Kerala
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധമില്ല; നടന്‍ ജയറാമിന് ക്ലീന്‍ ചിറ്റ് നല്‍കി എസ്‌ഐടി
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ച് ചടങ്ങുകളില്‍ പങ്കെടുപ്പിച്ചുവെന്നാണ് എസ്ഐടി കണ്ടെത്തല്‍.
തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടന്‍ ജയറാമിന് ക്ലീന്‍ചിറ്റ് നല്‍കി പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി). നടന് സ്വര്‍ണക്കൊള്ളയുമായി ബന്ധമില്ല. പ്രതികളുമായി സാമ്പത്തിക ഇടപാടുകളുമില്ല. ഇനി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് എസ്ഐടി നിലപാട്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ച് ചടങ്ങുകളില്‍ പങ്കെടുപ്പിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ജയറാം കുറ്റപത്രത്തില്‍ പ്രധാന സാക്ഷികളില്‍ ഒരാളാകും. കഴിഞ്ഞദിവസം കേസുമായി ബന്ധപ്പെട്ട് എസ്ഐടി ജയറാമിനെ ചോദ്യം ചെയ്തിരുന്നു. ചെന്നൈയിലെ വീട്ടില്‍ വെച്ചാണ് നടനെ എസ്‌ഐടി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കമുള്ളവരുമായുള്ള ബന്ധത്തെക്കുറിച്ച് നടന്‍ വിശദീകരിച്ചിരുന്നു. പോറ്റിയുമായി അടുത്ത ബന്ധമുള്ള എല്ലാവരെയും എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. പോറ്റിയുടെ ആവശ്യപ്രകാരം ദ്വാരപാലക പാളികളും കട്ടിളപ്പാളികളും വെച്ച് പൂജ നടത്തിയപ്പോള്‍ നിര്‍ണായക സാന്നിധ്യമായിരുന്നു നടന്‍ ജയറാം. ഇതാണ് ജയറാമിനെ എസ്ഐടി ചോദ്യം ചെയ്യാനുണ്ടായ കാരണം. ശബരിമലയില്‍ വെച്ചാണ് പോറ്റിയുമായുള്ള ബന്ധമെന്നും. പിന്നീട് നിരവധി തവണ പോറ്റി പൂജകള്‍ക്കായി തന്റെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നും സാമ്പത്തിക ഇടപാടുകളോ മറ്റ് ബന്ധങ്ങളോ പോറ്റിയുമായില്ലെന്നുമായിരുന്നു ജയറാമിന്റെ മൊഴി.

