Uae
ദുബൈയിൽ വനിതാ ഡ്രൈവർമാരുടെ എണ്ണം കുതിച്ചുയരുന്നു
2024ൽ 1.05 ലക്ഷം ലൈസൻസുകൾ

ദുബൈ | ദുബൈയിൽ ലൈസൻസ് നേടുന്ന വനിതാ ഡ്രൈവർമാരുടെ എണ്ണം ഗണ്യമായി വർധിക്കുന്നു.2024ൽ ദുബൈയിൽ 1,05,568 വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചപ്പോൾ, പുരുഷന്മാർ 6,903 ലൈസൻസുകൾ മാത്രമാണ് നേടിയത്. എമിറേറ്റിന്റെ സാമൂഹിക – ഗതാഗത മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ കണക്ക്.
യു എ ഇ ആഭ്യന്തര മന്ത്രാലയം ഡാറ്റ അനുസരിച്ച്, 2024ൽ രാജ്യവ്യാപകമായി 3,83,086 പുതിയ ഡ്രൈവിംഗ് ലൈസൻസുകൾ നൽകി. ഇതിൽ 1,61,704 എണ്ണം വനിതകൾക്കും 2,21,382 എണ്ണം പുരുഷന്മാർക്കുമാണ്. അബൂദബിയിൽ 1,47,334 പുതിയ ലൈസൻസുകളിൽ 1,20,363 എണ്ണം പുരുഷന്മാർക്കും 26,971 എണ്ണം വനിതകൾക്കുമാണ്. ഷാർജയിൽ 65,195 ലൈസൻസുകളിൽ 15,653 എണ്ണം വനിതകൾക്കും 49,542 എണ്ണം പുരുഷന്മാർക്കും ലഭിച്ചു.
റോഡ്സേഫ്റ്റി യു എ ഇയുടെ ഡാറ്റ പ്രകാരം, വനിതകൾ റോഡപകടങ്ങളിൽ താരതമ്യേന കുറവാണ് ഉൾപ്പെടുന്നത് എന്നാണ്.സമയ മാനേജ്‌മെന്റ‌്, സീറ്റ് ബെൽറ്റ് ഉപയോഗം, കുറഞ്ഞ മൊബൈൽ ഫോൺ ഉപയോഗം എന്നിവയിലൂടെ വനിതകൾ സുരക്ഷിത ഡ്രൈവിംഗ് ശീലങ്ങൾ പ്രകടിപ്പിക്കുന്നുവെന്നാണ് ഈ ഡാറ്റ പറയുന്നത്. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്നതിലും ആക്രമണോത്സുക ഡ്രൈവിംഗ് ഒഴിവാക്കുന്നതിലും വനിതകൾ മുന്നിലാണ്.