International
മകള്‍ ജനിച്ച് മണിക്കൂറുകള്‍ക്കകം ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തി ഇസ്‌റാഈല്‍
2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 214 ഫലസ്തീന്‍ പത്രപ്രവര്‍ത്തകരെ

ഗസ്സ | മകള്‍ ജനിച്ചതിന്റെ സന്തോഷം അധിക സമയം നീണ്ടുനിന്നില്ല. അധിനിവേശ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകനായ പിതാവിന് ദാരുണാന്ത്യം. അല്‍-റിമല്‍ പരിസരത്ത് നടന്ന ആക്രമണത്തില്‍ പത്രപ്രവര്‍ത്തകനായ യഹിയ സുബൈഹിനെയാണ് കൊലപ്പെടുത്തിയത്. ഗസ്സയില്‍ സാധാരണക്കാര്‍ക്ക് നേരെ ഇസ്‌റാഈല്‍ നടത്തുന്ന കൊടും ക്രൂരത ലോകത്തെ അറിയിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് പതിവാണ്. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യയില്‍ ഇതോടെ പൊലിഞ്ഞത് 214 ഫലസ്തീന്‍ പത്രപ്രവര്‍ത്തകര്‍.
മകള്‍ ജനിച്ച് മണിക്കൂറുകള്‍ക്ക് ശേഷം യഹ്യ സുബൈഹ് കൊല്ലപ്പെട്ടെന്ന് ഗസ്സയിലെ പത്രങ്ങള്‍ സ്ഥിരീകരിച്ചു. ഫലസ്തീന്‍ പോസ്റ്റിന്റെ ലേഖകനായ യഹ്യ, വിവിധ പ്രാദേശിക, അന്തര്‍ദേശീയ മാധ്യമങ്ങളുടെ എഡിറ്ററായും സേവനമനുഷ്ഠിച്ചിരുന്നു. ഒഴിഞ്ഞുപോകാന്‍ ഇസ്രാഈല്‍ ഉത്തരവിട്ട മേഖലയില്‍ വാര്‍ത്ത ശേഖരിക്കുന്നതിനിടെയാണ് യഹ്യ കൊല്ലപ്പെട്ടത്.
തിങ്ങിനിറഞ്ഞ തെരുവില്‍ നടന്ന വ്യോമാക്രമണത്തിലാണ് യഹ്യ കൊല്ലപ്പെട്ടത്. യഹ്യക്ക് പുറമെ സുഹൃത്തും സഹോദരിയുടെ ഭര്‍ത്താവുമായ റാമിയും തത്ക്ഷണം മരണപ്പെട്ടു. മരിക്കുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് കുഞ്ഞ് ജനിച്ചതില്‍ അഭിനന്ദിക്കാന്‍ മുത്തശ്ശി വിളിച്ചിരുന്നു. പക്ഷേ പെട്ടെന്ന് അവന്റെ ശബ്ദം നിശബ്ദമായി. അത് അവന്റെ അവസാനത്തെ വിളിയായിരുന്നെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.’ യഹ്യയുടെ ഉമ്മ പറഞ്ഞു.
‘പെണ്‍കുട്ടിയാണെങ്കില്‍ എന്നോടും ആണ്‍കുട്ടിയാണെങ്കില്‍ യഹ്യയും പേരിടുമെന്ന് യഹ്യ എനിക്ക് വാക്ക് തന്നിരുന്നുവെന്ന് യഹ്യയുടെ ഭാര്യ അമല്‍ പറഞ്ഞതായി ഫലസ്തീന്‍ ക്രോണിക്കിള്‍ റിപോര്‍ട്ട് ചെയ്യുന്നു.
‘ഞാന്‍ കുഞ്ഞിന് സന എന്ന പേര് തിരഞ്ഞെടുത്തപ്പോള്‍ അദ്ദേഹം അത് ഹൃദയത്തില്‍ സൂക്ഷിച്ചു. ആരോടും വെളിപ്പെടുത്താതെ എന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ഞാന്‍ സുരക്ഷിതമായി സുഖം പ്രാപിച്ചാല്‍ മാത്രമേ പ്രഖ്യാപിക്കൂ എന്ന് പറഞ്ഞു. പ്രണയത്തില്‍ സൂക്ഷിച്ചിരുന്ന ഒരു രഹസ്യമാണ് ഇപ്പോള്‍ നിശബ്ദമായി അവശേഷിക്കുന്നത്.’ അമല്‍ കൂട്ടിച്ചേര്‍ത്തു.