Kerala
പനവല്ലിയിലെ കടുവയെ മയക്കുവെടി വെക്കാനുള്ള നടപടികൾ ഇന്ന് തുടങ്ങും
കഴിഞ്ഞ മേയ് മുതലാണ് പ്രദേശത്ത് ഈ കടുവയുടെ ശല്യം തുടങ്ങിയത്.

മാനന്തവാടി | പനവല്ലിയെയും പരിസര പ്രദേശങ്ങളെയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭീതിയിലാക്കിയ കടുവയെ വെടിവെക്കാനുള്ള നടപടികൾ ഇന്ന് രാവിലെ പത്ത് മുതൽ ആരംഭിക്കും. കടുവയെ മയക്കുവെടി വെക്കാൻ പ്രിന്‍സിപ്പല്‍ സി സി എഫും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ഡി ജയപ്രസാദ് കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. കണ്ണൂര്‍ ഉത്തരമേഖലാ സി സി എഫ് കെ എസ് ദീപ നല്‍കിയ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.
അടിയന്തര ഘട്ടത്തില്‍ കടുവയെ വെടിവെക്കാന്‍ നിര്‍ദേശം നല്‍കിയതായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചിരുന്നുവെങ്കിലും മയക്കുവെടി വെക്കാനുള്ള അനുമതി ലഭിക്കാത്തത് വനംവകുപ്പിന് തലവേദന സൃഷ്ടിച്ചിരുന്നു. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പൂർണമായും പാലിച്ച് കൊണ്ടായിരിക്കണം വെടിവെച്ച് പിടികൂടേണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കടുവയെ പിടികൂടിയാൽ മുത്തങ്ങ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്റെ മേല്‍നോട്ടത്തില്‍ ആരോഗ്യസംരക്ഷണം ഉറപ്പാക്കുകയും ഉള്‍വനത്തില്‍ തുറന്നുവിടുകയും വേണം. ഉത്തരമേഖല സി സി എഫ്. കെ എസ് ദീപയുടെ സാന്നിധ്യത്തില്‍ നോര്‍ത്ത് വയനാട് ഡി എഫ് ഒ മാര്‍ട്ടിന്‍ ലോവല്‍ കടുവയെ പിടികൂടുന്ന ഓപറേഷന് നേതൃത്വം നല്‍കും.
പനവല്ലിയില്‍ കടുവയുടെ സാന്നിധ്യം സ്ഥരീകരിച്ചിട്ട് മാസങ്ങളായെങ്കിലും കടുവ അധികം അക്രമകാരിയല്ലാത്തതിനാലാണ് മയക്കുവെടി വെക്കാന്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റി അനുമതി നല്‍കാന്‍ വൈകിയതെന്നാണ് സൂചന. എന്നാല്‍, കഴിഞ്ഞ ദിവസം കടുവ വീടിന്റെ അകത്തു വരെയെത്തിയതോടെയാണ് വനംവകുപ്പ് പ്രശ്നത്തെ ഗൗരവമായി കണ്ടത്. പ്രദേശത്തെ സ്ഥിരം സാന്നിധ്യമായ കടുവ ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന റിപോര്‍ട്ട് വനപാലകര്‍ ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. പ്രശ്നത്തിന് വേഗം തന്നെ പരിഹാരം കണ്ടില്ലെങ്കില്‍ വനപാലകരും പ്രദേശവാസികളുമായി സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗവും റിപോര്‍ട്ട് ചെയ്തതായും പറയപ്പെടുന്നുണ്ട്. പ്രദേശവാസികള്‍ നിരവധി തവണ കടുവയുടെ മുന്നിലകപ്പെട്ടെങ്കിലും കടുവ മനുഷ്യരെ അപായപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ജൂണില്‍ ആദണ്ടയിലെ കാപ്പിത്തോട്ടത്തില്‍ നിന്ന് കൂടുവെച്ച് പിടിച്ച ശേഷം ആഗസ്റ്റ് 11നാണ് പനവല്ലിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പനവല്ലി ഗവ. എല്‍ പി സ്‌കൂളിന് സമീപത്തെ തെങ്ങുമുണ്ടത്തില്‍ സന്തോഷിന്റെ പശുക്കിടാവിനെ കടുവ കൊന്നു. ഇവരുടെ തൊഴുത്തിന് സമീപത്തുവെച്ച ക്യാമറയിലും കടുവയുടെ ചിത്രം വ്യക്തമായി പതിഞ്ഞിരുന്നു. പ്രദേശത്ത് നിരവധി കടുവകളുണ്ടെന്ന് നാട്ടുകാര്‍ പറയുമ്പോഴും തങ്ങള്‍ സ്ഥാപിച്ച ക്യാമറയിലെല്ലാം ഒരേ കടുവയാണ് കുടുങ്ങിയതെന്നാണ് വനംവകുപ്പ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്. അതേസമയം നാല് കടുവകളെ വരെ ഒരുമിച്ച് കണ്ടതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ആദണ്ടയിലെ കൂട്ടിലകപ്പെട്ട എന്‍ ഡബ്ല്യു- അഞ്ച് കടുവ തന്നെയാണ് പനവല്ലിയില്‍ ഭീതി പരത്തുന്നത്. 2016ലെ സെന്‍സസില്‍ തിരുനെല്ലി വനത്തില്‍ ഈ കടുവയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ മേയ് മുതലാണ് പ്രദേശത്ത് ഈ കടുവയുടെ ശല്യം തുടങ്ങിയത്. തുടര്‍ച്ചയായ കടുവ ആക്രമണത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെയാണ് കൂടുവെക്കാന്‍ വനപാലകര്‍ നിര്‍ബന്ധിതരായത്. ഒരു പശുക്കിടാവിനെ കൊന്ന കടുവ വളര്‍ത്തുനായ്ക്കളെയും തെരുവു നായ്ക്കളെയുമാണ് പ്രധാനമായി ആക്രമിച്ചത്. കടുവയെ കൂട്ടിലാക്കാന്‍ മൂന്ന് കൂടുവെച്ച് വനപാലകര്‍ ശ്രമം നടത്തിയിട്ടും കടുവ കൂട്ടിലായില്ല. ഇതിനെ തുടര്‍ന്നാണ് അവസാന ശ്രമമെന്ന നിലയില്‍ മയക്കുവെടി വെക്കാന്‍ ഉത്തരവിറക്കിയത്.