Connect with us

siraj editorial

സമുദ്രോത്പന്ന മേഖല പ്രതിസന്ധിയില്‍

കാലാവസ്ഥാ വ്യതിയാനം, മത്സ്യത്തിന്റെ ലഭ്യതക്കുറവ്, കണ്ടയ്നര്‍ നിരക്കിലും മറ്റും വന്ന നിരക്കു വര്‍ധന, കൊവിഡിന്റെ രണ്ടാം വരവിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലും അമേരിക്കയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് തുടങ്ങി വിവിധ കാരണങ്ങളാണ് സമുദ്രോത്പന്ന കയറ്റുമതിയിലെ പ്രതിസന്ധിക്കു കാരണമായി വിലയിരുത്തപ്പെടുന്നത്

Published

|

Last Updated

കൊവിഡാനന്തര കേരളം പഴയ അവസ്ഥ കൈവരിച്ചു തുടങ്ങിയെങ്കിലും സമുദ്രോത്പന്ന രംഗം ഇപ്പോഴും പ്രതിസന്ധിയില്‍ തന്നെ. കാലാവസ്ഥാ വ്യതിയാനം, മത്സ്യത്തിന്റെ ലഭ്യതക്കുറവ്, കണ്ടയ്നര്‍ നിരക്കിലും മറ്റും വന്ന വര്‍ധന, കൊവിഡിന്റെ രണ്ടാം വരവിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലും അമേരിക്കയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് തുടങ്ങി വിവിധ കാരണങ്ങളാണ് സമുദ്രോത്പന്ന കയറ്റുമതിയിലെ പ്രതിസന്ധിക്കു കാരണമായി വിലയിരുത്തപ്പെടുന്നത്. നല്ല വളര്‍ച്ചയായിരുന്നു അടുത്ത ഏതാനും വര്‍ഷങ്ങളായി ഈ രംഗം കൈവരിച്ചിരുന്നത്. 2009-10ല്‍ 8,000 കോടി രൂപയായിരുന്നു ഈ മേഖലയില്‍ നിന്നുള്ള വരുമാനമെങ്കില്‍ 2019-20ല്‍ 47,000 കോടിയായി ഉയര്‍ന്നു. എന്നാല്‍ രണ്ട് വര്‍ഷത്തോളമായി വളര്‍ച്ച പിന്നോട്ടാണ്. 2018-19ല്‍ 1,39,559 ടണ്‍ സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്ത സ്ഥാനത്ത് 2019-20 വര്‍ഷത്തില്‍ 12,89,651 ടണ്ണാണ് കയറ്റുമതി ചെയ്തത.് 2020-21 വര്‍ഷത്തില്‍ ഉത്പാദനത്തിലും കയറ്റുമതിയിലും 20 ശതമാനം ഇടിവു നേരിട്ടതായി സീഫുഡ് എക്‌സ്പോര്‍ട്ടേഴ്സ് അസ്സോസിയേഷന്‍ (എസ് ഇ എ ഐ) ഭാരവാഹികള്‍ പറയുന്നു.

2020 തുടക്കത്തില്‍ ശുഭപ്രതീക്ഷകളോടെ തുടങ്ങിയ സമുദ്രോത്പന്ന കയറ്റുമതി മേഖല കൊവിഡ്-19 പിടിമുറുക്കിയതോടെയാണ് പ്രതിസന്ധിയിലേക്കു നീങ്ങിയത്. കൊവിഡ് ഭീഷണി നീങ്ങിത്തുടങ്ങിയതോടെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ പ്രതികൂല സാഹചര്യം സൃഷ്ടിച്ചു. മഴയും കടല്‍കയറ്റവും കാരണം വര്‍ഷത്തില്‍ പകുതിയും കടലില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ് കഴിഞ്ഞ കുറേ ആഴ്ചകളായി കടല്‍ തൊഴിലാളികള്‍ക്ക്. ക്രിസ്തുമസ്-പുതുവത്സര സീസണിലെ ഓര്‍ഡറുകളെ ഇത് ബാധിക്കും. ഈ സീസണില്‍ ഓര്‍ഡറുകള്‍ ധാരാളമുണ്ടെങ്കിലും ഉത്പന്നങ്ങളുടെ ലഭ്യതക്കുറവും കണ്ടയ്നര്‍ നിരക്കുവര്‍ധന കാരണവും ഓര്‍ഡറുകള്‍ക്ക് അനുസൃതമായി സാധനങ്ങള്‍ കൃത്യസമയത്ത് കയറ്റി അയക്കാന്‍ കഴിയുന്നില്ല. നേരത്തേ രണ്ട് ലക്ഷം രൂപ വരെയായിരുന്ന കണ്ടയ്നര്‍ നിരക്ക് നിലവില്‍ 14 ലക്ഷം വരെ ഉയര്‍ന്നതായി എസ് ഇ എ ഐ വൃത്തങ്ങള്‍ പറയുന്നു. ഗതാഗതച്ചെലവ് കൂടിയതോടെ ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്നങ്ങള്‍ക്ക് വിലയും ഉയര്‍ന്നു.

കൊവിഡ് വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ശീതീകരിച്ച സമുദ്രോത്പന്നങ്ങള്‍ക്ക് ചൈന വിലക്കേര്‍പ്പെടുത്തിയതും തിരിച്ചടിയായി. പാക്കേജില്‍ വൈറസ് കണ്ടെത്തിയതോടെയാണ് ആറ് കയറ്റുമതി കമ്പനികളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ചൈനയില്‍ വിലക്കു വീണത്. കൊവിഡ് വൈറസിന്റെ വരവോടെ രണ്ട് വര്‍ഷത്തോളമായി സൂക്ഷ്മ പരിശോധനക്കു ശേഷമേ ശീതീകരിച്ച ഭക്ഷ്യവസ്തുക്കള്‍ക്ക് ചൈന വിതരണാനുമതി നല്‍കുന്നുള്ളൂ. വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് മറ്റു വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്കും ചൈന വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്ത്യന്‍ സമുദ്രങ്ങളില്‍ നിന്നുള്ള ഭക്ഷ്യവിഭവങ്ങള്‍ക്ക് ചൈനയില്‍ ആവശ്യക്കാരേറെയാണ്. കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ മത്സ്യം, മാംസം കയറ്റുമതിക്കായി സജ്ജീകരിച്ച ഘട്ടത്തിലാണ് വിലക്കു വന്നത്. ഡിസംബര്‍ അവസാനമാകുമ്പോഴേക്കും ചൈനയിലേക്ക് ഒരു ബില്യണ്‍ ഡോളറിന്റെ (നൂറ് കോടി) കയറ്റുമതി നടക്കുമെന്നു പ്രതീക്ഷിച്ചിരുന്നു.

അമേരിക്ക, ചൈന, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യന്‍ സമുദ്രോത്പന്നങ്ങള്‍ കൂടുതല്‍ കയറ്റി അയക്കുന്നത്. അമേരിക്കയിലേക്കാണ് കയറ്റുമതി കൂടുതല്‍. ആകെ ഡോളര്‍ വരുമാനത്തിന്റെ 41.15 ശതമാനവും അമേരിക്കയിലേക്ക് കയറ്റി അയച്ച 2,91,948 ടണ്‍ സമുദ്രോത്പന്നങ്ങളില്‍ നിന്നാണ് നേടിയത്. കഴിഞ്ഞ വര്‍ഷം കയറ്റുമതി അളവില്‍ 4.34 ശതമാനത്തിന്റെയും ഡോളര്‍ വരുമാനത്തില്‍ 4.35 ശതമാനത്തിന്റെയും കുറവ് രേഖപ്പെടുത്തി. ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന ഇറക്കുമതിയില്‍ രണ്ടാം സ്ഥാനം ചൈനക്കാണ്. മുന്‍ വര്‍ഷം 2,18,343 ടണ്‍ സമുദ്രോത്പന്നമാണ് ചൈന ഇറക്കുമതി ചെയ്തത്. ആകെ ഡോളര്‍ വരുമാനത്തിന്റെ 15.77 ശതമാനവും കയറ്റുമതി അളവിന്റെ 19 ശതമാനവും ചൈനയില്‍ നിന്നാണ്.

കേരള തീരക്കടലുകളിലെ മത്സ്യലഭ്യതയില്‍ വന്ന കുറവാണ് മറ്റൊരു പ്രശ്‌നം. കാലാവസ്ഥാ വ്യതിയാനം മൂലം കടലിന്റെ അടിത്തട്ടില്‍ അനുഭവപ്പെടുന്ന മര്‍ദ വ്യത്യാസത്തെത്തുടര്‍ന്ന് ഒഴുക്കിലുള്ള ദിശാമാറ്റവും ആഴക്കടലില്‍ വെള്ളം ചൂടാകുന്നത് കാരണം മത്സ്യങ്ങള്‍ മറ്റ് ഇടങ്ങളിലേക്ക് പോകുന്നതും ഡബിള്‍ നെറ്റ് ഉപയോഗിച്ച് ചെറിയ മത്സ്യക്കുഞ്ഞുങ്ങളെയടക്കം പിടിക്കുന്നതും മത്സ്യലഭ്യത കുറയാന്‍ പ്രധാന കാരണങ്ങളായി പറയപ്പെടുന്നു. മത്തി, അയല തുടങ്ങിയ മത്സ്യങ്ങളെയാണ് പ്രധാനമായും കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നത്. മത്സ്യങ്ങള്‍ക്കു മുട്ടയിടാന്‍ അനുയോജ്യമായ താപനില ആവശ്യമായ മാസങ്ങളുണ്ട്. ഈ കാലയളവില്‍ കാലാവസ്ഥാ വ്യതിയാനം കാരണം കേരള തീരങ്ങളില്‍ ആവശ്യമായ താപനില ലഭിക്കുന്നില്ല. ഗുജറാത്ത്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് അനുകൂല താപനില തേടി മത്സ്യങ്ങള്‍ സഞ്ചരിക്കുന്നത്. വിദേശ ട്രോളറുകള്‍ക്ക് ആഴക്കടലിലാണ് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയതെങ്കിലും അവിടെ പ്രതീക്ഷിച്ച മത്സ്യ ലഭ്യത ഇല്ലാതെ വരുമ്പോള്‍ അവര്‍ തീരക്കടലിലേക്ക് കടന്നുവരുന്നതും പരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നതും പതിവാണ്. വന്‍കിട ബോട്ടുകാര്‍ പ്രത്യേക സംവിധാനം ഘടിപ്പിച്ച് കടലിന്റെ അടിത്തട്ടില്‍ നിന്ന് സകലതും കോരിയെടുക്കുന്നു. യന്ത്രവത്കൃത ബോട്ടുകളുടെ വലയില്‍പ്പെട്ടാല്‍ മീനുകളുടെ മുട്ടയിടല്‍ മുടങ്ങും. സംസ്ഥാനത്ത് നിലവിലുള്ള ബോട്ടുകള്‍ക്ക് തന്നെ പിടിക്കാനുള്ള മത്സ്യസമ്പത്തില്ലെന്നിരിക്കെ ഇത് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ സാരമായി ബാധിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രിയുടെ മത്സ്യ സമ്പദ് യോജന സ്‌കീമില്‍ മത്സ്യബന്ധന മേഖലക്ക് ചില പ്രയോജനങ്ങള്‍ ലഭിച്ചെങ്കിലും മേഖലക്ക് സ്‌കീമില്‍ ഒരു പിന്തുണയും ലഭിച്ചിട്ടില്ലെന്നും കൊവിഡ് ആഘാതം ചെറുക്കുന്നതിനുള്ള പാക്കേജുകളൊന്നും മേഖലക്കായി പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് സീ ഫുഡ് എക്‌സ്പോര്‍ട്ടേഴ്സ് അസ്സോസിയേഷന്‍ പറയുന്നത്. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന ഭരണ തലങ്ങളില്‍ നിന്ന് അടിയന്തര ഇടപെടല്‍ ആവശ്യമാണ്.

Latest