Connect with us

Articles

ജാതി വാഴ്ചയുടെ "സവര്‍ണ' കാലം

നവോത്ഥാന, ദേശീയ, സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നിരവധി ജാതിവിരുദ്ധ സമരങ്ങള്‍ നടന്ന പയ്യന്നൂരിലെ ഒരു ശിവക്ഷേത്രത്തിലാണ് കേരളത്തിന്റെ ദേവസ്വം പട്ടിക ജാതി വര്‍ഗ വകുപ്പ് മന്ത്രി സവര്‍ണ ജാതി ശാന്തിക്കാരാല്‍ അപമാനിക്കപ്പെട്ടത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ സംഭവമാണ്.

Published

|

Last Updated

ഹിന്ദുത്വമെന്നത് ജാതിയിലധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണ്. ആധുനികതയെ നിഷേധിക്കുന്നതും തുല്യതയുടേതായ എല്ലാ മൂല്യങ്ങളെയും നിരാകരിക്കുന്നതുമായ അസ്പൃശ്യതാ സിദ്ധാന്തം കൂടിയാണ് വര്‍ണാശ്രമ ധര്‍മങ്ങളിലധിഷ്ഠിതമായ ഹിന്ദുത്വമെന്ന കാര്യമാണ് പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്. അയിത്തത്തെയും തൊട്ടുകൂടായ്മയെയും ആദര്‍ശവത്കരിക്കുന്ന ബ്രാഹ്‌മണിക്കല്‍ യുക്തികളിലൂടെയാണ് അത് സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ജാതി ഉച്ചനീചത്വങ്ങളെ നിലനിര്‍ത്തിപ്പോരുന്നത്. നവോത്ഥാന മുന്നേറ്റങ്ങളുടെ ഉജ്വലമായ ചരിത്രമുള്ള കേരളീയ സമൂഹത്തില്‍ പോലും ജാതി പുനരുജ്ജീവനത്തിലൂടെ ബ്രാഹ്‌മണാധികാരത്തെ സാധൂകരിക്കുന്ന ഹിന്ദുത്വം ജനങ്ങളുടെ പൊതുബോധമായി മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം.

സാര്‍വ ദേശീയ തലത്തില്‍ തന്നെ ജ്ഞാനോദയ മാനവികതയെയും ആധുനിക ജനാധിപത്യ സംവിധാനങ്ങളെയും നിരാകരിക്കുന്ന തീവ്ര വലതുപക്ഷ വത്കരണത്തിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും കേരളത്തിലുമെല്ലാം ജാതി പുനരുജ്ജീവന ശക്തികള്‍ അപകടകരമാം വിധം പിടിമുറുക്കിക്കൊണ്ടിരിക്കുന്നത്. നവോത്ഥാന, ദേശീയ, സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നിരവധി ജാതിവിരുദ്ധ സമരങ്ങള്‍ നടന്ന പയ്യന്നൂരിലെ ഒരു ശിവക്ഷേത്രത്തിലാണ് കേരളത്തിന്റെ ദേവസ്വം പട്ടിക ജാതി വര്‍ഗ വകുപ്പ് മന്ത്രി സവര്‍ണ ജാതി ശാന്തിക്കാരാല്‍ അപമാനിക്കപ്പെട്ടത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ സംഭവമാണ്. നമ്മുടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും ഭാഷയുടെയുമൊക്കെ പേരിലുള്ള എല്ലാവിധ വിവേചനങ്ങളെയും കുറ്റകൃത്യമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്.

എന്നാല്‍ ഭരണഘടനയുടെ സമത്വാവകാശങ്ങളെ മാത്രമല്ല ഭരണഘടനയെ തന്നെ ഇല്ലാതാക്കുന്ന ഹിന്ദുത്വ ശക്തികള്‍ കേന്ദ്രാധികാരത്തിലിരുന്നു കൊണ്ട് ജാതി ബ്രാഹ്‌മണ്യത്തിലധിഷ്ഠിതമായ മതരാഷ്ട്രത്തിലേക്ക് രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്ന ചരിത്രസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നത്. നമ്മുടെ പുതിയ പാര്‍ലിമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് പട്ടിക വര്‍ഗക്കാരിയായ രാഷ്ട്രപതിയെ മാറ്റിനിര്‍ത്തി ഉപരാഷ്‌ട്രപതിയെ കൊണ്ടുവന്നതും തമിഴ്നാട്ടില്‍ നിന്നുള്ള ഹൈന്ദവ സന്യാസിമാരെ വിശിഷ്ടാതിഥികളായി ക്ഷണിച്ചുകൊണ്ടുവന്നതുമെല്ലാം രാജ്യം ചാതുര്‍ വര്‍ണ്യത്തിലേക്കുള്ള ഒരു തിരിച്ചുപോക്കിലേക്കാണെന്നാണ് കാണിക്കുന്നത്. പാര്‍ലിമെന്റ് മന്ദിരത്തിനു മുന്നിലെ ഗജദ്വാരത്തില്‍ രാഷ്ട്രപതിയല്ല ഉപരാഷ്ട്രപതിയാണ് പതാക ഉയര്‍ത്തിയത്. രാഷ്ട്രപതി ഒരു പട്ടിക വര്‍ഗ സ്ത്രീയായതു കൊണ്ടാണ് മാറ്റിനിര്‍ത്തപ്പെട്ടതും ഔദ്യോഗിക ചടങ്ങുകളില്‍ അവര്‍ക്ക് സ്ഥാനം നല്‍കാതിരുന്നതും.

ഒരു മതനിരപേക്ഷ രാജ്യത്തിന്റെ പുതിയ പാര്‍ലിമെന്റ് മന്ദിരത്തില്‍ ആദ്യ സമ്മേളനം ചേരാനുള്ള ദിവസമായി ചിലര്‍ തിരഞ്ഞെടുത്തത് ഗണേശ ചതുര്‍ത്ഥി ദിനമാണെന്നതും രാജ്യമെത്തപ്പെട്ട മതാത്മക അവസ്ഥയുടെ വെളിപ്പെടുത്തലാണ്. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം പി പരിഹാസപൂര്‍വം ചൂണ്ടിക്കാട്ടിയതുപോലെ ഇന്ത്യയില്‍ ജനാധിപത്യമെന്നത് മോദി ആധിപത്യമോ നമോ ആധിപത്യമോ ആയി മാറിയിരിക്കുന്നു. ബ്രാഹ്‌മണിക ജാത്യാധികാരത്തിന്റെ പ്രത്യയശാസ്ത്രവും രാഷ്ട്രീയ അജന്‍ഡയുമാണ് മോദിയെ നയിക്കുന്നത്. ഭൂരിപക്ഷാധിപത്യവും ന്യൂനപക്ഷ, ദളിത് വേട്ടയുമാണ് ഹിന്ദുത്വ സര്‍ക്കാറിന്റെ രാഷ്ട്രീയ അജന്‍ഡയായിരിക്കുന്നത്. ബ്രാഹ്‌മണ ജാത്യാധികാരത്തിന്റെ ഭൂതകാലമാണ് ആര്‍ എസ് എസ്, ബി ജെ പി നേതാക്കളെ ആവേശം കൊള്ളിക്കുന്നത്. മനുസ്മൃതി നിയമവും ഭരണവുമായ ഒരു കാലഘട്ടത്തെയാണ് അവര്‍ സുവര്‍ണ കാലമായി വര്‍ത്തമാനത്തിലേക്ക് ആനയിച്ച് കുടിയിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

നരേന്ദ്ര മോദി ഭരണത്തിനു കീഴില്‍ ന്യൂനപക്ഷ മതസമൂഹങ്ങള്‍ മാത്രമല്ല ദളിത് ജനസമൂഹങ്ങളും രാജ്യത്തുടനീളം വേട്ടയാടപ്പെടുകയാണ്. ഈയിടെ പുറത്തുവന്ന ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപോര്‍ട്ട് നല്‍കുന്ന സൂചന രാജ്യമെമ്പാടും ദളിത് ജനസമൂഹങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അഭൂതപൂര്‍വമായ തോതില്‍ വര്‍ധിച്ചിരിക്കുന്നു എന്നാണ്. മോദി അധികാരത്തിലെത്തിയ 2014ല്‍ മാത്രം 58,515 കേസുകളാണ് ദളിതര്‍ക്ക് നേരേയുള്ള അതിക്രമങ്ങളില്‍ രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ 68.6 ശതമാനവും പട്ടിക ജാതിക്കാര്‍ക്കെതിരെ 19 ശതമാനവും അതിക്രമങ്ങള്‍ വര്‍ധിച്ചതായി എന്‍ സി ആര്‍ ബി റിപോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.

ഹരിയാനയില്‍ ദളിത് അതിക്രമങ്ങളുടെ എണ്ണത്തില്‍ 245 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2015ല്‍ മാത്രം വിവിധ ആക്രമണങ്ങളില്‍ 90 ദളിതര്‍ കൊലചെയ്യപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാറുണ്ടെങ്കിലും കൃത്യമായ തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. സവര്‍ണ ജാതി ബോധത്തിന് കീഴ്പ്പെട്ട് പ്രവര്‍ത്തിക്കുന്ന പോലീസും കുറ്റാന്വേഷണ ഏജന്‍സികളും കൃത്യമായ തെളിവുകളെയോ സാക്ഷികളെയോ കോടതിക്കു മുമ്പില്‍ എത്തിക്കുന്നില്ല എന്നതാണ് രോഷജനകമായ വസ്തുത. 1955ല്‍ ദളിതര്‍ക്ക് നേരേയുള്ള അക്രമ സംഭവങ്ങളില്‍ കേവലം 150 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്തിപ്പോള്‍ ഇന്ത്യയില്‍ അത് 1.38 ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്. 2014 വരെയുള്ള കണക്കുകള്‍ പ്രകാരം 1,38,792 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

എസ് സി വിഭാഗത്തിനെതിരായ അക്രമ സംഭവങ്ങളില്‍ 47,604 കേസുകളാണ് 2014ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 39,408 കേസുകള്‍ 2013ല്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണ് ഈ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായുള്ള 6,793 കുറ്റകൃത്യങ്ങള്‍ 2013ല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2014ല്‍ ഇത് 11,451 ആയി വര്‍ധിച്ചു. ഈ കണക്കുകള്‍ യഥാര്‍ഥത്തില്‍ രാജ്യത്ത് സംഭവിച്ച ദളിതുകള്‍ക്കെതിരായ എല്ലാ അതിക്രമങ്ങളും ഉള്‍പ്പെടുന്നതല്ല. എത്രയോ ദളിത് പീഡനങ്ങളും അക്രമങ്ങളും കേസാകാതെ പോകുകയാണ് പതിവ്. വിവര വിപ്ലവത്തിന്റെ കാലത്തും ഉത്തരേന്ത്യയിലെ പല വിദൂരസ്ഥ ഗ്രാമങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ പുറം ലോകം അറിയുന്നില്ല എന്നതാണ് വസ്തുത. കാരണം അവിടെ സവര്‍ണ ജാതിക്കാര്‍ പറയുന്നതേ മാധ്യമങ്ങള്‍ വാര്‍ത്തയാക്കാറുള്ളൂ. സവര്‍ണജാതിക്കാര്‍ക്ക് അഹിതമായിട്ടുള്ളതൊന്നും പോലീസ് കേസാക്കാറുമില്ല.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദളിത് പീഡനവും വിവേചനവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് നരേന്ദ്രമോദിയുടെ ഗുജറാത്ത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തേ ചൂണ്ടിക്കാണിച്ചത് ഗുജറാത്തിലെ ഏറ്റവും കുറഞ്ഞത് 77 ഗ്രാമങ്ങളിലെങ്കിലും ദളിതര്‍ക്ക് സാമൂഹികഭൃഷ്ട് മൂലം നാട് വിട്ട് പോകേണ്ടി വന്നിട്ടുണ്ടെന്നാണ്. ന്യൂനപക്ഷങ്ങളെ മാത്രമല്ല മോദി ഭരണം ഗുജറാത്തില്‍ അരക്ഷിതരും നിരാലംബരുമാക്കിയത്, ദളിത് ജനവിഭാഗങ്ങളെക്കൂടിയാണ്. മോദി ഭരണത്തിന് കീഴില്‍ പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമമനുസരിച്ച് ദളിത് അതിക്രമങ്ങളില്‍ കേസെടുക്കുന്നില്ല എന്ന പരാതി വ്യാപകമായി ഉയര്‍ന്നുവന്നതാണ്. എടുക്കുന്ന കേസുകളില്‍ തന്നെ 3.5 ശതമാനം മാത്രമാണ് കോടതി, ശിക്ഷാ നടപടികള്‍ക്ക് വിധേയമാകുന്നത്.

അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള ഗുജറാത്തിലെ ഒട്ടുമിക്ക ജില്ലകളിലും ദളിതര്‍ക്ക് ഇന്നും ക്ഷേത്രപ്രവേശനം സാധ്യമായിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അഹമ്മദാബാദ് സിറ്റിയില്‍ നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗല്‍സാന ഗ്രാമത്തിലെ അഞ്ച് ക്ഷേത്രങ്ങളില്‍ ദളിതര്‍ക്ക് പ്രവേശിക്കാന്‍ അനുമതി ഇല്ലാത്തതിനെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ട്. അയിത്തത്തിന്റെ പേരില്‍ ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധിച്ച യുവാക്കളെ ഈ ഗ്രാമങ്ങളില്‍ നിന്ന് ബി ജെ പിയുടെ സഹായത്തോടെ സവര്‍ണര്‍ സാമൂഹികഭൃഷ്ട് കല്‍പ്പിച്ച് പുറത്താക്കുകയാണ് ചെയ്തത്. ഗുജറാത്തില്‍ ദളിതരെ തോട്ടിപ്പണിക്കാരാക്കി ആദര്‍ശവത്കരിക്കുകയാണ് സംഘ്പരിവാര്‍ ചെയ്തത്. ബി ജെ പിയുടെ ഹിന്ദുത്വ മാതൃകയുടെ പരീക്ഷണ ശാലയായ ഗുജറാത്തിലെ ദളിതരുടെ ജീവിതാവസ്ഥ അതീവ ഭീകരമാണ്. വിവേചനവും അടിമത്തവും പേറുന്നവരാണ് അധസ്ഥിത ജനത.

ദളിതരായവര്‍ ചെയ്യുന്ന തോട്ടിപ്പണി അവര്‍ക്ക് ആത്മീയാനുഭവം നല്‍കുന്ന ധര്‍മ ശാസ്ത്ര വിധിയനുസരിച്ചുള്ളതാണെന്ന് പറയാന്‍ പോലും അവര്‍ക്ക് മടിയുണ്ടായില്ല. ഇങ്ങനെയുള്ളവര്‍ രാജ്യം ഭരിക്കുമ്പോള്‍ ദളിതുകള്‍ക്ക് എവിടെ നിന്നാണ് സാമൂഹിക സുരക്ഷയും സാമൂഹിക നീതിയും കിട്ടുക. ഇന്ത്യയുടെ ഏറ്റവും വികസിത സംസ്ഥാനമായി ഗുജറാത്തിനെ എടുത്തുകാട്ടുന്നവര്‍ മനുഷ്യ വിസര്‍ജ്യം ചുമക്കുന്ന തോട്ടികളുടെ നാടായി ഗുജറാത്തിനെ മാറ്റിയ കാര്യം മറച്ചുപിടിക്കുകയാണ്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനമനുസരിച്ച് ഗുജറാത്തില്‍ 12,000ത്തിലേറെ പേര്‍ തോട്ടിപ്പണിക്കാരായുണ്ട്.

Latest