Kerala
കടലിലും തീരത്തും കണ്ടെയ്‌നര്‍ കണ്ടാല്‍ തൊടരുത്; എല്ലാ തീരമേഖലകളിലും ജാഗ്രതാ നിര്‍ദേശം
കപ്പലിലുണ്ടായിരുന്ന 21 പേരെ രക്ഷപ്പെടുത്തി

കൊച്ചി | കൊച്ചിക്ക് സമീപം 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ ചരക്ക് കപ്പല്‍ ചെരിഞ്ഞ് അപകടകരമായ മറൈന്‍ ഓയില്‍ ഗ്യാസ് കണ്ടെയ്‌നറുകള്‍ കടലില്‍ വീണ സംഭവത്തില്‍ അതീവ ജാഗ്രത. സംസ്ഥാനത്തെ എല്ലാ തീരമേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ കണ്ടാല്‍ തൊടരുതെന്നും അടുത്ത പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കണമെന്നുമാണ് നിര്‍ദേശം.
കേരള തീരത്ത് നിന്ന് ഉള്ളിലേക്ക് മാറി അറബിക്കടലിലാണ് കാര്‍ഗോ വീണത്. കോസ്റ്റ് ഗാര്‍ഡാണ് ദുരന്തനിവാരണ അതോറിറ്റിയെ അറിയിച്ചത്. കേരള തീരത്ത് കാര്‍ഗോയും എണ്ണയും അടിയാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങള്‍ ഇതിനടുത്തേക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്. തീരത്ത് എണ്ണപ്പാടയടക്കം ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറില്‍ അറിയിക്കണം.
അതേസമയം, ചെരിഞ്ഞുകൊണ്ടിരിക്കുന്ന കപ്പലില്‍ നാവിക സേന രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. കപ്പലിലുണ്ടായിരുന്ന 24 പേരില്‍ 21 പേരെയും രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചക്ക് വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എം എസ് സി എല്‍സ എന്ന കപ്പലാണ് വൈകിട്ട് അഞ്ചോടെ അപകടത്തില്‍പ്പെട്ടത്. ഇന്ന് രാത്രിയോടെ കൊച്ചിയില്‍ എത്തേണ്ട കപ്പലായിരുന്നു. ഒരു വശത്തേക്ക് ചെരിഞ്ഞുകൊണ്ടിരിക്കുന്ന കപ്പലില്‍ കുടുങ്ങിയവരെ ഡ്രോണുകളും നാവിക സേനയുടെ ഹെലികോപ്റ്ററുകളും എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.. ഒമ്പത് പേര്‍ അപകട സമയത്ത് തന്നെ കടലില്‍ ചാടി രക്ഷപ്പെട്ടിരുന്നു.