local body election 2025
ഭരണിക്കാവില്‍ 'പെണ്‍കരുത്തിന്റെ' പോരാട്ടം
കഴിഞ്ഞ തവണ 3,300 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫിലെ നികേഷ് തമ്പിയാണ് ഇവിടെ വിജയക്കൊടി പാറിച്ചത്.
കായംകുളം | ജില്ലാ പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷനില്‍ ഇത്തവണ പോരാട്ടം കടുപ്പമാണ്. വനിതാ സംവരണമായതോടെ മുന്നണികള്‍ അണിനിരത്തുന്നത് തങ്ങളുടെ ഏറ്റവും മികച്ച വനിതാ പോരാളികളെയാണ്.
മാറിമാറി വന്ന രാഷ്ട്രീയ കാറ്റില്‍ ഒടുവില്‍ ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്ന ഭരണിക്കാവ് ഡിവിഷന്‍ നിലനിര്‍ത്തുക എന്നത് എല്‍ ഡി എഫിന് അഭിമാനപ്രശ്‌നമാണ്. മറുഭാഗത്ത്, നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ യു ഡി എഫും ഇരുമുന്നണികള്‍ക്കും വെല്ലുവിളിയുയര്‍ത്തി ബി ജെ പിയും കളം നിറഞ്ഞതോടെ ഭരണിക്കാവില്‍ ത്രികോണപ്പോരിന്റെ ചൂടേറി.തുടക്കത്തില്‍ യു ഡി എഫിനെ തുണച്ച ചരിത്രമാണ് ഡിവിഷനുള്ളതെങ്കിലും പിന്നീട് ഇടത്തോട്ട് ചാഞ്ഞ മണ്ണ് എല്‍ ഡി എഫിന്റെ ഉരുക്കുകോട്ടയായി മാറുകയായിരുന്നു.
കഴിഞ്ഞ തവണ 3,300 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫിലെ നികേഷ് തമ്പിയാണ് ഇവിടെ വിജയക്കൊടി പാറിച്ചത്. എന്നാല്‍ വാര്‍ഡ് പുനര്‍വിഭജനത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ വിധിയെഴുത്തിനെ സ്വാധീനിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കറ്റാനം, ഭരണിക്കാവ്, വള്ളികുന്നം, കണ്ണനാകുഴി, താമരക്കുളം, ചാരുംമൂട്, കരിമുളക്കല്‍ എന്നീ ബ്ലോക്ക് ഡിവിഷനുകളിലായി പരന്നുകിടക്കുന്ന 58 വാര്‍ഡുകളാകും വിധി നിർണയിക്കുക.
അങ്കത്തട്ടിലെ പോരാളികള്‍
അഡ്വ. സഫിയ സുധീര്‍ (എല്‍ ഡി എഫ്)
നിയമത്തിന്റെയും സാഹിത്യത്തിന്റെയും കരുത്തുമായാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. സഫിയ സുധീര്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. ലോയേഴ്‌സ് യൂനിയന്‍ ജില്ലാ വൈസ് പ്രസിഡന്റ്, വനിതാ സാഹിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ സജീവ സാന്നിധ്യമാണ്.
ബി രാജലക്ഷ്മി (യു ഡി എഫ്)
ഭരണപരിചയത്തിന്റെ കരുത്തുമായാണ് യു ഡി എഫ് സ്ഥാനാര്‍ഥി ബി രാജലക്ഷ്മി മത്സരത്തിനിറങ്ങുന്നത്. വള്ളികുന്നം പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ അംഗവുമാണ്. ഡി സി സി ജനറല്‍ സെക്രട്ടറി, മഹിളാ കോണ്‍ഗ്രസ്സ് മുന്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലുള്ള സംഘടനാ പാടവം മുതല്‍ക്കൂട്ടാകുമെന്ന് കോണ്‍ഗ്രസ്സ് കണക്കുകൂട്ടുന്നു.
സുമ ഉപാസന (എന്‍ ഡി എ)
ശക്തമായ പ്രചാരണവുമായി എന്‍ ഡി എ സ്ഥാനാര്‍ഥി സുമ ഉപാസനയും ഒപ്പത്തിനൊപ്പമുണ്ട്. ബി ജെ പി ചാരുംമൂട് മണ്ഡലം സെക്രട്ടറിയായ സുമ, കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും പ്രാദേശിക വികസന വിഷയങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് വോട്ട് തേടുന്നത്.


