International
അവസാന ഹജ്ജ് സംഘവും മദീനയോട് വിടചൊല്ലി; ഈ വര്‍ഷത്തെ തീര്‍ഥാടന സേവനങ്ങള്‍ അവസാനിച്ചു
ഇന്തോനേഷ്യയില്‍ നിന്നുള്ള 405 തീര്‍ഥാടകര്‍ക്ക് യാത്രയയപ്പ്

മദീന |വിശുദ്ധ ഹജ്ജ് കര്‍മത്തിനായി പുണ്യ ഭൂമിയിലെത്തിയ അവസാന ഹജ്ജ് സംഘം പ്രവാചക നഗരിയായ മദീനയയോട് വിട ചൊല്ലിയതോടെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടന സേവനങ്ങള്‍ അവസാനിച്ചു. മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സഊദി എയര്‍ലൈന്‍സ്, മദീനയിലെ തൈ്വബ എയര്‍പോര്‍ട്‌സ് അതോറിറ്റി, ഹജ്ജ് തീര്‍ഥാടകരെ സേവിക്കുന്ന വിവിധ മന്ത്രലയ- സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് തീര്‍ഥാടകര്‍ക്ക് യാത്രയയപ്പ് നല്‍കി. ഇന്തോനേഷ്യയില്‍ നിന്നുള്ള 405 തീര്‍ഥാടകരാണ് സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രയായത്.
ഹജ്ജ് സീസണില്‍ തീര്‍ഥാടകരെ സേവിക്കുന്നതില്‍ രാജ്യം മികച്ച ശ്രദ്ധയാണ് നല്‍കിവരുന്നതെന്ന് സഊദിയ ഗ്രൗണ്ട് ഓപറേഷന്‍സ് വൈസ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ അബ്ദുള്‍റസാഖ് ബഅക്ദ പറഞ്ഞു. തിരക്കേറിയ സീസണുകളില്‍ പ്രവര്‍ത്തന പ്രക്രിയകള്‍ കൈകാര്യം ചെയ്യുന്നതില്‍ സഊദിയയുടെ അനുഭവവും കൃത്യതയുള്ള വിമാന ഷെഡ്യൂളുകളും വിമാനത്താവളങ്ങളിലെ ഗതാഗതത്തിന്റെ സുഗമമായ ഒഴുക്കും ഉറപ്പാക്കുന്നതില്‍ പ്രധാനപങ്കാണ് വഹിച്ചത്.
ഹജ്ജ് സീസണില്‍ നാല് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെയാണ് പുണ്യഭൂമിയിലെത്തിച്ചത്, ഡിജിറ്റല്‍ സേവന പ്ലാറ്റ്ഫോം, വെബ്സൈറ്റ്, സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുകള്‍ എന്നിവയിലൂടെ ബുക്കിംഗ് നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതുള്‍പ്പെടെയുള്ള സമഗ്രമായ സേവനങ്ങളാണ് സഊദിയ എയര്‍ലൈന്‍സ് ഹജ്ജ് സീസണില്‍ ലഭ്യമാക്കിയത്.