vs achuthanandan
യാത്രയായി വിപ്ലവനായകന്‍; ഇനി ജന ഹൃദയങ്ങളില്‍...
ആ പോരാട്ട വീറിനെ വലിയ ചുടുകാട്ടില്‍ അഗ്നി ഏറ്റുവാങ്ങി

ആലപ്പുഴ | ജീവിതം സമരവും സമരം ജീവിതവുമാക്കിയ ആ വിപ്ലവ നായകന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ. മുന്‍ മുഖ്യമന്തിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട വി എസിന് വലിയ ചുടുകാട്ടില്‍ അന്ത്യവിശ്രമം. രാത്രി 9 ഓടെയായിരുന്നു ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാരം. 9.16 ഓടെ മകന്‍ വി എ അരുണ്‍കുമാര്‍ ചിതക്കു തീകൊളുത്തി.
തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായി ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലെത്തിച്ച ഭൗതികദേഹം സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിനു ശേഷം അവിടെ നിന്ന് വലിയ ചുടുകാട്ടില്‍ എത്തിക്കുകയായിരുന്നു. 1957ല്‍ ജില്ലാ സെക്രട്ടറിയായിരിക്കെ വി എസിന് പതിച്ചു കിട്ടിയ ഭൂമിയാണ് വലിയ ചുടുകാട്ടിലേത്. അന്ത്യയാത്രക്ക് സാക്ഷിയാകാന്‍ ഭാര്യ വസുമതതിയും മക്കള്‍ അരുണ്‍കുമാര്‍ ഡോ. ആശയും എത്തിയിരുന്നു. മുതിര്‍ന്ന സി പി എം നേതാക്കളെല്ലാം ചിതക്കു സമീപം ഉണ്ടായിരുന്നു. ചിതയില്‍ കിടത്തിയ ശേഷം ചെങ്കൊടി പുതച്ച നേതാവിന് പോലീസ് ഔദ്യോഗിക ബഹുമതി അര്‍പ്പിച്ചു.
വഴിയിലുടനീളം പരന്നൊഴുകിയ ആള്‍ക്കടലിലൂടെയായിരുന്നു വി എസിന്റെ അന്ത്യയാത്ര. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും മാത്രമല്ല, അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ലാത്തവര്‍ പോലും വിലാപയാത്രയില്‍ സംബന്ധിക്കാനെത്തി. സ്ത്രീകളും കുട്ടികളും യുവാക്കളും വയോധികരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. കണ്ണേ കരളേ വി എസേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ, ഇല്ല നിങ്ങള്‍ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ എന്നു തുടങ്ങിയുള്ള മുദ്രാവാക്യങ്ങള്‍ വിലാപ യാത്രയിലുടനീളം മുഴങ്ങി. തൊണ്ട പൊട്ടുമാറുച്ചത്തിലാണ് വി എസിനെ അവസാനമായി കാണാനെത്തിയവര്‍ ഹൃദയസ്പര്‍ശിയായ മുദ്രാവാക്യങ്ങള്‍ വിളിച്ചത്. സാധാരണക്കാരനും പതിതനും അശരണര്‍ക്കും പരിസ്ഥിതിക്കുമെല്ലാം വേണ്ടി വി എസ് നടത്തിയ വിട്ടുവീഴ്ചയില്ലാത്തതും ധീരവുമായ പോരാട്ടങ്ങള്‍ക്കുള്ള വലിയ അംഗീകാരമായിരുന്നു വിദൂരങ്ങളില്‍ നിന്നുപോലും തിരയടിച്ചെത്തിയ ജനസമുദ്രം.
22 മണിക്കൂറുകള്‍ പിന്നിട്ടാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് വീട്ടിലേക്കെത്തുന്നത്. ഒരു മണിക്കൂറാണ് വീട്ടിലെ പൊതുദര്‍ശനം നിശ്ചയിച്ചിരുന്നതെങ്കിലും വി എസിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ തിരക്ക് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. തീരുമാനിച്ചതിനേക്കാള്‍ എത്രയോ വൈകിയാണ് വീട്ടില്‍ നിന്ന് മൃതദേഹം പുറത്തെടുക്കാനായത്. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ട മൃതദേഹവും വഹിച്ചുള്ള ബസ് 16 മണിക്കൂര്‍ യാത്രചെയ്താണ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ എത്തിയത്. കനത്ത മഴയെ പോലും വകവെക്കാതെ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഈ നേരമത്രയും പാതയോരങ്ങളില്‍ കാത്തുനിന്നത്.
പലരും നിറഞ്ഞ കണ്ണുകളോടെയാണ് യാത്രാമൊഴിയേകിയത്. ഇന്നലെ രാവിലെ കവടിയാറിലെ വീട്ടില്‍ നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് എത്തിച്ച ഭൗതിക ദേഹം അവിടെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി ഉച്ചക്ക് രണ്ടരയോടെയാണ് വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോയത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി, മുതര്‍ന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, സംസ്ഥാനത്തിന്റെ മന്ത്രിമാര്‍ തുടങ്ങി നിരവധിപേര്‍ അന്ത്യയാത്രക്ക് സാക്ഷികളായി.