Kerala
സ്‌കൂള്‍ സമയമാറ്റം ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ മാത്രം; എതിര്‍പ്പുള്ളവരെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി ശിവന്‍ കുട്ടി
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ഏതെങ്കിലും വിധത്തിലുള്ള ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു
		
      																					
              
              
            തിരുവനന്തപുരം | സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട കോടതി വിധിയിലും വിദ്യാഭ്യാസ അവകാശ നിയമത്തിലും ഇനി ചര്‍ച്ചയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഹൈസ്‌കൂള്‍ ക്ലാസ്സുകളായ എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകള്‍ക്കാണ് സമയമാറ്റം ബാധകമാവുക. എതിര്‍പ്പുള്ള സംഘടനകളെ ഈ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ തയ്യാറാണെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ തന്നെ സി ബി എസ് ഇ, ഐ സി എസ് ഇ സിലബസുകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും അവരുടെ അക്കാദമി നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി പ്രവൃത്തി ദിനസങ്ങള്‍ അടക്കം ഉയര്‍ത്തിയിട്ടുണ്ട്. അക്കാര്യങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ദേശീയ അടിസ്ഥാനത്തില്‍ തന്നെ മാതൃകാപരമായി പോകുന്ന കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ഏതെങ്കിലും വിധത്തിലുള്ള ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു.
വിദ്യാഭ്യാസ കലണ്ടര്‍ 2025-26 മേയ് 31ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ക്ലാസ്സ് ഒന്ന് മുതല്‍ ക്ലാസ്സ് നാല് വരെ 198 പ്രവര്‍ത്തി ദിനങ്ങളായി കൊണ്ടും, ക്ലാസ്സ് അഞ്ച് മുതല്‍ ഏഴ് വരെ 200 പ്രവര്‍ത്തി ദിനങ്ങളായി കൊണ്ടും, ക്ലാസ്സ് എട്ട് മുതല്‍ പത്ത് വരെ 204 പ്രവര്‍ത്തിദിനങ്ങളായി കൊണ്ടുമാണ് 2025-26 അക്കാദമിക് വര്‍ഷത്തെ കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ കലണ്ടര്‍ സംബന്ധിച്ച് ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അത് വ്യക്തമാക്കുന്നതിനാണ് വാര്‍ത്താസമ്മേളനം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. 8, 9, 10 ക്ലാസ്സുകള്‍ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് 9.45ന് പ്രവര്‍ത്തനം തുടങ്ങുകയെന്നും മന്ത്രി വിശദീകരിച്ചു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
