്ടം

വാഹനമില്ലാത്തതും വില്ലേജ് ഓഫീസ് പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നു. സാമ്പത്തിക പ്രതിസന്ധി തന്നെയാണ് വാഹനം അനുവദിക്കുന്നതിനും തടസ്സം. സംസ്ഥാനത്ത് വില്ലേജ് ഓഫീസുകൾക്ക് ഒരിടത്തും ഇതുവരെ ഔദ്യോഗിക വാഹനം അനുവദിച്ചിട്ടില്ല. ദുരന്ത പ്രദേശങ്ങളിലെത്താൻ വാഹനങ്ങളില്ലാതെ വില്ലേജ് ഓഫീസർമാരും ജീവനക്കാരും നെട്ടോട്ടമോടേണ്ട അവസ്ഥയാണ്.

അടിയന്തര ഘട്ടങ്ങളിൽ പോലും വാഹനത്തിനായി ജീവനക്കാർ പരക്കം പായണം. കൃഷി ഓഫീസുകളിലടക്കം സർക്കാർ സ്വന്തം വാഹനം അനുവദിച്ചപ്പോൾ സാധാരണക്കാരന്റെ പ്രധാന ആശ്രയ കേന്ദ്രമായ വില്ലേജ് ഓഫീസുകൾക്ക് മാത്രം ഔദ്യോഗിക വാഹനം നൽകിയിട്ടില്ല. ഇതിനാൽ വാടകക്ക് വാഹനം തേടിപ്പിടിച്ച് ഓരോ പ്രദേശങ്ങളിലും എത്തേണ്ട ഗതികേടാണുള്ളത്. അത്യാവശ്യഘട്ടങ്ങളിൽ താലൂക്ക് ഓഫീസിലെയോ, ജില്ലാ കലക്ടറേറ്റിലെയോ വാഹനങ്ങൾ ഉപയോഗിക്കാമെന്നാണ് വില്ലേജുകൾക്കുളള നിർദേശം.എന്നാൽ, മഴക്കാലത്ത് ഇവിടെത്തെ വാഹനങ്ങൾക്ക് തിരക്കോട് തിരക്കുമാണ്.

വില്ലേജ് ഓഫീസർക്ക് സ്വന്തം വാഹനം ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും ഇവക്ക് വളരെ കുറഞ്ഞ രൂപയാണ് ബത്തയായി അനുവദിച്ചു കിട്ടുന്നത്.

അതിനാൽ ജീവനക്കാർ പൊതുവേ ഈ വാഹനം ഉപയോഗിക്കാൻ തയ്യാറാവാറില്ല.

റിപ്പോർട്ടർ, മലപ്പുറം ബ്യൂറോ

---- facebook comment plugin here -----

Latest